കൽപറ്റ: ഉരുൾ ദുരന്തം അനാഥരാക്കിയ പെൺകുട്ടികൾക്ക് രണ്ട് അജ്ഞാതരുടെ സ്നേഹക്കരുതൽ. പാലക്കാട് സ്വദേശിയും തൃശൂർ സ്വദേശിനിയുമാണ് ഇവർക്ക് കരുതലൊരുക്കിയത്. ദുരന്തത്തിൽ ഏഴ് കുട്ടികൾക്ക് അച്ഛനെയും അമ്മയെയും നഷ്ടമായിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ട പാലക്കാട് സ്വദേശി ദുരന്തവാർത്തയറിഞ്ഞ് എന്തെങ്കിലും ചെയ്യണമെന്ന് തീർച്ചപ്പെടുത്തിയിരുന്നു. സ്വകാര്യ സ്കൂളിൽ അധ്യാപികയായ ഭാര്യയോടും മകനോടും പറഞ്ഞപ്പോൾ അവർക്ക് നൂറുവട്ടം സമ്മതം.
തുടർന്ന് ജില്ല ശിശു സംരക്ഷണ ഓഫിസറെ വിളിച്ച് അച്ഛനും അമ്മയും നഷ്ടപ്പെട്ടവരിൽപെട്ട മൂന്ന് പെൺകുട്ടികൾക്ക് എല്ലാ മാസവും 2000 രൂപ വീതം ഞാൻ നൽകാമെന്ന് അറിയിക്കുകയായിരുന്നു. കഴിഞ്ഞ നവംബർ മുതൽ മൂന്ന് പെൺകുട്ടികൾക്കായി 6000 രൂപ സർക്കാർ മുഖേന നൽകി വരുന്നുണ്ട്. എല്ലാ മാസവും ശിശു സംരക്ഷണ ഓഫിസിൽ വിളിച്ചു ഇദ്ദേഹം കുട്ടികളുടെ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്യും. മറ്റൊരു സ്നേഹപ്രവാഹം എത്തിയത് ബംഗളൂരുവിൽ നിന്നായിരുന്നു.
പ്രശസ്ത സ്ഥാപനത്തിൽനിന്ന് ഡീനായി വിരമിച്ച തൃശൂർ സ്വദേശിനിയാണ് കുട്ടികളെ ചേർത്തുപിടിക്കുന്നത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ട് പെൺകുട്ടികൾക്ക് അവർ പ്രതിമാസം 4000 രൂപ വെച്ച് 8000 രൂപയാണ് നൽകുന്നത്. ഏഴു കുട്ടികളിൽ അടുത്തിടെ 18 വയസ്സു തികഞ്ഞ രണ്ടുപേരെ മാറ്റിനിർത്തിയാൽ ബാക്കി അഞ്ചു കുട്ടികളും അടുത്ത ബന്ധുക്കളുടെ കൂടെ സംസ്ഥാന സർക്കാറിന്റെ കിൻഷിപ് ഫോസ്റ്റർ കെയർ പദ്ധതിയിലാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ടവർക്ക് അഞ്ചു ലക്ഷം രൂപയും സർക്കാർ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്.
19 കുട്ടികൾക്ക് കേന്ദ്രസർക്കാറിന്റെ സ്പോൺസർഷിപ് പദ്ധതിയിൽ പ്രതിമാസം 4000 രൂപ ലഭിക്കുന്നുണ്ട്. ഇതിന് പുറമെ മാതാപിതാക്കൾ ഇരുവരും നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് സ്വകാര്യ സംഘടനകളും വ്യക്തികളും സംസ്ഥാന സർക്കാർ മുഖാന്തരം 31.24 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. ഇതിന് പുറമെയാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ രണ്ട് വ്യക്തികളുടെ സഹായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.