പട്ടയം ലഭിച്ച മുതലമട ചുടുകാട്ടുവാര കോളനിവാസികളുടെ ഓലക്കുടിലുകൾ
കൊല്ലങ്കോട്: രണ്ടര പതിറ്റാണ്ടിന്റെ ദുരിതം നീങ്ങി ചുടുകാട്ടുവാര സങ്കേതവാസികൾക്ക് പട്ടയം ലഭിച്ചു. മുതലമട പഞ്ചായത്തിൽ മേച്ചിറക്കടുത്ത ചുള്ളിയാർ കനാലിനരികിൽ രണ്ടര ഏക്കർ ഭൂമിയിൽ വസിച്ചുവന്ന ചുടുകാട്ടുവാര സങ്കേതത്തിലാണ് അടിസ്ഥാന സൗകര്യം ഇല്ലാതെ 23 കുടുംബങ്ങൾക്കാണ് സർക്കാർ പട്ടയം അനുവദിച്ചത്.
ജില്ല കലക്ടറുടെ ഇടപെടലും റവന്യൂ-പഞ്ചായത്ത് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗം എന്നിവരുടെ പരിശ്രമത്തിലാണ് പരിഹാരം ഉണ്ടായത്. ആദിവാസികൾ ഉൾപ്പെടെ 28 കുടുംബങ്ങൾ വസിച്ചുവന്ന സങ്കേതത്തിൽ പട്ടയം, ഭവനം ഉൾപ്പെടെ അടിസ്ഥാന ആ വശ്യങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്ക മുണ്ട്. ഭൂമി, ഭവനം, വെള്ളം, വെളിച്ചം, റേഷൻ കാർഡ്, റോഡ്, എന്നിവക്കായി 2011 നവംബറിൽ മുതലമട പഞ്ചായത്ത് ഓഫിസിനു മുന്നിൽ സങ്കേതവാസികൾ സമരം നടത്തിയിരുന്നു. തുടർന്ന് വൈദ്യുതി ലഭിച്ചു. കുടിവെള്ള ക്ഷാമം നേരിട്ടപ്പോൾ സന്നദ്ധ പ്രവർത്തകനായ ഹനീഫ പോത്തമ്പാടത്തിന്റെ സഹായത്താൽ പൊതുകിണർ നിർമിച്ചു നൽകി.
2021 ജൂണിൽ കോളനിവാസികൾ 15 ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്ന് പഞ്ചായത്ത് അന്ത്യശാസനം നൽകിയിരുന്നു. ഇതിനിടെ നടന്ന നിരന്തര ആവശ്യങ്ങൾക്കിടെയാണ് സങ്കേതത്തിലെ 13 അതിദരിദ്രർക്ക് ഭൂമി നൽകാൻ പഞ്ചായത്ത് പ്രദേശത്തുള്ള ചുടുകാട്ടുവാരയിൽ സ്ഥലം കണ്ടെത്താൻ ജില്ല കലക്ടർ ഉൾപ്പെടെ രംഗത്തുവന്നത്. തുടർന്ന് സങ്കേതത്തിൽ ശേഷിക്കുന്ന പത്ത് കുടുംബങ്ങളെയും ഉൾപ്പെടുത്തി നാല് സെന്റ് വീതം സർക്കാർ പട്ടയമേളയിൽ പട്ടയവും നൽകി.
കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചത് ആശ്വാസമായതായി പഞ്ചായത്ത് അംഗം മണികണ്ഠൻ പറഞ്ഞു. ഇതിനിടെ ചുടുകാട്ടുവാര സങ്കേതത്തിന് മണികണ്ഠൻ നഗർ എന്ന് പഞ്ചായത്ത് അംഗത്തിന്റെ പേര് എഴുതിയ ബോർഡ് സ്ഥാപിച്ചത് വിവാദമായതോടെ ബോർഡിൽ അക്ഷയ നഗർ എന്ന് മാറ്റി സ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.