കടലിൽ കാണാതായ ആളെ കണ്ടെത്താൻ തീരദേശ പൊലീസ് പരിശോധന നടത്തുന്നു
വടകര: വടകര തീരദേശത്ത് നാല് വർഷത്തിനിടെ കടലിൽ പൊലിഞ്ഞത് 26 ജീവനുകൾ. വർഷങ്ങളായി തീരദേശത്തെ അപകടങ്ങൾക്ക് മുന്നിൽ രക്ഷാ സംവിധാനങ്ങളില്ലാതെ പകച്ച് നിൽക്കുകയാണ് തീരദേശവാസികൾ. ഷാഫി പറമ്പിൽ എം.പി രക്ഷാ ബോട്ടിന് 60 ലക്ഷം രൂപ അനുവദിച്ചിരുന്നു. ബോട്ടിന്റെ ഇന്ധന ചെലവിനും അറ്റകുറ്റപണിക്കുമായി വർഷം തോറും 14 ലക്ഷം രൂപ അനുവദിക്കാനുള്ള നടപടി നഗരസഭയും ആരംഭിച്ചിട്ടുണ്ട്.
നഗരസഭയുടെയും എം.പി.യുടെയും സംയുക്ത ഇടപെടലിന് ആക്കം കൂട്ടിയാൽ രക്ഷാ ബോട്ട് യാഥാർഥ്യമാവും.ബോട്ടിൽ തദ്ദേശീയരായ മത്സ്യബന്ധന തൊഴിലാളികളെ പരിശീലനം നൽകി നിയമിക്കേണ്ടതുണ്ട്. ഗോവ ആസ്ഥാനമായ പരിശീലന കേന്ദ്രത്തിൽ ഒരു മാസത്തെ പരിശീലനമടക്കം നൽകി വേണം ഇവരെ രക്ഷാപ്രവർത്തനത്തിന് പ്രാപ്തമാക്കാൻ. ഇതു സംബന്ധിച്ച പ്രവർത്തനങ്ങൾക്ക് നഗരസഭ തുടക്കം കുറിച്ചതായാണ് വിവരം.
ചോമ്പാല മുതൽ അഴിത്തല വരെയുള്ള ഭാഗങ്ങളിലാണ് കടലിൽ അപകട മരണം കൂടുതലായും നടക്കുന്നത്. അപകടങ്ങൾ നടക്കുമ്പോൾ രക്ഷ സംവിധാനങ്ങളുടെ ആവശ്യകത ചർച്ചമാകുമെങ്കിലും പിന്നീടത് മറക്കും. ബുധനാഴ്ച തോണി മറിഞ്ഞ് സുബൈട്ട അഴിത്തലയിൽ നേരത്തെയും നിരവധി ജീവൻ പൊലിഞ്ഞിരുന്നു. തീരദേശ പൊലീസിന്റെ പെട്രോളിങ് ബോട്ടാണ് തീര ജനതയുടെ പ്രതീക്ഷ. അപകടം നടക്കുമ്പോൾ ഈ ബോട്ടിന് തിരച്ചിൽ നടത്താൻ പരിമിതികൾ ഏറെയുണ്ട്.
ബേപ്പൂരിൽ നിന്നുള്ള ഫിഷറീസിന്റെ റസ്ക്യൂ ബോട്ടും ചോമ്പാലയിൽ നിന്നുള്ള ഫൈബർ ബോട്ടും തീര സംരക്ഷണ സേനയുടെ ബോട്ടുമാണ് സാന്റ് ബാങ്ക്സിൽ ബുധനാഴ്ച കടലിൽ പരിശോധന നടത്തിയത്. ഇവർക്കൊപ്പം മത്സ്യ തൊഴിലാളികളും രംഗത്തിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.