മുണ്ടക്കയം: സ്കൂട്ടറുകളും വീട്ടുപകരണങ്ങളുമടക്കം ഇഷ്ടമുള്ളതെല്ലാം പാതിവിലയ്ക്ക് നൽകാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിന്റെ കേസ് എങ്ങുമെത്തിയില്ല. കേരളത്തിലെമ്പാടും നടത്തിയ തട്ടിപ്പിലെ പ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണൻ ജയിലിലായെങ്കിലും നഷ്ടപ്പെട്ട പണത്തെക്കുറിച്ച് ഉത്തരമില്ലാത്ത അവസ്ഥയിലാണ് ഇരകളായവർ.
ജില്ലയുടെ മലയോര മേഖലയിൽ മാത്രം ആയിരത്തിലേറെ പേർക്കാണ് പണം നഷ്ടമായത്. സംഭവം തട്ടിപ്പാണെന്നറിഞ്ഞപ്പോൾ പരാതിയുമായി നൂറുകണക്കിനാളുകൾ പൊലീസ് സ്റ്റേഷനുകളിൽ എത്തിയെങ്കിലും പിന്നീട് എന്തായി എന്നുപോലും ആർക്കുമറിയില്ല.
തയ്യല്മെഷീന് മുതല്‍ സ്കൂട്ടർ വരെ നല്‍കാമെന്ന് പറഞ്ഞ് കുടുംബശ്രീ കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പില്‍ കോടിക്കണക്കിന് രൂപയാണ് പലരില്‍ നിന്ന് നഷ്ടപ്പെട്ടത്. സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും തട്ടിപ്പിൽ കുരുക്കി.
ലാപ്ടോപ്പ് അടക്കമുളള സാധനങ്ങള്‍ ആദ്യഘട്ടം കൃത്യമായി വിതരണം ചെയ്തതിനാല്‍ സര്‍ക്കാര്‍ ഉദ്യാഗസ്ഥരും തട്ടിപ്പിന് ഇരയായി. ഗൃഹോപകരണങ്ങള്‍ അടക്കമുളള സാധനങ്ങള്‍ പാതിവിലക്ക് കിട്ടുമെന്ന പ്രതീക്ഷയില്‍ താലിമാല പണയംവെച്ചുവരെ ആളുകള്‍ പണം അടച്ച് കാത്തിരിപ്പ് തുടർന്നു.
നടക്കാതെ വന്നതോടെ പഞ്ചായത്ത് ഓഫിസില്‍ കയറിയിറങ്ങിയപ്പോഴാണ് തട്ടിപ്പാണെന്ന് പലര്‍ക്കും മനസ്സിലായത്. ഓരോ പൊലീസ് സ്റ്റേഷനിലും പരാതി പ്രളയമായിരുന്നു അന്നുണ്ടായത്. ആദ്യ ഘട്ടം വിശ്വസ്തതക്കായി ലാപ്ടോപ്പ് അടക്കമുളള സാധനങ്ങള്‍ വിതരണം ചെയ്തത് എം.എല്‍.എമാരെയും എം.പിമാരെയുമൊക്കെ പങ്കെടുപ്പിച്ച് വലിയ പരിപാടികൾ നടത്തിയായിരുന്നു.
മുണ്ടക്കയം, പാറത്തോട്, കൊക്കയാര്‍, കൂട്ടിക്കല്‍, കോരുത്തോട്, പെരുവന്താനം പഞ്ചായത്തുകളിലായി വിവിധ സ്റ്റേഷനുകളില്‍ നൂറുകണക്കിന് പരാതികളാണ് രജിസ്റ്റർ ചെയ്തത്. കുടുംബശ്രീ പ്രവര്‍ത്തകരും വനിത ജനപ്രതിനിധികളും പലയിടങ്ങളിലും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു. പലരും മുന്‍കൂര്‍ ജാമ്യം നേടിയെങ്കിലും പിന്നീട് കേസുകള്‍ എവിടെയോ നിലച്ചു. പണം പോയവർ വെട്ടിലായതോടെ നിരവധി പ്രശ്നങ്ങളാണ് ഉണ്ടായത്.
പ്രോഗ്രാമിന്റെ കോഓഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്ന പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ പേരില്‍ നൂറുകണക്കിന് കേസുകളാണ് ഉണ്ടായത്. സ്കൂട്ടര്‍ അടക്കമുളള സാധനങ്ങള്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയവരുടെ വീടുകളില്‍ എത്തി ഉപഭോക്താക്കള്‍ ബഹളം വെക്കുന്നത് ഇപ്പോഴും പലയിടങ്ങളിലും തുടരുന്നു. വീട്ടമ്മമാര്‍, ജനപ്രതിനിധികള്‍, പൊലീസുകാർ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ എന്നിവരടക്കം നിരവധി പേര്‍ക്കാണ് മേഖലയില്‍ പണം നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.