കൊല്ലങ്കോട്: കാട്ടാനകൾ ആക്രമണം തുടരുേമ്പാഴും തെന്മലയിൽ വിനോദസഞ്ചാരികളുടെ നിയമലംഘന സന്ദർശനത്തിന് കുറവില്ല. ഇത് നാട്ടുകാരുടെ ദുരിതം ഇരട്ടിയാക്കുന്നു. വെള്ളാരം കടവ്, മേച്ചിറ, വേലാങ്കാട്, മാത്തൂർ, തെക്കൻ ചിറ, ചാത്തൻപാറ, കള്ളിയമ്പാറ, പറയമ്പള്ളം തുടങ്ങിയ പ്രദേശങ്ങളിൽ ഇരുപതിലധികം ആനകൾ നാല് സംഘങ്ങളായി വിഹരിക്കുമ്പോൾ തെന്മലയിൽ എല്ലാ വെള്ളച്ചാട്ടങ്ങളിലേക്കും വിനോദസഞ്ചാരികൾ വിലക്ക് ലംഘിച്ച് മല കയറുന്നത് വർധിക്കുകയാണ്.
കഴിഞ്ഞ രണ്ടാഴ്ചയായി വൈദ്യുതവേലി തകർത്ത് കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും എത്തുന്ന കാട്ടാനകൾ വ്യാപകമായ തോതിൽ വിളകൾ നശിപ്പിക്കുകയാണ്. ഇതിനെതിരെ വനം വകുപ്പ് ദ്രുതകർമസേന വിഭാഗം സജീവമായി രംഗത്ത് ഉണ്ടെങ്കിലും 24 കിലോമീറ്റർ അതിർത്തി പ്രദേശങ്ങളിലാണ് വിവിധ സ്ഥലങ്ങളിലായി കാട്ടാനകൾ വേലി പൊളിച്ച് നാട്ടിൽ ഇറങ്ങി ആക്രമണം ഉണ്ടാക്കുന്നത്.
പമ്പ് സെറ്റുകൾ, ജലസേചന പൈപ്പുകൾ, കാവൽ ഷെഡുകൾ എന്നിവയും കാട്ടാനകൾ തകർക്കുന്നുണ്ട്. ഇതിനിടെ ഒഴിവു ദിവസങ്ങളിൽ ആയിരത്തിലധികം വിനോദ സഞ്ചാരികളാണ് ചെമ്മയാമ്പതി മുതൽ പനങ്ങാട്ടിരി വരെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. സീതാർകുണ്ട്, പലകപാണ്ടി , പാത്തപാറ, ചുക്രിയാൽ, വെള്ളരിമേട് തുടങ്ങിയ വെള്ളച്ചാട്ടങ്ങളിൽ അതിക്രമിച്ച് കടക്കുന്ന വിനോദ സഞ്ചാരികളും ഉണ്ട്.
മുന്നറിയിപ്പ് ലംഘിക്കുന്നവർക്കെതിരെനിയമ ലംഘനത്തിന് കേസെടുക്കുമെന്ന് കൊല്ലങ്കോട് റേഞ്ച് ഓഫിസർ കെ. പ്രമോദ് കഴിഞ്ഞ മാസം അറിയിച്ചെങ്കിലും വനത്തിനകത്ത് കയറി വെള്ളച്ചാട്ടങ്ങളിൽ സെൽഫി എടുക്കുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നതിന് കുറവില്ല.
സ്ത്രീകളും പുരുഷന്മാരും കൊച്ചുമക്കളും അടങ്ങുന്ന സംഘം നിയമം ലംഘിച്ച് വെള്ളച്ചാട്ടങ്ങളിൽ എത്തുന്നത് തുടരുകയാണ്. ഒമ്പതിലധികം പേർ മരിച്ച വെള്ളച്ചാട്ടങ്ങളിൽ തുടർന്നും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വനം, പൊലീസ്, റവന്യു, അഗ്നി രക്ഷാ സേന, എക്സൈസ് ജനപ്രതിനിധികൾ ഉൾപ്പെടുന്ന യോഗം വിളിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.