ന്യൂഡൽഹി: വയനാട്ടിലെ ചൂരൽമല -മുണ്ടക്കൈ ദുരന്തബാധിതരോടുള്ള അവഗണനയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. നിരവധി പേർക്ക് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടപ്പോൾ അവരുടെ പുനരധിവാസും ഉപജീവനമാർഗവും ഇപ്പോഴും പ്രശ്നമായി തുടരുകയാണ്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അവരെ അവഗണിക്കുകയാണെന്നും നോട്ടീസിൽ പറയുന്നു.
പാർലമെന്‍ററി കമ്മറ്റി രൂപവത്കരിച്ച് വയനാട് ദുരന്തം പ്രത്യേക ചർച്ച ചെയ്യണം. ഇത്തരം ദുരന്തങ്ങൾ നേരിടാൻ ദീർഘകാല ദുരന്തനിവാരണ നയം തയാറാക്കണമെന്നും നോട്ടീസിൽ പറയുന്നു. ശൂന്യവേളയിൽ സ്പീക്കർ നോട്ടീസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഛത്തീസിഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എം.പിയും നോട്ടീസ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായതിനു ശേഷം നിരവധി തവണ വിഷയം പാർലമെന്‍റിൽ ചർച്ചക്ക് വന്നിരുന്നു. കേരളത്തിന് ആവശ്യമായ സഹായം നൽകുമെന്നായിരുന്നു അന്നെല്ലാം കേന്ദ്രത്തിന്‍റെ മറുപടി. എന്നൽ ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽനിന്നുൾപ്പെടെ കേരളത്തിന്‍റെ വിഹിതം മാത്രമാണ് നൽകിയത്. 529 കോടി രൂപ ദീർഘകാല വായ്പയാണ് നൽകിയത്.
ദുരിതബാധിതർക്കുള്ള ധനസഹായവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധിയും നോട്ടീസ് നൽകിയിട്ടുണ്ട്. കേന്ദ്രസഹായം വായ്പയായി നൽകിയത് അദ്ഭുതമാണ്. ഇത്തരം സാഹചര്യങ്ങളിൽ കേന്ദ്രസർക്കാർ മുമ്പെങ്ങും സ്വീകരിക്കാത്ത നിലപാടാണ് വയനാടിനോട് സ്വീകരിച്ചത്. കേന്ദ്ര സർക്കാർ കൂടുതൽ ധനസഹായം നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഇക്കാര്യം ചർച്ച ചെയ്യപ്പെടണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.