നടൻ ബാബുരാജ്, സരിത എസ്.നായർ

'ചതിയനാണ് നടൻ ബാബുരാജ്, എന്റെ ചികിത്സക്കായി മോഹൻലാൽ നൽകിയ തുക വകമാറ്റി, ദുബൈയിലും തട്ടിപ്പ് നടത്തി'; ആരോപണവുമായി സരിത നായർ

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന നടൻ ബാബുരാജിനെതിരെ രൂക്ഷ വിമർശനവുമായി സരിത എസ്.നായർ.

ചതിയനും തട്ടിപ്പുകാരനുമായ ബാബുരാജ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത് കേട്ടപ്പോൾ ഞെട്ടലുണ്ടാക്കിയെന്ന് സരിത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. തന്റെ ചികിത്സക്കായി മോഹൻലാൽ ഏൽപ്പിച്ച പണം ബാബുരാജ് വകമാറ്റി സ്വന്തം പേരിലുള്ള ലോൺ കുടിശ്ശിക തീർത്തെന്നാണ് സരിതയുടെ അരോപണം.

ദുബൈയിൽ വൻ തട്ടിപ്പ് നടത്തിയത് കാരണം അങ്ങോട്ട് പോകാൻ ബാബുരാജിന് പറ്റില്ലെന്ന് പറഞ്ഞ സരിത ബാബുരാജിന്റെതെന്ന പേരിലുള്ള പാസ്പോർട്ടും റെസിഡന്റ് കാർഡ് കോപ്പിയും ഫേസ്ബുക്കിൽ പങ്കുവെച്ചു.

സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

"സിനിമാതാരങ്ങളുടെ ‘അമ്മ’ എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തെക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ? അതിൽ എനിക്കെന്താ റോള് എന്നായിരിക്കും ഇപ്പോൾ ചോദ്യം വരുന്നതെന്നറിയാം. ആ സംഘടനയിൽ എനിക്ക് യാതൊരു റോളും ഇല്ല. ഞാനൊരു സിനിമ പ്രേക്ഷക മാത്രമാണ്. പക്ഷേ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ ഒരാൾ ബാബുരാജ് എന്ന ബാബുരാജ് ജേക്കബ് ആണെന്ന് കണ്ടപ്പോൾ ശരിക്കും എനിക്ക് അതിശയവും ഞെട്ടലും ആണുണ്ടായത്. ഒരു സാധാരണക്കാരിയായ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന... ചികിത്സയ്ക്ക് പോലും ശരിക്കും കഷ്ടപ്പെടുന്ന ഒരു അവസ്ഥയിലാണ് ഞാൻ ഉള്ളത്.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാൾ ചതിയൻ ബാബുരാജ് ആണല്ലോ എന്നത് കൊണ്ട് മാത്രമാണ്, ഇനി അതേപ്പറ്റി പറയാതിരിക്കാൻ ആകില്ല എന്ന് തോന്നിപ്പോയി.

2018 ൽ, അതായത് എനിക്ക് അസുഖങ്ങളുടെ പ്രാരംഭഘട്ടത്തിൽ നല്ലൊരു ചികിത്സ ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ ഇത്രത്തോളം ബുദ്ധിമുട്ട് ആയി പോകില്ലായിരുന്നു. 2018ൽ എന്റെ ചികിത്സയ്ക്കായി ശ്രീ മോഹൻലാൽ ബാബുരാജിനെ പണം ഏൽപ്പിച്ചു. ആ പണം എനിക്ക് എത്തിച്ചു തരാതെ വകമാറ്റി സ്വന്തം പേരിൽ ഉണ്ടായിരുന്ന KFC ( Kerala Financial Corporation) - യുടെ ലോൺ കുടിശ്ശിക തുക അടച്ച് തീർത്തൂ ജപ്തി ഒഴിവാക്കി.

എന്നോട് മാത്രമാണോ എന്ന് ഞാൻ അന്വേഷിച്ചു..അല്ല... ബാബുരാജ് സമാനമായ നിരവധി തട്ടിപ്പുകൾ കേരളത്തിലും ദുബായിലും ഒക്കെ ചെയ്തിട്ടാണ് നിൽക്കുന്നത്. ദുബായിലെ ഒരു വൻ തട്ടിപ്പ് നടത്തിയത് കാരണം പുള്ളി തിരിച്ച് അവിടേക്ക് പോകാതിരിക്കുകയാണ്. പാസ്പോർട്ട്, റസിഡൻറ് കാർഡ് കോപ്പി ഞാനിവിടെ നൽകുന്നുണ്ട് ആർക്കുവേണമെങ്കിലും പരിശോധിക്കാം.

ഇദ്ദേഹം അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വന്നാൽ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പറയാൻ അറിയില്ല. സ്ത്രീ അഭിനേതാക്കൾ കൂടെ ഉൾപ്പെടുന്ന ഒരു സംഘടനയാണ്. പ്രായഭേദമില്ലാതെ ആർക്കും ഒരു ബുദ്ധിമുട്ട് ബാബുരാജ് കാരണം ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ. സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്നമല്ല. ഒരു സാധാരണക്കാരിയായ സ്ത്രീക്ക് ലഭിക്കുന്ന ചികിത്സ സഹായം പോലും ചതിയിലൂടെ സ്വന്തമാക്കി എടുത്ത് സ്വന്തം കാര്യം മാത്രം ക്ലിയർ ആക്കുന്ന ഒരാളാണോ അമ്മ പോലെ ഉള്ള ഒരു സംഘടനയുടെ തലപ്പത്ത് വരേണ്ടത്?

ഞാൻ ബാബുരാജിനെതിരെ നിയമപരമായ വഴികളിലൂടെ നീങ്ങിയിരുന്നു. പിന്നീട് പലർക്കും അതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകും എന്ന് ചിന്തിച്ചു... ആ പരാതി അങ്ങനെ തന്നെ നില നിലനിൽക്കുന്നുണ്ട്... ‘അമ്മ’യുടെ ജനറൽ സെക്രട്ടറി ആകാൻ പറ്റിയ ഒരാളല്ല ഈ ബാബുരാജ്."


Full View


Tags:    
News Summary - Saritha S. Nair against actor Baburaj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.