പൂവഞ്ചി വാർഡിൽ 2021ലെ ഉരുൾ പൊട്ടലിൽ തകർന്ന പ്രദേശം (ഫയൽ ചിത്രം)
മുണ്ടക്കയം: 2021ലെ ശക്തമായ ഉരുള്‍പൊട്ടലുണ്ടായ പൂവഞ്ചി വാര്‍ഡില്‍ നിലവിലുളള രണ്ടു പാറമടകള്‍ കൂടാതെ മറ്റൊരു പാറമടക്കുകൂടി അനുമതി നല്കാൻ നീക്കം. ഇത് സംബന്ധിച്ച അപേക്ഷയിൽ രേഖകള്‍ തയാറാക്കി അനുമതി നല്കാന് അധികാരികള്‍ നെട്ടോട്ടത്തിലാണെന്ന് ആക്ഷേപമുയരുന്നു. പ്രളയത്തില്‍ ഇതേ വാര്‍ഡിലാണ് ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതും പിഞ്ചുകുട്ടിയടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടതും. നിരവധി വീടുകള്‍ ഇപ്പോഴും അപകട ഭീഷണിയിലായിരിക്കെയാണ് ഇവിടെ പാറമട അനുവദിക്കാന്‍ നീക്കം ആരംഭിച്ചത്.
പൂവഞ്ചിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് പാറമട അനവദിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ല അധികാരികളെ സമീപിച്ചത്. ഇത് സംബന്ധിച്ച് കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി അറിയുന്നു. ഇതിനായി കഴിഞ്ഞ ദിവസം പൊലീസ് അന്വേഷണം നടത്തി പരിസരവാസികളില്‍നിന്ന് അഭിപ്രായങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. മേഖലയില്‍ നിലവില്‍ രണ്ട് പാറമടകള്‍ക്ക് അനുമതിയുണ്ടെങ്കിലും നിയപരമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതില്‍ ഒരു പാറമട അധികാരികളുടെ മൗനാനുവാദത്തില്‍ പ്രവര്‍ത്തനം സജീവമാണിപ്പോഴും. ഇതുകൂടാതെ അനുമതിയില്ലാതെ മറ്റൊരു സ്വകാര്യ വ്യക്തി മേഖലയില്‍ പാറപ്പൊട്ടിച്ച് കല്ലു കച്ചവടം നടത്തുന്നുണ്ട്.
പ്രകൃതിലോല പ്രദേശ പട്ടികയിലുളള ഇവിടെ പാറമടകള്‍ പ്രവർത്തിക്കുന്നത് നാടിനെ ദോഷകരമായി ബാധിച്ചിരുന്നു. ഇതിനിടയാണ് അനധികൃത പാറമടയുടെ പ്രവര്‍ത്തനവും പുതിയ പാറമടകൾക്ക് നീക്കവും ആരംഭിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.