ചാവക്കാട്: വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട് പുന്ന. വീടിനു പുറത്തിറങ്ങാനാവാതെ നാട്ടുകാർ. വെള്ളത്താൽ ചുറ്റപ്പെട്ട് പുന്നയിൽ മാത്രം 800 ഓളം വീടുകൾ. എല്ലാ വഴികളും ഗതാഗതം സാധ്യമാകാത്ത വിധം വെള്ളക്കെട്ടിൽ. ജോലിക്ക് പോകാനാവാതെ മുതിർന്നവരും സ്കൂളിൽ പോകാനാവാതെ വിദ്യാർഥികളും പ്രതിസന്ധിയിൽ. പുന്ന എൽ.പി സ്കൂൾ, രാജ സീനിയർ സെക്കൻഡറി സ്കൂൾ എന്നിവ അനിശ്ചിത കാലത്തേക്ക് അടച്ചു. രാജ സ്കൂളിൽ ആറ് മുതൽ പ്ലസ്ടു വരെയുള്ളവർക്ക് ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് മാനേജർ അറിയിച്ചു.
ചാവക്കാട് താലൂക്ക് ആശുപത്രി പുന്ന റോഡ്, ആലുംപടി പുന്ന റോഡ്, മുക്കട്ട റോഡ്, പുതിയറ റോഡ് എന്നിങ്ങനെ പുന്നയിലേക്കുള്ള നാലു വഴികളും ഗതാഗത യോഗ്യമല്ലാത്ത വിധം വെള്ളക്കെട്ടിലാണ്. 11 കുടുംബങ്ങൾ മാറി താമസിച്ചു. ഒരു കുടുംബം അഞ്ചങ്ങാടി സൈക്ലോൺ ഷെൽട്ടറിലേക്കും മറ്റുള്ളവർ ബന്ധുവീടുകളിലേക്കുമാണ് താമസം മാറിയത്.
ചാവക്കാട് നഗരസഭ മൂന്ന്, അഞ്ച്, ആറ്, 10, 16, 17 വാർഡുകളിലായി തിരുവത്ര, പുന്ന, കോഴിക്കുളങ്ങര, വഞ്ചിക്കടവ്, തെക്കഞ്ചേരി, ബ്ലാങ്ങാട് പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങൾ വെള്ളക്കെട്ട് ദുരിതത്തിൽ. ഈ മേഖലകളിൽ കുടിവെള്ള പ്രശ്നം രൂക്ഷമാണ്.
ചാവക്കാട് വാർഡ് 16 തെക്കഞ്ചേരിയിലെ 150 ഓളം കുടുംബങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. വഴികളെല്ലാം വെള്ളക്കെട്ടാൽ അടക്കപ്പെട്ടു. റോഡിൽ വഞ്ചിയിറക്കി ചിലർ യാത്രാസൗകര്യം കണ്ടെത്തി. കനോലി കനാലിന്റെ ഇരു കരകളും വെള്ളം കവിഞ്ഞു നിൽക്കുകയാണ്.
ആഴം കൂട്ടാൻ കനോലി കനാലിൽ നിന്നുമെടുത്ത മണ്ണ് കനാലിന്റെ ഇരുഭാഗത്തും വലിയ ഉയരത്തിൽ മതിൽ പോലെയാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇത് പറമ്പുകളിൽ നിന്നും കനോലി കനാലിലേക്കുള്ള വെള്ളത്തിന്റെ ഒഴിഞ്ഞുപോക്കിന് തടസ്സമാകുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
ദേശീയ പാത വികസനത്തിന്റെ ഭാഗമായി പാതയുടെ ഇരുവശത്തു നിന്നും കാനകളും ബോക്സഡ് കലുങ്കുകളും വഴി ഏക്കർ കണക്കിന് ഭൂമിയിലെ മഴ വെള്ളം കനോലി കനാലിലേക്ക് എത്തുന്നതും പുഴ കവിയാൻ കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.