കൊച്ചി/തിരുവനന്തപുരം: സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങിയ നടൻ ജഗദീഷ്, രവീന്ദ്രൻ എന്നിവർ പിൻമാറുന്നു. രവീന്ദ്രൻ പത്രിക പിൻവലിച്ചു. ജഗദീഷും വൈകാതെ പിൻവലിച്ചേക്കും. ഇതോടെ പ്രസിഡൻറ് സ്ഥാനത്തേക്ക് അവശേഷിക്കുന്ന ശ്വേത മേനോൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നീ നാലു പേരിൽ ശ്വേത മേനോന് വിജയസാധ്യതയേറി. ഇത്തവണ വനിത പ്രസിഡൻറ് മതി എന്ന സംഘടനയിലെ പൊതു വികാരവും അവർക്ക് അനുകൂലമാണ്. വനിതാ പ്രസിഡൻറു വരട്ടെയെന്ന തരത്തിൽ പലരും അഭിപ്രായം പങ്കുവെച്ചിരുന്നു. ശ്വേത ജയിച്ചാൽ അമ്മയുടെ ആദ്യ വനിതാ പ്രസിഡൻറ് എന്ന പദവിയും ഇവരെ തേടിയെത്തും.
മത്സരത്തിൽ നിന്ന് പിൻമാറുന്നത് സംബന്ധിച്ച് മോഹൻലാലും മമ്മൂട്ടിയുമായി ജഗദീഷ് ആശയ വിനിമയം നടത്തി. ഇവർ അനുവദിച്ചാൽ പത്രിക പിൻവലിക്കുമെന്ന നിലപാടിലാണ് നടൻ. വനിത അധ്യക്ഷ വരട്ടെയെന്നും അങ്ങനെയെങ്കിൽ താൻ പിൻമാറാമെന്നുമാണ് ജഗദീഷ് വ്യക്തമാക്കിയത്. കെ.ബി.ഗണേഷ് കുമാറും വനിത അധ്യക്ഷയെ പിന്തുണച്ചു. ഇതിനിടെ പത്രിക പിൻവലിച്ച രവീന്ദ്രൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും. ബാബുരാജാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രമുഖൻ. കുക്കു പരമേശ്വരന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, എന്നിവരും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. അതിനിടെ, ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നടി മല്ലിക സുകുമാരൻ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ആരോപണ വിധേയനായ ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരുമെന്നായിരുന്നു അവരുടെ പ്രതികരണം.
നേതൃസ്ഥാനത്തേക്ക് വനിത വന്നാൽ പിന്മാറാൻ തയാറാണെന്ന് നടൻ ജഗദീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ‘അമ്മ’യുടെ ഭാരവാഹിത്വത്തിൽ സ്ത്രീപ്രാതിനിധ്യം വർധിപ്പിക്കണമെന്ന് പലതവണ പറഞ്ഞയാളാണ് ഞാൻ. അതുകൊണ്ടുതന്നെ മാറാൻ സന്നദ്ധനാണ്. നാമനിർദേശ പത്രിക നൽകുന്നതിനു മുമ്പ് തന്നെ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുമായി ചർച്ച നടത്തിയിരുന്നു. അതുപോലെ പിൻമാറാനുള്ള സന്നദ്ധതയും അറിയിച്ചു. മമ്മൂട്ടി ചെന്നൈയിലും മോഹൻലാൽ ജപ്പാനിലും സുരേഷ് ഗോപി ഡൽഹിയിലുമാണ്. അവരുടെ അനുമതി ലഭിച്ചാലുടൻ പിൻമാറും. ഒരു വനിത അധ്യക്ഷ വരണമെന്നാണ് ആഗ്രഹം.
എന്നെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമുണ്ട്. അവർക്കെല്ലാം അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും തന്നെക്കുറിച്ച വിമർശനങ്ങൾക്ക് മറുപടിയായി ജഗദീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.