ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകൾക്ക് നേരെ നടന്ന ബജ്രംഗ്ദൾ ആക്രമണത്തിന്‍റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ദൃക്സാക്ഷിയായ മലയാളി വൈദികൻ. കന്യാസ്ത്രീകളെ മോശം പദപ്രയോഗത്തിലൂടെ അപമാനിച്ച ബജ്രംഗ്ദൾ പ്രവർത്തകർ, ബാഗിൽ നിന്ന് ബൈബിൾ എടുത്തെറിഞ്ഞെന്നും ബിലായ് കാത്തലിക് ചർച്ചിലെ ഫാ. സാബു ജോസഫ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
തീവ്രഹിന്ദു നേതാവ് ജ്യോതി ശർമയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ ബജ്രംഗ്ദൾ പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസുകാരുടെ മുമ്പിൽ വച്ച് പെൺകുട്ടികളെ ഉപദ്രവിച്ചു. കന്യാസ്ത്രീകളെ മർദിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയും വാക്കുകൾ കൊണ്ട് അപമാനിക്കുകയും ചെയ്തു. ബൈബിൾ അടക്കമുള്ള വസ്തുക്കൾ ബാഗിൽ നിന്ന് പുറത്തേക്ക് എടുത്തെറിഞ്ഞു.
ബജ്രംഗ്ദൾ പ്രവർത്തകർ സമ്മർദത്തിലാക്കിയതിനെ തുടർന്ന് കന്യാസ്ത്രീകൾക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. അക്രമികളുടെ സമ്മർദത്തിൽ കേസെടുക്കുന്നത് അന്യായമല്ലേ എന്ന് പൊലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചു. ന്യായമായ നടപടിയേ സ്വീകരിക്കുകയുള്ളൂവെന്നാണ് പൊലീസ് മറുപടി നൽകിയത്. ബജ്രംഗ്ദൾ പ്രവർത്തകർപൊലിസ് സ്റ്റേഷൻ സ്തംഭിപ്പിക്കുന്ന സാഹചര്യമുണ്ടായി. സ്റ്റേഷനുള്ളിലേക്ക് പോകാൻ അക്രമികൾ അനുവദിച്ചില്ല. കന്യാസ്ത്രീകളെയും പെൺകുട്ടികളെയും പൊലീസുകാർ ഉപദ്രവിച്ചിട്ടില്ല.
ക്രൈസ്തവർക്ക് പൊതുസ്ഥലത്തോ സ്വന്തം വീട്ടിലോ ഒരുമിച്ച് കൂടി പ്രാർഥന നടത്താൻ സാധിക്കാത്ത അവസ്ഥയാണ്. പ്രാർഥന നടത്തുമ്പോൾ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ച് ബജ്രംഗ്ദൾ ഗ്രൂപ്പുകൾ എത്തി ആക്രമണം നടത്തുകയാണ്. ബജ്രംഗ്ദളിനെ പിന്തുണക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നും ഫാ. സാബു ജോസഫ് പറഞ്ഞു.
ഇന്നലെയാണ് മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എ.എസ്.എം.ഐ) സന്യാസി സഭ അംഗങ്ങളായ അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി, കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത 143 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ആദിവാസി പെൺകുട്ടിയടക്കം നാല് പെൺകുട്ടികളുമായി ആഗ്രയിലേക്ക് പോകുമ്പോഴാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് ഛത്തീസ്ഗഡ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് ഇരുവരും.
മാതാപിതാക്കളുടെ സമ്മതപ്രകാരം കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോകുകയായിരുന്നു പെൺകുട്ടികളെന്ന് സി.ബി.സി.ഐ വനിത കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശ പോൾ വ്യക്തമാക്കി. എന്നാൽ, മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ട് പോകുകയാണെന്നാണ് ബജ്രംഗ്ദൾ പ്രവർത്തകർ ആരോപിച്ചത്.
മാതാപിതാക്കളുടെ സമ്മതപത്രം തള്ളിക്കളഞ്ഞാണ് അറസ്റ്റെന്ന് ബോധ്യമായി. കന്യാസ്ത്രീകളുടെ കൂടെയുള്ള പെൺകുട്ടികളെല്ലാം 18 വയസ്സ് പിന്നിട്ടവരാണെന്ന രേഖകൾ കൈവശമുണ്ടായിരുന്നു. ഇതും പരിഗണിക്കാതെയാണ് അറസ്റ്റും റിമാൻഡും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.