മംഗളൂരു: ധർമസ്ഥലയിലെ കൊലപാതകങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തലിൽ എസ്.ഐ.ടി നടത്തുന്ന മണ്ണുനീക്കിയുള്ള പരിശോധനയിൽ രണ്ടടി താഴചയിൽനിന്ന് അസ്ഥികൾ കണ്ടെടുത്തു. മണ്ണ് എട്ടടിയോളം കുഴിച്ചപ്പോൾ തലയില്ലാത്ത അസ്ഥികൂടം കണ്ടെത്തി. പോയന്റ് ആറിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പോയന്റ് ഏഴിലും എട്ടിലും കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ കാണുമെന്നാണ് പരാതിക്കാരൻ പറയുന്നത്.
കാറ്റും മഴയും നിറഞ്ഞ മോശം കാലാവസ്ഥ അന്വേഷണത്തെ ബാധിക്കുന്നുണ്ട് എങ്കിലും മണ്ണുകുഴിക്കുന്ന ജോലി തുടരുകയാണ്. കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കുന്നതിനാൽ പരിശോധന തുടരുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. ഏഴാമത്തെ പോയന്റിനേക്കാൾ കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ റോഡിനോട് ചേർന്നുള്ള എട്ടാം പോയന്റിലുണ്ടെന്നാണ് പരാതിക്കാരൻ പറയുന്നത്. ഇന്നുതന്നെ പോയന്റ് എട്ടും കുഴിച്ചുനോക്കാനാണ് സാധ്യത. ബാക്കിയുള്ള പതിനഞ്ചോളം പോയന്റുകളും റോഡിനോട് ചേർന്നാണുള്ളത്.
പരാതിക്കാരൻ ചൂണ്ടിക്കാണിച്ച് നൽകിയ ഇടങ്ങളിൽ അഞ്ചിടത്താണ് ഇതുവരെ പരിശോധന നടന്നത്.
അതേസമയം, പരിശോധന നടക്കുന്ന നേത്രാവതി നദീ തീരത്തെ സ്നാനഘട്ടത്തിന് സമീപത്തുനിന്ന് ആധാർ കാർഡും എ.ടി.എം കാർഡും പാൻ കാർഡും ചുവന്ന ഷാളും കണ്ടെത്തിയത് അഭ്യൂഹങ്ങൾക്കിടയാക്കി. എന്നാൽ, മൃതദേഹാവശിഷ്ടങ്ങൾ ലക്ഷ്യംവെച്ചാണ് എസ്.ഐ.ടിയുടെ പരിശോധന. സ്നാനഘട്ടത്തിന്റെ തീരമായതിനാൽ ഇത്തരത്തിൽ പല വസ്തുക്കളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയേക്കുമെന്ന് അന്വേഷണസംഘം സൂചിപ്പിക്കുന്നു.
ഒന്നാമത്തെ പോയന്റിൽ നിന്ന് കണ്ടെത്തിയ ആധാർ കാർഡിൽ ലക്ഷ്മി എന്ന പേരും എ.ടി.എം കാർഡിൽ പുരുഷന്റെ പേരുമാണുള്ളതെന്ന് അറിയുന്നു.അതേസമയം, അന്വേഷണം വിലയിരുത്താൻ എസ്.ഐ.ടി തലവൻ ദേബാശിഷ് മൊഹന്തി ബുധനാഴ്ച പരിശോധന സ്ഥലം സന്ദർശിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോൾ ഒന്നും പറയാറായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പരാതിക്കാരൻ ചൂണ്ടിക്കാട്ടിയ മറ്റിടങ്ങളിൽ വ്യാഴാഴ്ച തന്നെ മണ്ണുനീക്കിയുള്ള പരിശോധന തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.