കൊല്ലം: സ്വകാര്യ വസ്തുവിൽ കൊല്ലം നഗരസഭ അനധികൃതമായി ചെയ്ത കോൺക്രീറ്റിങ് ഒരു മാസത്തിനകം നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമീഷൻ അംഗം വി. ഗീത നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകി. ഉത്തരവ് പാലിച്ച ശേഷം നഗരസഭാ സെക്രട്ടറി തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
തന്റെ വസ്തു അനധികൃതമായി കൈയേറി കോൺക്രീറ്റ് ചെയ്തതിനെതിരെ വാളത്തുംഗൽ കയ്യാലക്കൽ സ്വദേശിനി സുറുമി നവാബ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. നഗരസഭ സെക്രട്ടറി കമീഷനിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ, പരാതിക്കാരിയുടെ കൈവശമുള്ള സ്ഥലത്താണ് നഗരസഭ കോൺക്രീറ്റ് ചെയ്തതെന്ന് അറിയിച്ചു.
പരാതി നിയമപരമായി നിലനിൽക്കുമെന്നതിനാൽ കോൺക്രീറ്റ് നീക്കം ചെയ്യാമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. റിപ്പോർട്ട് കൗൺസിലിൽ സമർപ്പിച്ച് തുടർനടപടി സ്വീകരിക്കാമെന്നും സെക്രട്ടറി പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 27നാണ് സെക്രട്ടറി റിപ്പോർട്ട് നൽകിയത്.
എന്നാൽ, ജൂൺ 28 ന് കമീഷൻ കൊല്ലം ഗവ. ഗസ്റ്റ് ഹൗസിൽ ഹാജരായ പരാതിക്കാരി നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അറിയിച്ചു. തുടർന്നാണ് ഒരു മാസത്തിനകം കോൺക്രീറ്റിങ് നീക്കാൻ കമീഷൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.