വടകര പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകുന്നു
വടകര: യാത്രക്കാരായ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ഓട്ടോ ഡ്രൈവറുടെ ശ്രമം. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ പ്രതി പൊലീസിനെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവർ പാനൂർ ചമ്പാട് സ്വദേശി പറമ്പത്ത് സജീഷ് കുമാറാണ് (40) വടകര പൊലീസ് സ്റ്റേഷനിലെ എസ്.ഐ രഞ്ജിത്ത്, എ.എസ്.ഐ ഗണേശൻ എന്നിവരെ ആക്രമിച്ച് പരിക്കേൽപിച്ചത്.
വില്യാപ്പള്ളി സ്വദേശിനിയായ യുവതിയെയും മൂന്നു വയസ്സുള്ള പെൺകുട്ടിയെയുമാണ് ബുധനാഴ്ച ഉച്ചയോടെ ഓട്ടോ ഡ്രൈവറായ സജീഷ് കുമാർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വില്യാപ്പള്ളിയിൽനിന്നാണ് യുവതിയും പെൺകുട്ടിയും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പോകാനായി ഓട്ടോയിൽ കയറിയത്.
വടകര ഭാഗത്തേക്ക് പോവാതെ അപരിചിതമായ റൂട്ടുകളിലൂടെ ഓട്ടോ ഓടിച്ചുപോവുകയായിരുന്നു. തുടർന്ന് യുവതി ബഹളംവെച്ചതോടെ ആയഞ്ചേരിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. പൊലീസിൽ ലഭിച്ച പരാതിയിൽ ഓട്ടോറിക്ഷ നമ്പർ മനസ്സിലാക്കി നടത്തിയ അന്വേഷണത്തിൽ പൊലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു.
ബുധനാഴ്ച രാത്രിതന്നെ സജേഷ് കുമാറിനെ അന്വേഷിച്ച് വടകര പൊലീസ് ഇയാളുടെ പാനൂരിലെ വീട്ടിലെത്തി. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവെ പ്രതി പൊലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ എസ്.ഐ രഞ്ജിത്തിന് കണ്ണിന് പരിക്കേറ്റു. എ.എസ്.ഐ ഗണേശന്റെ കൈയിൽ കടിച്ചു പരിക്കേൽപിക്കുകയും ചെയ്തു. പ്രതിയെ ഏറെ നേരത്തെ ശ്രമത്തിനിടെ പൊലീസ് വീട്ടിൽനിന്ന് പിടികൂടി.
പരിക്കേറ്റ പൊലീസുകാർ വടകര ഗവ. ജില്ല ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വടകര സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഓട്ടോയുമായി ചെമ്മരത്തൂരിൽ ഒരു സുഹൃത്തിനെ കാണാനായി പോയതാണെന്നാണ് പ്രതി പൊലീസിന് മൊഴി നൽകിയത്.
യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചതിനും പൊലീസുകാരെ ആക്രമിച്ചതിനുമാണ് പ്രതിക്കെതിരെ കേസെടുത്തത്. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.