തിരുവനന്തപുരം: രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷനെ തുടർന്ന് ഭരണപ്രതിസന്ധി രൂക്ഷമായ കേരള സർവകലാശാലയിൽ വീണ്ടും വൈസ് ചാൻസലറുടെ കടുത്ത നടപടി. സസ്പെൻഷനിലുള്ള രജിസ്ട്രാർക്ക് ഫയലുകൾ അയക്കുന്നത് അച്ചടക്ക ലംഘനമായി കണ്ട് കടുത്ത നടപടിയെടുക്കുമെന്ന് വ്യക്തമാക്കി വി.സി ഡോ. മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കി. രജിസ്ട്രാർ എന്ന നിലയിൽ ഡോ. അനിൽകുമാർ സ്വീകരിക്കുന്ന ഏതൊരു നടപടിയും അസാധുവാണെന്നും ഉത്തരവിൽ പറയുന്നു.
ഡോ. കെ.എസ്. അനിൽകുമാർ സർവകലാശാലയിൽ എത്തി ഫയലുകൾ കൈകാര്യം ചെയ്യുന്ന സാഹചര്യത്തിലാണ് വി.സിയുടെ ഉത്തരവ്. രജിസ്ട്രാറുടെ താൽക്കാലിക ചുമതല പ്ലാനിങ് ഡയറക്ടർ ഡോ. മിനി കാപ്പന് നൽകിയിട്ടുണ്ടെങ്കിലും ഡിജിറ്റൽ ഫയലുകൾ ലഭിക്കാനുള്ള സംവിധാനം ഒരുക്കുന്നത് സിൻഡിക്കേറ്റ് തടഞ്ഞിരിക്കുകയാണ്. ഡോ. അനിൽകുമാർ അംഗീകാരത്തിനായി അയക്കുന്ന ഫയലുകൾ വി.സി മടക്കി അയക്കുകയാണ്. ഇതോടെയാണ് സർവകലാശാലയിൽ ഭരണസ്തംഭനമായത്.
അതേസമയം, ഇടക്കാലത്ത് വി.സിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന ഡോ. സിസ തോമസ് ഒപ്പുവെച്ച സിൻഡിക്കേറ്റ് യോഗ മിനിറ്റ്സ് ഓഫിസ് ബ്രാഞ്ചുകൾക്കും സിൻഡിക്കേറ്റ് അംഗങ്ങൾക്കും വി.സിയുടെ ഓഫിസിൽനിന്ന് ഇ-മെയിലായി അയച്ചു. സിസ തോമസ് യോഗം പിരിച്ചുവിട്ട ശേഷവും സിൻഡിക്കേറ്റംഗങ്ങൾ യോഗം തുടരുകയും രജിസ്ട്രാർ അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിനനുസൃതമായി മിനിറ്റ്സ് തയാറാക്കുകയും ചെയ്തു. ഈ മിനിറ്റ്സ് വി.സി അംഗീകരിച്ചിരുന്നില്ല. വി.സി തയാറാക്കിയ മിനിറ്റ്സാണ് ഇപ്പോൾ മുഴുവൻ ബ്രാഞ്ചുകൾക്കും സിൻഡിക്കേറ്റംഗങ്ങൾക്കും അയച്ചത്.
തിരുവനന്തപുരം: കേരള സർവകലാശാല യൂനിയന്റെ പ്രവർത്തനങ്ങൾക്ക് പത്ത് ലക്ഷം രൂപ അടിയന്തരമായി അനുവദിക്കാനുള്ള അപേക്ഷയിൽ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ ശിപാർശ അടങ്ങിയ ഫയൽ വി.സി നിരസിച്ചു. ബന്ധപ്പെട്ട ഫയൽ രജിസ്ട്രാറുടെ ചുമതലയുള്ള ഡോ. മിനി കാപ്പന്റെ ശിപാർശയോടെ അയക്കാൻ വി.സി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.