​ട്രെയിനിൽ എസ്​.ഐ വേഷത്തിൽ യാത്രക്കിടെ പിടിയിലായ അഖിലേഷ്

ട്രെയിനിൽ എസ്​.ഐ വേഷത്തിൽ യാത്ര; യുവാവ്​ പിടിയിൽ

ആലപ്പുഴ: ട്രെയിനിൽ എസ്​.ഐയുടെ വേഷത്തിൽ യാത്രചെയ്ത യുവാവ്​ പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട്​ പാനാവൂർ രോഹിണിഭവനിൽ അഖിലേഷിനെയാണ്​ (30) റെയി​ൽവേ പൊലീസ് പിടികൂടിയത്​. ചെന്നൈ എഗ്​മോർ-ഗുരുവായൂർ എക്സ്​പ്രസിൽ ശനിയാഴ്ച പുലർച്ചയാണ്​ സംഭവം. ട്രെയിൻ കായംകുളം സ്​റ്റേഷൻ വിട്ടപ്പോൾ പരിശോധന നടത്തിയ റെയിൽവേ പൊലീസ്​ സംഘം, പൊലീസ്​ യൂനിഫോമിൽ കണ്ടയാളെ സല്യൂട്ട്​ ചെയ്തു.

എസ്​.ഐയുടെ തോളിലെ നക്ഷത്രചിഹ്നവും തൊപ്പിയുമുണ്ടായിരുന്നു. എന്നാൽ, തിരിച്ചുകിട്ടിയ സല്യൂട്ടിൽ അസ്വാഭാവികത തോന്നി ചോദ്യം ചെയ്​തപ്പോഴാണ്​ വിവരങ്ങൾ പുറത്തായത്​. തൃശൂരിലേക്ക് പോകുകയാണെന്നും ഇരിങ്ങാലക്കുട സ്​റ്റേഷനിലെ എസ്.ഐയാണെന്നും പറഞ്ഞു. പൊലീസുകാർ ഇരിങ്ങാലക്കുട സ്​റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ അങ്ങനെയൊരാളില്ലെന്ന് മനസ്സിലായി. ഇതിനകം ട്രെയിൻ ആലപ്പുഴയിലെത്തിയിരുന്നു. അവിടെ റെയിൽവേ പൊലീസ്​ സ്​റ്റേഷനി​ൽ​ എത്തിച്ച്​ എസ്​.ഐ കെ. ബിജോയ്കുമാറിന്‍റെ നേതൃത്വത്തിൽ വിശദമായി ചോദ്യംചെയ്തപ്പോഴാണ്​ തൃശൂരിൽ പി.എസ്​.സി പരീക്ഷയെഴുതാൻ പോയതാണെന്ന്​ സമ്മതിച്ചത്​.

​വിമുക്തഭടന്‍റെ മകനായ യുവാവിന്​ ചെറുപ്പം മുതൽ പൊലീസിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നു. ഇതിനായി പലതവണ ടെസ്റ്റ്​ എഴുതിയെങ്കിലും പാസായില്ല. അത്​ സഫലമാക്കാനാണ്​ പൊലീസ്​ വേഷം ധരിച്ച് ട്രെയിനിൽ​ യാത്രചെയ്​തതെന്നാണ്​ പറയുന്നത്​. യൂനിഫോം ധരിച്ച് വീട്ടിനുള്ളിൽ നടക്കുമായിരുന്നു. ആദ്യമായിട്ടാണ്​ ഇത്​ ധരിച്ച്​ പുറത്തിറങ്ങിയത്​. പൊലീസിന്‍റെ ഔദ്യോഗികചിഹ്നവും വേഷവും ദുരുപയോഗം നടത്തിയതിന്​ കേസെടുത്ത്​ പിന്നീട്​ സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ​

Tags:    
News Summary - Youth arrested for travelling in train disguised as SI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.