ചങ്ങനാശ്ശേരി: ഊർജസംഭരണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന കണ്ടുപിടുത്തത്തിന് ചങ്ങനാശ്ശേരി എസ്.ബി കോളജിന് ഇന്ത്യൻ പേറ്റന്റ്.കോളജ് ഭൗതികശാസ്ത്ര വിഭാഗത്തിലെ അധ്യാപകരായ ഡോ. എം.മനുജ, ഡോ. ജിജോ ജോസ് എന്നിവർ ചേർന്ന് വികസിപ്പിച്ച റീചാർജ് ചെയ്യാവുന്ന മഗ്നീഷ്യം അയൺ കൊയിൻ സെൽ സാങ്കേതികവിദ്യക്കാണ് പേറ്റന്റ് ലഭിച്ചത്.
നിലവിൽ റീചാർജ് ചെയ്യാവുന്ന ബാറ്ററികളുടെ ലോകം അടക്കിവാഴുന്ന ലിഥിയം അധിഷ്ഠിത ബാറ്ററികൾക്ക് ബദലായി കൂടുതൽ സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യയാണ് ഈ അധ്യാപകർ മുന്നോട്ടുവെക്കുന്നത്. എസ്.ബി കോളജിന്റെ പേരിൽ ആദ്യമായാണ് കണ്ടുപിടുത്തത്തിന് പേറ്റന്റ് ലഭിക്കുന്നത്. നിലവിലെ ലിഥിയം ബാറ്ററികളെ അപേക്ഷിച്ച് മഗ്നീഷ്യം വിലകുറഞ്ഞതും സുലഭവുമാണ്.
തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ സാധ്യത കുറവായതിനാൽ ഇവ കൂടുതൽ സുരക്ഷിതവുമാണ്. കുറഞ്ഞസ്ഥലത്ത് കൂടുതൽ ഊർജം സംഭരിക്കാൻ മഗ്നീഷ്യത്തിന് സാധിക്കുമെന്നതും ഈ സാങ്കേതികവിദ്യയുടെ പ്രാധാന്യം വർധിപ്പിക്കുന്നു.മഗ്നീഷ്യം ബാറ്ററികളുടെ പ്രധാന വെല്ലുവിളി അനുയോജ്യമായ ഒരു കാഥോഡിന്റെ (പോസിറ്റീവ് ഇലക്ട്രോഡ്) അഭാവമായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരമായി പീസോ-ഇലക്ട്രിക് സ്വഭാവമുള്ള ഒരു പുതിയ കാഥോഡ് ഇവർ വികസിപ്പിച്ചു. ഇതിനൊപ്പം പീസോ-ഇലക്ട്രിക് ഗുണങ്ങളുള്ള ഒരു പോളിമർ ഇലക്ട്രോലൈറ്റ് കൂടി ചേർത്തതോടെ ബാറ്ററിയുടെ പ്രകടനം ഗണ്യമായി മെച്ചപ്പെട്ടു.
പേറ്റന്റ് ലഭിച്ചതിലെ വേഗമാണ് ഈ കണ്ടുപിടിത്തത്തിന്റെ മറ്റൊരു സ വിശേഷത. അപേക്ഷനൽകി വെറും എട്ടുമാസത്തിനുള്ളിൽ പേറ്റന്റ് ലഭിച്ചത് കണ്ടുപിടിത്തത്തിന്റെ പ്രാധാന്യവും അപേക്ഷയുടെ കൃത്യതയും എടുത്തുകാണിക്കുന്നു. പേറ്റന്റ് അറ്റോണിമാരായ ഡോ. കെ.ടി.വർഗീസ്, ഡോ. ജേക്കബ് ജോർജ് എന്നിവരാണ് അപേക്ഷ സമർപ്പിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
ഈ നേട്ടം കോളജിന്റെ ഗവേഷണമികവിനും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള പ്രതിബദ്ധതക്കും ലഭിച്ച അംഗീകാരമാണെന്ന് കോളജ് വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസ് മുല്ലക്കരി, ഡോ.സിബി ജോസഫ്, ഡോ.കെ.വി.ജോമോൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.