കലാഭവൻ നവാസ്

‘ഇപ്പം ഞാനിവിടിരിക്കുന്നുണ്ട്, നാളെ ഉണ്ടാവുമോന്ന് അറിയാൻ പറ്റില്ല..അത്രയേ ഉള്ളൂ നമ്മള്’, അറംപറ്റി നവാസിന്റെ വാക്കുകൾ -വിഡി​യോ

ലാഭവൻ നവാസിന്റെ ആകസ്മിക വിയോഗത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണ് മലയാള സിനിമാ ലോകവും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരുമെല്ലാം. ഏറെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജീവിതത്തിന്റെ പാതിവഴിയിൽ പടിയിറങ്ങിപ്പോയ കലാകാരനെ ഓർമിക്കുകയാണ് സുഹൃത്തുക്കളും സഹൃദയരുമെല്ലാം. നവാസിന്റെ വേർപാടിൽ കലാലോകം നൊമ്പരം പൂണ്ടുനിൽക്കുന്ന ഘട്ടത്തിൽ അദ്ദേഹം ഈയിടെ നൽകിയ അഭിമുഖത്തിലെ വാക്കുകൾ ​ഏറെ ശ്രദ്ധ നേടുകയാണ്.

വിനയാന്വിതനും സ്നേഹസമ്പന്നനുമായിരുന്ന നവാസ് ജീവിതത്തിന്റെ ആകസ്മികതകളെയും അനിവാര്യമായ അന്ത്യനിമിഷങ്ങളെയും പറ്റി പറയുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മരണത്തെക്കുറിച്ച് ഏറെ ബോധ്യത്തോടെ സംസാരിക്കുന്ന നവാസ്, ‘ഈ നിമിഷം ഞാൻ എന്റെ വീട്ടിലേക്ക് എത്തുമോ എന്ന് ഉറപ്പില്ലാത്ത അത്ര നിസ്സഹായരാണ് മനുഷ്യർ’ എന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. നിങ്ങളുടെ മുമ്പിൽ ഇപ്പോൾ ഇരിക്കുന്ന താൻ നാളെ ഉണ്ടാവുമോ എന്ന് ഉറപ്പില്ലെന്നും അഭിമുഖകാരനോട് അദ്ദേഹം പറയുന്നു. നമുക്ക് ഇന്ന് കാണാം എന്ന് ഞാൻ ഇന്നലെ പറഞ്ഞെങ്കിലും ഇന്ന് കാണാൻ പറ്റുമെന്ന് ഒരു ഗ്യാരണ്ടിയുമി​ല്ലെന്നും പറയുന്നുണ്ട്. അപ്പോ അത്രയേ ഉള്ളൂ നമ്മള് എന്നും നവാസ് കൂട്ടിച്ചേർക്കുന്നു. പ്രിയ കലാകാരന്റെ ഈ വാക്കുകൾ അറംപറ്റിയെന്ന് ചൂണ്ടിക്കാട്ടുകയാണ് പലരും.

Full View

‘ഇപ്പം ഞാനിവിടിരിക്കുന്നുണ്ട്. നാളെ ഉണ്ടാവുമോന്ന് അറിയാൻ പറ്റില്ല. ഈ നിമിഷം ഞാൻ എന്റെ വീട്ടിലേക്ക് എത്തുമോ എന്ന് ഉറപ്പില്ലാത്ത അത്ര നിസ്സഹായരാണ് മനുഷ്യര്. അതിനൊക്കെയുള്ള അവസരമേ നമുക്ക് തന്നിട്ടുള്ളൂ.

നമ്മൾ ഒരു പവറിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നേരം വെളുത്തൂന്നുണ്ടെങ്കിൽ വെളുത്തൂന്ന് പറയാം. ബാക്കി ഒന്നും നമ്മടെ കൺട്രോളിലല്ല. കാരണം, ഇപ്പം നമ്മൾ തമ്മിൽ സംസാരിക്കുന്നുണ്ട്. ഞാൻ തിരിച്ച് വീടെത്തുംന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. നമുക്ക് ഇന്ന് കാണാം എന്ന് ഞാൻ ഇന്നലെ പറഞ്ഞു. പക്ഷേ, ഇന്ന് കാണാൻ പറ്റൂന്ന് യാതൊരു ഗ്യാരണ്ടിയും എനിക്കുണ്ടായിരുന്നില്ല. അപ്പോ അത്രയേ ഉള്ളൂ നമ്മള്.’ -പ്രചരിക്കുന്ന വിഡിയോയിൽ നവാസ് പറയുന്ന കാര്യങ്ങൾ ഇതാണ്.

Full View


മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമടക്കം മലയാളത്തിലെ പ്രമുഖ അഭിനേതാക്കളെല്ലാം നവാസിന്റെ വിയോഗത്തിൽ അനുശോചിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ നമ്മൾ കാണാറുള്ളത്. നർമ്മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങളെയാണ് നവാസ് സിനിമയിലും കാഴ്ച്ച വെച്ചത്. അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികൾ’ എന്ന് മോഹൻ ലാൽ എഴുതി. ‘പ്രിയ സുഹൃത്തേ, നിന്നെ എക്കാലവും മിസ് ചെയ്യും’ എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്. 

Tags:    
News Summary - Kalabhavan Navas Memoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.