കുളത്തൂപ്പുഴയാറില്‍ കണ്ടെത്തിയ കടുവയുടെ ജഡം
കുളത്തൂപ്പുഴ: നെടുവന്നൂര്‍ക്കടവ് പൂമ്പാറക്ക് സമീപം കുളത്തൂപ്പുഴയാറില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് നാലോടെ പുഴയില്‍ കുളിക്കാനെത്തിയ പരിസരവാസികളാണ് കടുവയുടെ ജഡം കണ്ടെത്തി വനപാലകരെ അറിയിച്ചത്. ദിവസങ്ങൾക്ക് മുമ്പ് കുളത്തൂപ്പുഴ അയ്യന്‍പിള്ള വളവിലും പതിനാറേക്കറിലും കടുവയെ കണ്ടതായി നാട്ടുകാര്‍ക്കിടയില്‍ അഭ്യൂഹം പടർന്നിരുന്നു. വനപാലക സംഘം പ്രദേശമാകെ തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.
കടുവയുടെ കാല്പാടുകളോ, മൃഗങ്ങളെ നഷ്ടമായതായുള്ള വിവരങ്ങളോ കിട്ടാത്തതിനാല്‍ നാലു ദിവസത്തിനു ശേഷം തെരച്ചില്‍ നിർത്തി. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ അഞ്ചല്‍, തെന്മല വനം റേഞ്ചുകളുടെ അതിര്‍ത്തി പ്രദേശമായ പുഴയില്‍ കടുവയുടെ ജഡം കണ്ടെത്തിയത്. ശെന്തുരുണി വന്യജീവി സങ്കേതത്തില്‍ നിന്നുമെത്തിയ കടുവയാകാമെന്നും ഏതെങ്കിലും വിധത്തിലുള്ള അവശതയോ രോഗമോ ബാധിച്ചതാകാമെന്നുമാണ് നാട്ടുകാരുടെ നിഗമനം. അഞ്ചല്‍ റേഞ്ച് വനപാലക സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ജഡം കരയിലേക്കെത്തിച്ചു.
സന്ധ്യയായതിനാല്‍ പോസ്റ്റുമോര്‍ട്ടം നടപടി അടുത്ത ദിവസം മാത്രമേ നടത്താന്‍ കഴിയുകയുള്ളൂവെന്ന് മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വനപാലക സംഘവും നാട്ടുകാരും പ്രദേശത്ത് തുടരുന്നുണ്ട്. നാലര പതിറ്റാണ്ടിനു ശേഷം വീണ്ടും കുളത്തൂപ്പുഴയിലെ ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്തിയത് പ്രദേശവാസികള്‍ക്കിടയില്‍ ഭീതി ഉളവാക്കിയിട്ടുണ്ട്.
എഴുപതുകളില്‍ തിങ്കള്‍ക്കരിക്കം പച്ചയില്‍ക്കട പ്രദേശത്തെ വനത്തില്‍ കണ്ടെത്തിയ കടുവയെ ആനന്ദവിലാസം ബംഗ്ലാവിന്റെ സമീപത്തുവച്ച് പ്രദേശവാസിയായ യുവാവ് വെടിവച്ച് കൊന്ന ചരിത്രം ഏറെ വൈകാരികതയോടെയാണ് അന്നത്തെ തലമുറ ഇപ്പോഴും പറയുന്നത്. ജനസാന്ദ്രത കൂടിയ പ്രദേശത്ത് വീണ്ടും കടുവയെ കണ്ടെത്തിയത് കിഴക്കന്‍ വനത്തില്‍ ഇപ്പോഴും കടുവകളുടെ സാന്നിധ്യം തുടരുന്നുവെന്ന ഭീതി പടര്‍ത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.