സ്കൂളിൽ ക്ലാസെടുക്കുന്നതിനിടെ പുകവലി, കുട്ടികളെ ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്നതായും പരാതി; അധ്യാപികയെ സസ്പെൻഡ് ചെയ്തു

ലുധിയാന: ക്ലാസെടുക്കുന്നതിനിടെ പുക വലിക്കുകയും കുട്ടികളെ ദുർമന്ത്രിവാദത്തിന് ഇരയാക്കുകയും ചെയ്തുവെന്ന ആരോപണത്തിൽ പ്രൈമറി സ്കൂൾ അധ്യാപികയെ സസ്പെൻഡ് ചെയ്തു. ലുധിയാനയിലെ ഭുക്രി കലൻ ഗ്രാമത്തിലാണ് സംഭവം. പഞ്ചാബ് വിദ്യാഭ്യാസ വകുപ്പാണ് അധ്യാപികയെ സസ്‌പെൻഡ് ചെയ്തത്.

അധ്യാപികയുടെ പെരുമാറ്റം കുട്ടികളെ മോശമായി ബാധിക്കുന്നു എന്ന് ആരോപിച്ച് പഞ്ചായത്തും ഗ്രാമവാസികളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമൽജിത് കൗറിനെതിരെ നടപടി സ്വീകരിച്ചതെന്ന് ലുധിയാന ജില്ലാ വിദ്യാഭ്യാസ ഓഫീസർ രവീന്ദർപാൽ കൗർ പറഞ്ഞു.

പഞ്ചാബ് എലിമെന്ററി വിദ്യാഭ്യാസ ഡയറക്ടർ ഹർകിരത് കൗറാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

ആദ്യമായല്ല ഈ അധ്യാപിക നടപടി നേരിടുന്നത്. നേരത്തെ മറ്റൊരു സ്‌കൂളിൽ വിദ്യാർത്ഥികളെ ക്രൂരമായി മർദിച്ചതിന് അവരെ സസ്‌പെൻഡ് ചെയ്തിരുന്നതായും ഡി.ഇ.ഒ പറഞ്ഞു.

സ്കൂൾ സമയത്ത് അധ്യാപിക ക്ലാസ് മുറിയിൽ 'പാദ പൂജ' നടത്താറുണ്ടെന്ന് ഗ്രാമത്തിലെ വിദ്യാർഥികളുടെ മാതാപിതാക്കൾ ഡി.ഇ.ഒക്ക് നൽകിയ പരാതിയിൽ പറയുന്നു. അധ്യാപിക വിദ്യാർഥികളുടെ മുന്നിലിരുന്ന് ക്ലാസ് മുറിയിൽ പുകവലിക്കുന്നതായും പരാതിയിലുണ്ട്.

കുട്ടികളെ ഉപയോഗിച്ച് ദുർമന്ത്രവാദം നടത്തുന്നതിനാൽ അവർ ഭയപ്പെടുകയും സ്കൂളിൽ പോകാൻ വിമുഖത പ്രകടിപ്പിക്കുകയും ചെയ്യുന്നതായും മാതാപിതാക്കൾ ആരോപിച്ചു. 

Tags:    
News Summary - Teacher suspended for smoking during class, using children for witchcraft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.