കൽപറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗൺഷിപ്പിൽ നടക്കുന്ന മാതൃകാവീടിന്റെ നിർമാണം
ചൂരൽമല (വയനാട്): രണ്ടു ദേശങ്ങൾക്കുമേൽ ഉരുൾപൊട്ടിയൊലിച്ച് സർവവും തകർന്നതിന്റെ ദുരന്തയോർമകൾക്ക് നാളെ ഒരാണ്ട്. 2024 ജൂലൈ 30ന് പുലര്‍ച്ച 1.15നും മൂന്നിനും ഇടക്കുണ്ടായ ഉരുൾപൊട്ടലിൽ വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയും ചൂരൽമലയുമാണ് ഒലിച്ചുപോയത്. 10, 11, 12 വാർഡുകളിലെ 1084 കുടുംബങ്ങളിലായി 4636 പേരെയാണ് ദുരന്തം ബാധിച്ചത്. മരണപ്പെട്ടത് 298 പേർ. ഇതുവരെയും കണ്ടെത്താൻ കഴിയാത്ത 32 പേരടക്കമാണിത്.
ദുരന്ത സൂചനകൾ നേരത്തേ ലഭിച്ചിട്ടും ജില്ല ഭരണകൂടം മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്ന ആക്ഷേപം നിലനിൽക്കുകയാണ്. ജൂലൈ 29 വരെയുള്ള രണ്ടുദിവസം ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ ലഭിച്ചത് 572 മില്ലി മീറ്റർ മഴ. 48 മണിക്കൂറിനുള്ളിൽ 600 മി.മീറ്റർ മഴ പെയ്താൽ മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് പഞ്ചായത്തും കാലാവസ്ഥരംഗത്തെ ഗവേഷണ കേന്ദ്രമായ ഹ്യൂം സെന്ററും അറിയിച്ചിരുന്നു. എന്നിട്ടും ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നില്ല.
ആദ്യം നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്. പിന്നീട് സന്നദ്ധസംഘടനകളും സർക്കാർ സംവിധാനങ്ങളും കൈമെയ് മറന്ന് ദുരന്തഭൂമിയിൽ സജീവമായി. ദേശീയ ദുരന്തനിവാരണ സേന, ഡിഫന്‍സ് സെക്യൂരിറ്റി കോപ്സ്, എൻജിനീയറിങ് ടാസ്ക് ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ്, ആര്‍മിയുടെ കഡാവര്‍ ഡോഗ്സ്, വ്യോമസേന തുടങ്ങിയ കേന്ദ്രസേനകളും സംസ്ഥാന അഗ്നിരക്ഷാസേന, പൊലീസ്, സിവില്‍ ഡിഫന്‍സ്, ആപ്ദമിത്ര, വനംവകുപ്പ്, തമിഴ്നാട് ഫയര്‍ഫോഴ്സ് തുടങ്ങിയവരും രംഗത്തിറങ്ങി.
ദുരന്തബാധിതരായ 983 കുടുംബങ്ങൾ കഴിയുന്നത് വിവിധയിടങ്ങളിൽ സർക്കാർ ഒരുക്കിയ വാടകവീടുകളിൽ. ഇവർക്ക് 6000 രൂപ വീതം മാസവാടക സർക്കാർ നൽകുന്നു. കുടുംബത്തിലെ മുതിര്‍ന്ന ആൾക്ക് ദിവസം 300 രൂപ പ്രകാരം മാസം 9000 രൂപയും. ഇത് പലപ്പോഴും മുടങ്ങുന്നു. ഉപജീവനമാർഗമില്ലാതായതോടെ കൂലിപ്പണിയടക്കമെടുത്താണ് അതിജീവിതർ കഴിയുന്നത്. ഭൂമിയും ഉപജീവനമാർഗമായ വാടകക്കെട്ടിടങ്ങളും നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായില്ല.
ചൂരൽമല ടൗൺവരെ മാത്രമാണ് പൊതുജനങ്ങൾക്ക് പ്രവേശനാനുമതി. ബെയ്ലി പാലം കടന്ന് മുണ്ടക്കൈ ദുരന്തസ്ഥലത്തേക്ക് പോകാൻ റവന്യൂ വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യം. എസ്റ്റേറ്റുകളിലെ തൊഴിലാളികൾ ഇപ്പോഴും ജോലിക്കായി എത്തുന്നുണ്ട്.
കൽപറ്റ ടൗണിനടുത്ത എൽസ്റ്റൺ എസ്റ്റേറ്റിലെ 49.5 ഹെക്ടറിലാണ് ടൗൺഷിപ് വരുന്നത്. ഏഴു സെന്റിൽ 1000 ചതുരശ്രയടിയിലുള്ള ഒറ്റ നിലയിലുള്ള 402 വീടുകൾ. മാതൃകാ വീടിന്റെ നിർമാണം അവസാനഘട്ടത്തിലെന്ന് സർക്കാർ.
ഗുണഭോക്താക്കളുടെ അന്തിമപട്ടിക തയാറായിട്ടില്ല. അതിജീവിതർ കലക്ടറേറ്റിന് മുന്നിൽ സമരമടക്കം നടത്തി. പുനരധിവാസമടക്കം സർക്കാർ നടപടികൾ ഇഴഞ്ഞുനീങ്ങുന്നു.
30ന് രാവിലെ 10ന് പുത്തുമല ശ്മശാനത്തിൽ സർവമത പ്രാർഥനയും പുഷ്പാർച്ചനയും സർക്കാർതലത്തിൽ നടക്കും. മുണ്ടക്കൈ മദ്റസ അങ്കണത്തിൽ അനുസ്മരണ യോഗവും. മന്ത്രിമാർ, എം.പി, എം.എൽ.എമാർ, കലക്ടർ തുടങ്ങിയവർ സംബന്ധിക്കും.
‘ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സർക്കാറുകളുടെ കൊള്ളക്കെതിരെ’ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പുത്തുമലയിൽനിന്ന് കൽപറ്റ കലക്ടറേറ്റ് വരെ ലോങ് മാർച്ച് നടത്തും. ദുരന്തബാധിതരോടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ഇന്ന് ഓർമദിനമായി ആചരിക്കും.
രാവിലെ എട്ടിന് പുത്തുമല ഖബർസ്ഥാനിൽ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ പ്രാർഥന നടത്തും. സർക്കാർ നിലപാടുകൾക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച കൽപറ്റ സിവിൽ സ്റ്റേഷന് മുന്നിൽ രാപ്പകൽ സമരം നടത്തും. ഉച്ചക്ക് മൂന്നിന് അഡ്വ. ടി സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.