ഭാരത് ഭവൻ പ്രസിദ്ധീകരിച്ച സാംസ്കാരിക ഭൂപടത്തിന്‍റെ 1999 കോപ്പികൾ എവിടെ?

തൃശൂർ: ഭാരത് ഭവൻ പ്രസിദ്ധീകരിച്ച സാംസ്കാരിക ഭൂപടത്തിെൻറ 1999 കോപ്പികൾ എവിടെ? ഭാരത് ഭവനിലെ ഫയലുകൾ പരിശോധിച്ച ധനകാര്യ വിഭാഗത്തിെൻറ ചോദ്യമാണിത്. അന്തർദേശീയ സാംസ്കാരിക സ്ഥാപനങ്ങൾ, ദേശീയ സാംസ്കാരിക കേന്ദ്രങ്ങൾ, കേരളത്തിലെ സാംസ്കാരിക ഇടങ്ങൾ എന്നിവയുടെ സങ്കലിത ഗ്രന്ഥം ആയിട്ടാണ് സാംസ്കാരിക ഭൂപടം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്. 368 പുറമുള്ള പുസ്തകം പ്രിൻറ് ചെയ്യുന്നതിന് 2021 ഫെബ്രുവരി നാലിന് നോട്ടീസ് പുറപ്പെടുവിച്ചു.

ടൈറ്റാനിയം 12.28 ലക്ഷം, ഇമേജ്- 11.25, സിമ്പിൾ ഓഫ് സെറ്റ് -10 .92, ഓറഞ്ച് 9.91 ലക്ഷം എന്നിവയാണ് ക്വാട്ട് ചെയ്തത്. ഓറഞ്ച് പ്രിന്റേഴ്സിന് അനുമതി നൽകി. 2000 കോപ്പികൾ പ്രിന്റ് ചെയ്യാനായിരുന്നു നോട്ടീസ്. ഭാരത് ഭവനിലെ ഫയൽ പരിശോധിച്ചതിൽ ഒരു കോപ്പി മാത്രമാണ് പ്രിന്റ് ചെയ്തു സൂക്ഷിക്കുന്നത്. പ്രസിദ്ധപ്പെടുത്തിയ പതിപ്പിലാകട്ടെ കോപ്പിറൈറ്റ്, പ്രസിദ്ധീകരിച്ചത് സംബന്ധിച്ച വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, സാംസ്കാരിക ഭൂപടം എന്ന പേരിൽ എസ്.എൻ. സുധീർ 2021 ജൂലൈയിൽ ചാലയിലുള്ള മറ്റൊരു സ്ഥാപനത്തിൽ നിന്ന് പ്രസിദ്ധീകരിച്ചു. അതിന് കോപ്പിറൈറ്റ് നേടുകയും ചെയ്തു. ഈ ഗ്രന്ഥം അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രകാശനവും ചെയ്തു .

ഭാരത് ഭവന്റെ സാംസ്കാരിക ഭൂപടത്തിന്റെ 1999 കോപ്പികൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധപ്പെടുത്തുന്ന കാലയളവിൽ കോപ്പിറൈറ്റ് സംബന്ധിച്ച് കോടതി വിഹാരത്തിന് സാധ്യതയുണ്ട്. അതേസമയം, സാംസ്കാരിക ഭൂപടം രണ്ട് തവണ ഉദ്ഘാടന കർമം നിർവഹിച്ചു. രണ്ട് ഉദ്ഘാടനങ്ങൾക്കായി സർക്കാർ ധനം വിനിയോഗിച്ചു. 2021 ഫെബ്രുവരി നാലിലെ നോട്ടീസ് പ്രകാരം ഓറഞ്ച് പ്രിന്‍റേഴ്സിന് ആകെ 11.65 ലക്ഷം രൂപക്കുള്ള ക്വട്ടേഷൻ നൽകി. എന്നാൽ, ഒരു വാല്യം ഒഴികെ മറ്റൊന്നും പരിശോധനയിൽ കണ്ടെത്താൻ സാധിച്ചില്ല.

