ഹനീഫ (അത്തപ്പ )
മുണ്ടക്കയം: മുണ്ടക്കയത്തെ വ്യാപാര സ്ഥാപനത്തിലെ സഹായി ‘അത്തപ്പ’ യാത്രയായി. പനയ്ക്കച്ചിറ പുതുപ്പറമ്പില്‍ ഹനീഫയാണ് (അത്തപ്പ-65) നല്ല ഓര്‍മകള്‍ ബാക്കിയാക്കി നാടിനോട് വിടചൊല്ലിയത്. കോരുത്തോട് പഞ്ചായത്തിലെ പനക്കച്ചിറയിലാണ് വീടെങ്കിലും അത്തപ്പ രാവിലെ എട്ടിന് മുമ്പേ മുണ്ടക്കയം പട്ടണത്തിലെത്തും. ഒരു വ്യാപാരസ്ഥാപനത്തിലെയും ജീവനക്കാരനല്ലെങ്കിലും അത്തപ്പ വ്യാപാരികളുടെ അടുത്തയാളാണ്.
മുറുക്കാന്‍ കട മുതല്‍ സ്വര്‍ണക്കട വരെയുള്ള സ്ഥാപനങ്ങളില്‍ സഹായിയായിരുന്നു അദ്ദേഹം. കടകളിൽ നിന്ന് ഒഴിവാക്കുന്ന കടലാസുകളും, കാർഡ്ബോഡുകളും മറ്റുസാധനങ്ങളും ശേഖരിക്കുകയെന്നതാണ് പ്രധാന ജോലി. ശേഖരിക്കുന്നവ അതാത് ദിവസങ്ങളില്‍ ആക്രി കടകളിലെത്തിക്കും. അടുപ്പമുള്ളവരെ കണ്ടാല്‍ അവര്‍ക്കായി ദൈവത്തോട് പ്രാര്ത്ഥിച്ചായിരിക്കും അത്തപ്പ സംസാരം തുടങ്ങുക. ജാതിമത വ്യത്യാസമില്ലാതെ പ്രിയപ്പെട്ടവനായിരുന്നു ഹനീഫ എന്ന അത്തപ്പ. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലാണങ്കിലും മറ്റുള്ളവരെ സഹായിക്കുന്നതിലും അത്തപ്പ സമയം കണ്ടെത്തിയിരുന്നു.
രണ്ടുദിവസം മുമ്പ് വരെ ടൗണില്‍ സജീവമായിരുന്ന അത്തപ്പ പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളജില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു മരണം. മുണ്ടക്കയം വരിക്കാനി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്ന ഖബറടക്കത്തിനും മയ്യത്ത് നമസ്കാരത്തിനും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.