‘ഉമ്മാക്ക് ബോധ്യപ്പെടാൻ ആരാന്‍റെ കണ്ണടയും ടീഷർട്ടും കടംവാങ്ങി കുളൂസിൽ നാട്ടിലേക്കയച്ചുകൊടുത്ത ഫോട്ടോ’... പ്രവാസികളുടെ നൊമ്പരങ്ങളിലേക്ക് ഫ്ലാഷ്ബാക്കായി കൊല്ലം ഷാഫിയുടെ പോസ്റ്റ്

മലയാളികളുടെ പ്രിയപ്പെട്ട ഗായകരിൽ ഒരാളാണ് കൊല്ലം ഷാഫി. വേറിട്ട ശബ്ദവുമായെത്തി ഷാഫി വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷക മനസിൽ ഇടംപിടിക്കുകയായിരുന്നു. ഇപ്പോഴിതാ തന്‍റെ പ്രവാസ ജീവിതത്തിനിടയിലെ രസകരമായൊരു ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഗായകൻ. പൊടിമീശക്കാരനായിരുന്ന കാലത്ത് ഗൾഫിൽ ജോലി ചെയ്യുന്നതിനിടെ ടീഷർട്ടും കറുത്ത കൂളിങ് ക്ലാസും ധരിച്ച ഫോട്ടോയാണ് ഷാഫി പങ്കുവെച്ചത്.

‘1999ൽ ഷാർജയിലെ പ്രവാസജീവിതത്തിനിടയിൽ ..സുഖമാണെന്ന് കത്തിലൂടെ കളവുപറഞ്ഞപ്പോൾ ഉമ്മാക്ക് ബോധ്യപ്പെടാൻ ആരാന്റെ കണ്ണടയും ടീഷർട്ടും കടംവാങ്ങി കുളൂസിൽ നാട്ടിലേക്കയച്ചുകൊടുത്ത ഫോട്ടോയാണിത്' - എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. അന്നും ഇന്നും നാടിനും വീടിനുംവേണ്ടി ജീവിതം പരിത്യാഗം ചെയ്യുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ എന്നും ഷാഫി കുറിച്ചു.

ഗൾഫിൽ ഫോലി ചെയ്യുമ്പോൾ സു​ഖമാണെന്ന് വീട്ടുകാരെ ധരിപ്പിക്കാൻ കടം വാങ്ങി കൂളിങ് ഗ്ലാസും കോട്ടുമൊക്കെ ധരിച്ച് ചിത്രങ്ങളെടുത്ത് നാട്ടിലേക്ക് അയക്കുന്ന പോയകാലത്തെ പ്രവാസികളുടെ തമാശയെങ്കിലും നൊമ്പരം നിറഞ്ഞ അനുഭവങ്ങളിലേക്കാണ് ഷാഫിയുടെ ഫോട്ടോ ശ്രദ്ധ ക്ഷണിച്ചത്.

സമാന അനുഭവം ഉണ്ടായവർ പങ്കുവെക്കാനും പോസ്റ്റിൽ അദ്ദേഹം ആവശ്യപ്പെട്ടു. നിരവധിപോരാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. അറബിയുടെ വിലപിടിപ്പുള്ള കാറില് ചാരി നിന്നാണ് താൻ ഫോട്ടോ അയച്ചതെന്ന് ഒരാൾ കുറിച്ചു. പ്രവാസികളെ അന്നും ഇന്നും ഒരുപോലെ നെഞ്ചോട് ചേർത്ത ഗായകനാണ് കൊല്ലം ഷാഫി എന്നും കമന്‍റ് ഉണ്ട്.

പ്രവാസിയായി കുറേക്കാലം ഗൾഫിൽ ജീവിച്ച ഷാഫി എന്നും പ്രവാസികളുടെ നൊമ്പരങ്ങളോടും ത്യാഗങ്ങളോടും ചേർന്നുനിന്ന ഗായകനാണ്. ഗൾഫിൽ നിരവധി ഗാനമേളകളിൽ സദസ്യരെ രസിപ്പിച്ച ഷാഫി പ്രവാസിക​ളുടെ ദുരിതങ്ങളെയും ത്യാഗങ്ങളെയും കുറിച്ച് നിരവധി പാട്ടുകൾ രചിക്കുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - shafi kollam fb post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.