ന്യൂഡൽഹി: ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയം. അധികതീരുവയും പിഴയും ചുമത്തുക വഴി ഇന്ത്യൻ സാമ്പത്തികരംഗത്ത് സൃഷ്ടിക്കുന്ന അതീവ ഗുരുതരമായ പ്രശ്നങ്ങൾ പാർലമെന്റ് ചർച്ച ചെയ്യണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.
വ്യപാര കരാറിൽ അനിശ്ചിതത്വം തുടരവെ, വെള്ളിയാഴ്ച മുതൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിനാൽ അധിക പിഴയുമുണ്ടാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ടിന് പ്രഖ്യാപിച്ച പകരച്ചുങ്കത്തിൽ ഇന്ത്യക്ക് 26 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിരുന്നത്. അടുത്ത സുഹൃത്താണെങ്കിലും ഉയർന്ന തീരുവ കാരണം വർഷങ്ങളായി ഇന്ത്യയുമായി അമേരിക്കക്ക് കാര്യമായ വ്യാപാരമില്ലെന്ന് ട്രംപ് പറഞ്ഞു.
ലോകത്ത് ഏറ്റവും കുടുതൽ തീരുവ ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. തീരുവക്ക് പുറമെ, നിരവധി വ്യാപാര നിയന്ത്രണങ്ങളും ഇന്ത്യ ഏർപ്പെടുത്തിയിട്ടുണ്ട്. യുക്രെയ്നിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്ന് എല്ലാവരും റഷ്യയോട് ആവശ്യപ്പെടുമ്പോൾ തങ്ങളുടെ സൈനികോപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്ന് വാങ്ങുകയാണ് ഇന്ത്യ ചെയ്യുന്നത്.
ചൈനക്കൊപ്പം റഷ്യയിൽ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യവുമാണ് ഇന്ത്യ. അതിനാൽ, 25 ശതമാനം തീരുവയും പുറമെ പിഴയും ഏർപ്പെടുത്തുകയാണെന്ന് ട്രംപ് സമൂഹ മാധ്യമത്തിലെ പോസ്റ്റിൽ പറഞ്ഞു. വ്യാപാര കരാറിനുള്ള ചർച്ചകൾ തീരുമാനത്തിലെത്താതെ നീളുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം.
ഇതിനകം അഞ്ചുവട്ട ചർച്ചകൾ നടന്നുകഴിഞ്ഞു. അടുത്തഘട്ട ചർച്ചക്കായി അമേരിക്കൻ സംഘം ആഗസ്റ്റ് 25ന് ഇന്ത്യയിലെത്തും. ഇന്ത്യയുടെ ക്ഷീര, കാർഷിക മേഖലകൾ അമേരിക്കൻ ഉൽപന്നങ്ങൾക്ക് തുറന്നു നൽകണമെന്ന ആവശ്യമാണ് ചർച്ചയിൽ പ്രതിസന്ധിയുണ്ടാക്കുന്നത്. കർഷകരെ പ്രതികൂലമായി ബാധിക്കുന്ന ആവശ്യം ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.