കോഴിക്കോട്: ഈ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് വരുത്തി തീർക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുവെന്നും ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം വസ്തുതാപരമായി ശരിയല്ലെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിന്നു ജോസഫ് പാംപ്ലാനി.
ആക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അക്രമികൾ ഭരണ കൂടത്തിന്റെ ഭാഗമാണോ അല്ലയോ എന്ന് ഇപ്പോൾ പറയുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടം നീതിപൂർവ്വമായി ഇടപെടുന്നില്ല എന്ന പരാതി ഞങ്ങൾക്കുണ്ട്. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ ഇടപെടുന്നുണ്ട്. വിഷയത്തിൽ സഭയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുണ്ടാകുമെന്നും തെരുവിലേക്കിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതപരിവർത്തന നിരോധന നിയമമെന്ന പേരിൽ കിരാതമായ നിയമങ്ങളുണ്ടാക്കി ന്യൂനപക്ഷങ്ങളെ അന്യായമായി ആക്രമിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ നടക്കുന്നത്. ആരോപിക്കപ്പെടുന്നപോലെ മതപരിവർത്തനം നടന്നുവെങ്കിൽ അത് കണക്കിൽ കാണേണ്ടതല്ലേ. ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന സമയത്ത് ജനസംഖ്യയുടെ 2.6 ശതമാനം ക്രൈസ്തവരുണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ അത് 2.4 ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ശിവൻകുട്ടിയുടെ പരാമർശനത്തിനും പാംപ്ലാനി മറുപടി പറഞ്ഞു. ദീപികയിൽ എഡിറ്റോറിയൽ എഴുതുന്നതും അരമനയിൽ പ്രാർത്ഥിക്കുന്നതും തെറ്റല്ലെന്നും ശിവൻകുട്ടിയുടെ പാർട്ടിയുൾപ്പെടെ ഒരു രാഷ്ട്രീയ പാർട്ടിയോടും പക്ഷപാതം കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.