പെഷവാർ: ഇന്ത്യൻ നടന്മാരായ ദിലീപ് കുമാറിന്റെയും രാജ് കപൂറിന്റെയും പൂർവികരുടെ വീടുകളുടെ പുനർനിർമാണ, പ്രവർത്തനങ്ങൾ പാകിസ്താനിലെ പെഷവാർ നഗരത്തിൽ ഔദ്യോഗികമായി ആരംഭിച്ചതായി അധികൃതർ അറിയിച്ചു. 70 മില്യൺ രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി രണ്ട് വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് പുരാവസ്തു ഡയറക്ടർ ഡോ. അബ്ദുസ് സമദ് പറഞ്ഞു.
ചരിത്രപരമായ വസതികളുടെ ഘടനാപരമായ പുനരുദ്ധാരണം ഉൾപ്പെടെ പദ്ധതിക്കുള്ള ഫണ്ട് ഖൈബർ പഖ്തുൻഖ്വ സർക്കാർ അനുവദിച്ചിട്ടുണ്ട്. കെട്ടിടങ്ങളെ പഴയ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കാൻ പുരാവസ്തു മ്യൂസിയം ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് വീടുകളും ഇതിഹാസ അഭിനേതാക്കളുടെ ജീവിതത്തിനും കരിയറിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന മ്യൂസിയങ്ങളാക്കി മാറ്റാനാണ് പുരാവസ്തു വകുപ്പ് പദ്ധതിയിടുന്നത്.
ദിലീപ് കുമാറിന്റെയും രാജ് കപൂറിന്റെയും പൂർവികരുടെ ഭവനങ്ങൾ പെഷവാറിലെ ചരിത്രപ്രസിദ്ധമായ ക്വിസ്സ ഖ്വാനി ബസാറിലാണ് സ്ഥിതി ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമിച്ച ഈ ഐക്കണിക് നിർമിതികൾ പരമ്പരാഗത കൊളോണിയൽ കാലഘട്ട വാസ്തുവിദ്യയെ പ്രതിഫലിപ്പിക്കുന്നതാണ്. 2014 ജൂലൈ 13ന് അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഈ വീടുകളെ ദേശീയ പൈതൃക സ്ഥലമായി പ്രഖ്യാപിച്ചിരുന്നു.
പൈതൃക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് ഡോ. സമദ് പറഞ്ഞു. ഈ സംരംഭം പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.