കൊച്ചി: ഇന്ത്യയുടെ ഉൽപന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി സമുദ്രോൽപന്ന മേഖലയെ പ്രതികൂലമായി ബാധിക്കും. കഴിഞ്ഞവർഷം അമേരിക്കയിലേക്ക് കയറ്റിയയച്ച സമുദ്രോൽപന്നങ്ങളിൽ 90 ശതമാനവും ചെമ്മീനായിരുന്നു. അതിൽതന്നെയും ഭൂരിഭാഗവും വെനാമി ചെമ്മീനും. 2.3 ദശലക്ഷം ഡോളറിന്റെ ചെമ്മീനാണ് കയറ്റുമതി ചെയ്തത്.
ഏപ്രിലിൽ ട്രംപ് എല്ലാ രാജ്യങ്ങൾക്കും പകരച്ചുങ്കം ഏർപ്പെടുത്തിയപ്പോൾ ഇന്ത്യയെയും ഏറെക്കുറെ ബാധിച്ചിരുന്നു. അമേരിക്കയിലേക്ക് ചെമ്മീൻ കയറ്റുമതി ചെയ്യുന്ന ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യക്ക് മെച്ചപ്പെട്ട അവസ്ഥയുണ്ടായിരുന്നു. ഇപ്പോൾ അതും നഷ്ടമായി.
അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ സമുദ്രോൽപന്നങ്ങൾക്ക് ആഗസ്റ്റ് ഒന്ന് മുതൽ 2.4 ശതമാനം ആന്റി ഡമ്പിങ് ഡ്യൂട്ടിയും 5.7 ശതമാനം കൗണ്ടർ വെയ്ലിങ് ഡ്യൂട്ടിയും 26 ശതമാനം ചുങ്കവും ചേർത്ത് 34.21 ശതമാനം നികുതിയാണ് കൊടുക്കേണ്ടിവരുന്നത്.
ആഗസ്റ്റ് ഒന്ന് മുതൽ പുതിയ നികുതി പ്രഖ്യാപിച്ചതോടെ അമേരിക്കക്ക് അടുത്തുള്ള ഗ്വാട്ടിമാലക്ക് കേവലം 10 ശതമാനം മാത്രം നികുതി അടച്ചാൽ മതി. ഇന്തോനേഷ്യ, തായ്ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്കും പുതിയ സാഹചര്യത്തിൽ കുറഞ്ഞ നികുതിഘടനയാണ്. ഇതെല്ലാം അമേരിക്ക കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതി മേഖലയെ പൂർണമായി തകർക്കുമെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
തിമിംഗലത്തിന്റെയും കടൽപന്നിയുടെയും സംരക്ഷണത്തിന്റെ പേരിൽ അടുത്തവർഷം മുതൽ എല്ലാ സമുദ്രോൽപന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്.സമുദ്രോൽപന്നങ്ങൾക്ക് 15 ശതമാനം അധിക നികുതി ഏർപ്പെടുത്തിയ നടപടി പിൻവലിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.