വൈത്തിരി: പൊലീസിന്റെ വാഹന പരിശോധനയിൽ കാറിൽനിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. പരിശോധനക്കിടെ കാറിലുണ്ടായിരുന്ന യുവാവ് ഓടി ചുരത്തിനു മുകളിൽനിന്ന് കൊക്കയിലേക്ക് ചാടി രക്ഷപ്പെട്ടു. വൈത്തിരി എസ്.ഐ എം. സൗജലിന്റെ നേതൃത്വത്തിൽ ലക്കിടി പ്രവേശനകവാടത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ചുരം കയറി വന്ന കാർ പരിശോധിക്കാൻ നിർത്തിച്ചത്. കാർ നിർത്തിയ ഉടനെ ഡ്രൈവർ സീറ്റിലുണ്ടായിരുന്ന യുവാവ് പൊലീസിനെ വെട്ടിച്ച് ഇറങ്ങിയോടുകയും ചുരം തുടങ്ങുന്ന ഭാഗത്ത് വ്യൂ പോയന്റിനോട് ചേർന്ന റോഡിൽനിന്ന് താഴെ കൊക്കയിലേക്ക് ചാടി രക്ഷപ്പെടുകയുമായിരുന്നു. തിരൂരങ്ങാടി സ്വദേശി മുഹമ്മദ് ഷഫീക്കാണ് (30) കാടുനിറഞ്ഞ ഭാഗത്തേക്ക് ചാടി രക്ഷപ്പെട്ടത്.
പൊലീസ് പിന്നാലെ ഓടിയെങ്കിലും താഴെ അഗാധ ഗർത്തവും കൊടും കാടുമായതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. വൈത്തിരി, താമരശ്ശേരി പൊലീസും കൽപറ്റ അഗ്നിരക്ഷ വിഭാഗവും സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ഷഫീക് ഓടിച്ചുവന്ന സ്വിഫ്റ്റ് കാറിൽനിന്ന് മൂന്നു പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 16 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.ഡി. സുനിൽ, വൈത്തിരി സ്റ്റേഷൻ ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരും സ്ഥലത്തെത്തി. യുവാവിനെതിരെ ബത്തേരി പൊലീസിൽ മയക്കുമരുന്ന് പിടിച്ച കേസ് നിലവിലുണ്ട്. യുവാവിനായി വൈകിയും തിരച്ചിൽ നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.