ബിനേഷ് ആശുപത്രിയിൽ രക്തദാനം നടത്തിയപ്പോൾ
പൊൻകുന്നം: രക്തദാനത്തിന്റെ മഹദ് സന്ദേശവുമായി ഓട്ടോ ഡ്രൈവർ. രക്തദാനത്തിലൂടെ വിലയേറിയ ജീവൻ രക്ഷിക്കാമെന്നും രക്തദാതാവിന് ആരോഗ്യകരമായ ജീവിതം നിലനിർത്താൻ കഴിയുമെന്നുമുള്ള സന്ദേശം സമൂഹത്തിന് പകർന്നു നൽകുകയാണ് ബിനേഷ് ചെറുവള്ളി. 18ാം വയസിൽ ആദ്യമായി രക്തദാനം നടത്തിയ പൊതുപ്രവർത്തകൻ കൂടിയായ ചെറുവള്ളി കാവുംഭാഗം പാലക്കൽ വീട്ടിൽ ടി.ആർ. ബിനേഷ് 25 വർഷത്തിനിടെ 75 തവണയാണ് രക്തദാനം നടത്തിയത്.
ഏപ്രിൽ 30ന് കോട്ടയം മെഡിക്കൽ കോളജിൽ ആയിരുന്നു 75ാം രക്തദാനം. ബ്ലഡ് ഡൊണേഷൻ ചെറുവള്ളി എന്ന പേരിൽ രക്തദാതാക്കളുടെ വാട്ട്സ് ആപ്പ് കൂട്ടായ്മ രൂപവത്കരിച്ചിട്ടുണ്ട്. 230 അംഗ കൂട്ടായ്മയുടെ അഡ്മിൻ കൂടിയാണ് ബിനേഷ്. ജീവൻ രക്ഷിക്കുകയാണ് ഏറ്റവും വലിയ സാമൂഹിക സേവനം എന്ന ചിന്തയാണ് കൂട്ടായ്മക്ക് പിന്നിലെന്ന് അദ്ദേഹം പറയുന്നു.
കോവിഡ് കാലത്ത് ചിറക്കടവ് പഞ്ചായത്തിൽ ഏതു സമയത്തും ആളുകളെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോയുമായി ബിനീഷ് ഉണ്ടായിരുന്നു. 2021ലെ മികച്ച പൊതു പ്രവർത്തകനുള്ള പ്രഥമ ജവഹർ പുരസ്കാരം ബിനേഷിനായിരുന്നു. രക്തദാന പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ചെറുവള്ളി റെഡ് ചാരിറ്റബിൾ സൊസൈറ്റി, സേവാദൾ തുടങ്ങി ഒട്ടേറെ സംഘടനകൾ ആദരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ആർ.സി.സി, കൊച്ചി അമൃത, കോട്ടയം മെഡിക്കൽ കോളജ്, ആസ്റ്റർ മെഡിസിറ്റി എന്നിവിടങ്ങളിലും ജില്ലയിലെ വിവിധ ആശുപത്രികളിലും രക്തം നൽകിയിട്ടുണ്ട്. ഒരിക്കൽ രാത്രി മെഡിക്കൽ കോളജിൽ ഓട്ടം പോയപ്പോൾ പ്രായമായ അമ്മ അത്യാഹിത വിഭാഗത്തിന് മുന്നിൽ നിന്നു കരയുന്നത് കണ്ടു.
കാര്യം തിരക്കിയപ്പോൾ പ്രസവചികിത്സയിലുള്ള മകളെ രക്തസ്രാവത്തെതുടർന്ന് ഇവിടെ എത്തിച്ചുവെന്നും ഉടൻ രക്തം ആവശ്യമാണെന്നും പറഞ്ഞു. രോഗിയുടെ രക്ത ഗ്രൂപ്പും തന്റെ രക്ത ഗ്രൂപ്പും ഒന്നാണെന്ന് മനസ്സിലാക്കിയ ബിനേഷ് യാത്രക്കാരെ ഓട്ടോയിലിരുത്തിയ ശേഷം ഉടൻ രക്തം നൽകി.
കൈയിലിരുന്ന ഒരുപിടി നോട്ടുകൾ അമ്മ സന്തോഷത്തോടെ വാരി കൊടുത്തെങ്കിലും ബിനേഷ് വാങ്ങിയില്ല. കോൺഗ്രസ് ചിറക്കടവ് മണ്ഡലം സെക്രട്ടറിയും സേവാദൾ നിയോജക മണ്ഡലം ചെയർമാനുമാണ്. ഭാര്യ: സുനിത. മക്കൾ: അഭിജിത്, അഭിമന്യു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.