കോഴിക്കോട്: അമ്മമാർ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങൾക്ക് അമ്മമടിത്തട്ടൊരുക്കി കോഴിക്കോട്ടും അമ്മത്തൊട്ടിൽ തുറന്നു. ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ ഏഴാമത്തെയും അമ്മത്തൊട്ടിലാണ് ബീച്ച് ആശുപത്രി വളപ്പിൽ ഞായറാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. 1,000 ചതുരശ്ര അടി വിസ്തീർണത്തിൽ 32 ലക്ഷം രൂപ ചെലവിലാണ് അമ്മത്തൊട്ടിൽ നിർമിച്ചത്. സംസ്ഥാനത്ത് പിറന്നുവീണ ഉടൻ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതും തെരുവുകളിൽ ഉപേക്ഷിക്കപ്പെടുന്നതും ഒഴിവാക്കി അവർക്ക് സുരക്ഷിത താവളമൊരുക്കാനാണ് അമ്മത്തൊട്ടിൽ വിഭാവനം ചെയ്തിരിക്കുന്നത്.
ഇതുവരെ 1049 കുട്ടികൾ
ഈ വർഷം 13 കുട്ടികൾ ഉൾപ്പെടെ സംസ്ഥാനത്ത് 1,049 കുട്ടികളെയാണ് ഇതുവരെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് ഏഴു ദിവസം പ്രായമായ പെൺകുഞ്ഞിനെ ലഭിച്ചിട്ടുണ്ട്. സ്വതന്ത്രയെന്നാണ് കുഞ്ഞിനു പേരിട്ടതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പറഞ്ഞു.
സ്വകാര്യത സൂക്ഷിക്കും
കുട്ടിയെ കൊണ്ടുവരുന്നവരുടെ സ്വകാര്യത സംരക്ഷിക്കുന്ന തരത്തിലാണ് അമ്മത്തൊട്ടിൽ വിഭാവനം ചെയ്തത്. കുട്ടികളുമായെത്തുന്നവർ ആദ്യം അമ്മത്തൊട്ടിലിൽ വാതിലിനു സമീപത്തെ ബട്ടൺ അമർത്തണം. അകത്തു കടന്ന ഉടനെ സെൻസർ ഉപയോഗിച്ച് ശീതീകരണ സംവിധാനം പ്രവർത്തിക്കും. കുട്ടിയെ തൊട്ടിലിൽ വെച്ചാലുടൻ അതിനകത്തുള്ള ടി.വിയിൽനിന്ന് ആവശ്യമായ നിർദേശം ലഭിക്കും. അമ്മ പുറത്തിറങ്ങുന്ന സമയത്ത് വാതിൽ ലോക്കാവും. തത്സമയം ആശുപത്രി സൂപ്രണ്ടടക്കം ആറുപേർക്ക് മൊബൈൽ ആപ്ലിക്കേഷൻ വഴി അലാറം മുഴങ്ങും. ഈ സമയം അമ്മത്തൊട്ടിലിന് അകത്തെ കാമറയിലെ സെൻസർ പ്രവർത്തിച്ച് കുട്ടിയുടെ ചലനങ്ങൾ അറിയാനാകും. പിന്നീട് ആശുപത്രിയിൽനിന്ന് മെഡിക്കൽ ടീമെത്തി ഡിജിറ്റൽ കാർഡ് ഉപയോഗിച്ച് വാതിൽ തുറന്ന് കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റും. ശിശുക്ഷേമ വകുപ്പ് കുട്ടിയെ ഏറ്റെടുക്കും.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. അമ്മത്തൊട്ടിൽ രൂപകൽപന ചെയ്ത തോട്ട്ഫുൾ നേറ്റിവ് ആർക്കിടെക്ടിനുള്ള ഉപഹാരം പ്രിൻസിപ്പൽ ആർക്കിടെക്ട് തൗഫിൽ സലീമിന് മന്ത്രി സമ്മാനിച്ചു. മുൻ എം.എൽ.എ എ. പ്രദീപ് കുമാർ, വനിത ശിശുവികസന വകുപ്പ് ഓഫിസർ സബീന ബീഗം, കൗൺസിലർ കെ. റംലത്ത്, മരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ എൻ. ശ്രീജയൻ, പി. ഉമൈബ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി, ജോയന്റ് സെക്രട്ടറി മീരാദർശക്, വൈസ് പ്രസിഡന്റ് പി. സുമേശൻ, എം.കെ. പശുപതി, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പി. അബ്ദുൽ നാസർ, ആശുപത്രി സൂപ്രണ്ട് ഡോ. സി.കെ. ജീവൻലാൽ, വി. സുന്ദരൻ, പി. ശ്രീദേവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.