ഇടുക്കി: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിൽ മലയാളി പാസ്റ്റര്‍ക്കെതിരെ കേസ്. ഇടുക്കി കട്ടപ്പന സ്വദേശി തോമസ് ജോര്‍ജിനെതിരെ മതസ്പർധ വളർത്തൽ, മതവിശ്വാസത്തെ അപമാനിക്കൽ, വിദ്വേഷ പ്രചാരണം എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് രാജസ്ഥാൻ പൊലീസ് കേസെടുത്തത്.
22 വർഷമായി രാജസ്ഥാനിലെ ദൗസയിൽ പ്രവർത്തിച്ചു വരുന്ന തോമസ് ജോര്‍ജിന് ജൂലൈ 15നാണ് കേസെടുത്ത വിവരം ലഭിച്ചത്. പാസ്റ്റർ നിലവിൽ കേരളത്തിലാണുള്ളത്. പാസ്റ്റർക്കെതിരായ കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് നാലിലേക്ക് മാറ്റിയിട്ടുണ്ട്. ബജ്റംഗ്ദൾ, ഹനുമാൻ സേന അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ പരാതിയിലാണ് തനിക്കെതിരെ കേസ് കൊടുത്തതെന്ന് തോമസ് ജോര്‍ജ് പറയുന്നു. അക്രമിസംഘം പള്ളിക്കുള്ളിൽ മുദ്രാവാക്യം വിളിക്കുന്നതിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രാർഥന നടക്കുന്ന സമയത്ത് രണ്ട് തവണ ദേവാലയത്തിന് നേരെ ആക്രമണം നടന്നതായി തോമസ് ജോര്‍ജ് മാധ്യമങ്ങളോട് പറയുന്നു. ജൂൺ 29നാണ് അക്രമി സംഘം ദേവാലയത്തിനുള്ളിൽ കടന്ന് ജയ്ശ്രീറാം എന്ന് മുദ്രാവാക്യം വിളിച്ചത്. പള്ളി ഇടിച്ചുനിരത്താനായി ബുൾഡോസറുമായാണ് സംഘം എത്തിയത്. പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തിയതിനാൽ അനിഷ്ട സംഭവം ഉണ്ടാകാതിരുന്നത്.
ജൂലൈ ആറിന് ബുൾഡോസർ അടക്കമുള്ളവയുമായി അഞ്ഞൂറോളം വരുന്ന അക്രമിസംഘം വീണ്ടും ദേവാലയത്തിൽ എത്തുകയും ബഹളം വെക്കുകയും ചെയ്തു. തുടർന്ന് പൊലീസ് എത്തി അക്രമികളെ തടയുകയായിരുന്നു. തുടർന്നുള്ള രണ്ട് ഞായറാഴ്ചകളിൽ പൊലീസ് സംരക്ഷണത്തിലാണ് പള്ളിയിൽ പ്രാർഥനകൾ നടന്നത്.
പ്രാർഥന നടത്തുന്നവർക്കെതിരെ മുൻപൊരിക്കലും പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും ഭീതിയോടെയാണ് കഴിയുന്നതെന്നും തോമസ് ജോര്‍ജ് പറയുന്നു.
അതേസമയം, ഛത്തിസ്ഗഢിൽ ഒമ്പത് ദിവസത്തെ ജയിൽവാസത്തിന് ശേഷം മലയാളി കന്യാസ്ത്രീകൾക്ക് ഇന്ന് എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചു. ബിലാസ്പുർ എൻ.ഐ.എ കോടതിയിലും കീഴ്കോടതികളിലും നടന്ന വാദത്തിനിടെ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. മൂന്നാമത്തെ ജാമ്യാപേക്ഷയിലാണ് കന്യാസ്ത്രീകൾക്ക് കോടതി ജാമ്യം അനുവദിച്ചത്.
ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എ.എസ്.എം.ഐ) സന്യാസി സഭ അംഗങ്ങളായ അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി, കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെയാണ് മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ഛത്തിസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആദിവാസി പെൺകുട്ടിയടക്കം നാല് പെൺകുട്ടികളുമായി ആഗ്രയിലേക്ക് പോകുമ്പോഴാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഛത്തീസ്ഗഡ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. മാതാപിതാക്കളുടെ സമ്മതപ്രകാരം കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോകുകയായിരുന്നു പെൺകുട്ടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.