മറ്റു വകുപ്പുകളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും സ്പോൺസർ ചെയ്ത തുക മുഴുവനായും ലഭിക്കാത്തത് കാരണമാണ് ബാക്കി പ്രസിദ്ധീകരിക്കാത്തതെന്നാണ് പറയുന്നത്. ബാക്കിയുള്ളവയുടെ അച്ചടി നിർത്തിവെച്ചിരിക്കുകയാണെന്നും തുക ലഭിക്കുന്ന മുറക്ക് അച്ചടി ആരംഭിക്കുമെന്നും അറിയിച്ചു. അച്ചടിക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യത കണക്കിലെടുക്കാതെ മുന്നേ തന്നെ അച്ചടിക്കുന്നതിനായി ക്വട്ടേഷൻ നടപടികൾ സ്വീകരിക്കുകയും സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടുകയും ചെയ്തു. അച്ചടി പൂർത്തീകരിക്കാതെ തന്നെ അത് രണ്ട് തവണ പ്രകാശനം ചെയ്തു. സർക്കാർ ഫണ്ട് ദുർവിനിയോഗം ചെയ്തു.

ഭരണ വകുപ്പ് ഭാരത് ഭവന്റെ ബാക്കിയുള്ള ബാല്യങ്ങൾ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് എസ്.എൻ സുധീർ പ്രസിദ്ധീകരിച്ച ഗ്രന്ഥവും ഭാരത് ഭവന്‍റെ ഭൂപടവും തമ്മിൽ ഉള്ളടക്കത്തിൽ സാമ്യമുണ്ടോ എന്ന് പരിശോധിക്കണം. ഭാവിയിൽ ഉണ്ടായേക്കാവുന്ന കോടതി വ്യവഹാരം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുകയും വേണമെന്നാണ് റിപ്പോർട്ട്.

മലബാർ പെതൃകോത്സവത്തിന്റെ ഭാഗമായി ആർച്ച് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റോർ പർച്ചേസ് ചട്ടങ്ങൾ മറികടന്ന് തിരുവനന്തപുരത്തുള്ള ഏജൻസിക്ക് ക്വട്ടേഷൻ ഉറപ്പിച്ചു. ഇതിലൂടെ ട്രാൻസ്പോർട്ടേഷൻ ചാർജിനത്തിൽ 20,000 രൂപ അധികമായി നല്കേണ്ടി വന്നു. ട്രാൻസ്പോർട്ടേഷൻ ചാർജിനത്തിൽ അധികമായി നൽകേണ്ടിവന്ന 20,000 രൂപ മെമ്പർ സെക്രട്ടറിയുടെ വ്യക്തിഗത ബാധ്യതയായി നിശ്ചയിച്ച് തുക തിരികെ പിടിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

ഭാരത് ഭവൻ ഇക്കോ തീയറ്റർ നവീകരണത്തിന് മുൻകൂട്ടി പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയാറാക്കാതെ ആദ്യം തന്നെ ക്വട്ടേഷനുള്ള നടപടികൾ ആരംഭിച്ചു. സെക്രട്ടറിയുടെ ഈ നടപടി ശരിയല്ല. ഇതിന് ലഭിച്ച ക്വട്ടേഷനുകളെല്ലാം ഒരേ ലെറ്റർ പാഡിലുള്ളത്. അതിനെ സംബന്ധിച്ചും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുടെ വിശദീകരണം ഭരണ വകുപ്പ് തേടേണ്ടതാണ്.

സാംസ്കാരിക ഗ്രൂപ്പിനു കീഴിലുള്ള ഭാരത് ഭവൻ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിനനുസൃതമായി ദേശീയ അന്തർദേശീയ സാംസ്കാരിക വിനിമയം നടത്താനുള്ള സംരംഭമാണ്. സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും നോൺ ഫണ്ടിൽ നിന്നും കേരളത്തിന് അകത്തും പുറത്തുമുള്ള സാംസ്കാരിക സംഘടനകളിൽ നിന്നും ഗ്രാൻഡുകൾ ഇവർക്ക് ലഭിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ഭാരത് ഭവൻ കോമ്പൗണ്ടിലുള്ള ഹാൾ വാടക ഇനത്തിലും ചലച്ചിത്രപ്രവർത്തനത്തിലും മറ്റും തനത് വരുമാനവും ലഭിക്കുന്നു.

2020-21 മുതലുള്ള ഭാരത് ഭവനിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചതിൽ തനത് വരുമാനം 18 ലക്ഷം രൂപ ലഭിച്ചതായി കണ്ടെത്തി. യാതൊരു നിയന്ത്രണവും ഇല്ലാതെ ഫണ്ട് ചെലവഴിക്കുന്ന സ്ഥാപനം എന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയത്. സർക്കാറിന്റെ ഫണ്ട് ഉപയോഗിച്ച് ലഭിക്കുന്ന വരുമാനം ഇഷ്ടാനുസരണം ചെലവഴിക്കുന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ പ്രവണത തെറ്റാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Where are the 1999 copies of the cultural map published by Bharat Bhavan?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.