സമൂഹ മാധ്യമങ്ങളിൽ തന്നെ നിരന്തരമായി അധിക്ഷേപിക്കുന്ന വ്യക്തിയെ വെളിപ്പെടുത്തി നിർമാതാവും പൃഥ്വിരാജ് സുകുമാരന്റെ ജീവിത പങ്കാളിയുമായ സുപ്രിയ മേനോൻ. ക്രിസ്റ്റീന എൽദോ എന്ന വ്യക്തിയാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമൂഹമാധ്യമങ്ങളിൽ ഫേക്ക് അക്കൗണ്ടുകൾ വഴി തന്നെ അപമാനിക്കുന്നതെന്ന് സുപ്രിയ ഇന്‍സ്റ്റഗ്രം സ്റ്റോറിയിൽ കുറിച്ചു.
'എന്നെക്കുറിച്ച് എന്തെങ്കിലും പോസ്റ്റ് ചെയ്യുന്ന മിക്ക അക്കൗണ്ടുകളിലും ഇവർ മോശമായ കമന്റുകൾ ഇടുന്നുണ്ട്. നിരന്തരം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുകയും പോസ്റ്റുകൾ ഇടുകയും ചെയ്യുമായിരുന്നു. ഞാൻ അവരെ ബ്ലോക്ക് ചെയ്യുന്നത് തുടർന്നു. വർഷങ്ങൾക്ക് മുമ്പാണ് ഇങ്ങനെ ചെയ്യുന്നത് ആരാണെന്ന് ഞാൻ കണ്ടെത്തിയത്, പക്ഷേ അവൾക്ക് ഒരു ചെറിയ മകനുള്ളതിനാൽ പ്രതികരിച്ചില്ല. പക്ഷേ അവരുടെ ചിത്രത്തിലെ ആ ഫിൽട്ടർ പോലും അവൾ ഉള്ളിൽ സൂക്ഷിച്ചിരിക്കുന്നതും 2018 മുതൽ എന്റെ നേരെ തുപ്പുന്നതുമായി വിഷം മറയ്ക്കാൻ പര്യാപ്തമല്ല' -സുപ്രിയ കുറിച്ചു.
സമൂഹമാധ്യമങ്ങളിലൂടെയുള്ള നിരന്തരമായി അപമാനിക്കുന്ന ആളെ കണ്ടെത്തിയെന്നും ഒരു നഴ്സ് ആണതെന്നും 2023ൽ സുപ്രിയ മേനോൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചിരുന്നു. സൈബര്‍ ബുള്ളിയിങ് നടത്തുകയും മരിച്ചുപോയ തന്‍റെ അച്ഛനെ കുറിച്ച് വരെ മോശം കമന്റുകള്‍ ഇടുകയും ചെയ്ത സ്ത്രീയെ കുറിച്ച് ആ പോസ്റ്റിൽ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, പൃഥ്വിരാജ് അഭിനയിച്ച കഥാപാത്രത്തിന് തന്റെ അച്ഛന്റെ പേരായതിന്‍റെ സന്തോഷം പങ്കുവെച്ച് സുപ്രിയ മേനോൻ ഈയിടെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തിയ ബോളിവുഡ് ചിത്രമായ സര്‍സമീനില്‍ അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര് വിജയ് മേനോന്‍ എന്നാണ്. തന്റെ അച്ഛന്റെ പേരിലുള്ള കഥാപാത്രമായി പൃഥ്വി സിനിമയിൽ ജീവിച്ചതിൽ വളരെ സന്തോഷമെന്ന് സുപ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.