ന്യൂഡൽഹി: ഡൽഹി ഹൈകോടതി ജഡ്ജി ആയിരുന്ന യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലെ തീപിടിത്തത്തിനിടെ, സ്റ്റോർ റൂമിൽ വൻതോതിൽ പണം കണ്ടെത്തിയ സംഭവത്തിൽ വിമർശനവുമായി സുപ്രീംകോടതി. സുപ്രീംകോടതി അന്വേഷണ സംഘം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റിപ്പോർട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് വർമ കോടതിയെ സമീപിച്ചത്.
വർമയുടെ പെരുമാറ്റത്തിൽ ആത്മവിശ്വാസക്കുറവുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തിൽ നേരത്തേ സുപ്രീംകോടതിയെ സമീപിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ആരാഞ്ഞു. പണം ഔദ്യോഗിക വസതിയിൽ സൂക്ഷിച്ചതിന് തെളിവുണ്ടെന്നും വർമയോ വർമയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം വസതിയിൽ സൂക്ഷിക്കാൻ ആകില്ലെന്നുമാണ് ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തൽ. യശ്വന്ത് വർമക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യുന്ന റിപ്പോർട്ട് വന്നിട്ടും സുപ്രീംകോടതിയെ സമീപിക്കാനെടുത്ത കാലതാമസം കോടതി ചൂണ്ടിക്കാട്ടി. സമിതി മുമ്പാകെ ആരോപണം ചോദ്യം ചെയ്യാതിരുന്നതും കോടതി സൂചിപ്പിച്ചു. വർമക്കെതിരെ ഏതെങ്കിലും ജഡ്ജിയുടെ മോശം പെരുമാറ്റത്തിന് തെളിവുണ്ടെങ്കിൽ, രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും അറിയിക്കാമെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും എ.ജി മസിഹും അടങ്ങിയ ബെഞ്ച് പറഞ്ഞു.
ജഡ്ജിയായി തുടരണോ വേണ്ടയോ എന്നത് ഒരു രാഷ്ട്രീയ തീരുമാനമാണ്. എന്നാൽ, നിയമ പ്രക്രിയ നടന്നിട്ടുണ്ടെന്ന സന്ദേശം സമൂഹത്തിന് നൽകേണ്ടത് ജുഡീഷ്യറിയുടെ ഉത്തരവാദിത്തമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസ് വർമക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള ആഭ്യന്തര അന്വേഷണ സമിതിയുടെ ശിപാർശ ഭരണഘടന വിരുദ്ധമാണെന്ന് വാദിച്ചു. ഇത്തരം ശിപാർശകൾ അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് സിബൽ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.