കായംകുളം മത്സ്യബന്ധന തുറമുഖത്തുനിന്ന് കടലിൽ പോകാൻ തയാറെടുക്കുന്ന ബോട്ടുകൾ
ആറാട്ടുപുഴ: 52 ദിവസം നീണ്ട ട്രോളിങ് നിരോധനത്തിനുശേഷം കടലോളം പ്രതീക്ഷയുമായി മത്സ്യബന്ധന ബോട്ടുകൾ വീണ്ടും കടലിലേക്ക്. വ്യാഴാഴ്ച അർധരാത്രി ട്രോളിങ് അവസാനിച്ചതോടെ കായംകുളം ഹാർബറിൽനിന്ന് 200ലേറെ ബോട്ടുകൾ മത്സ്യബന്ധനത്തിന് പുറപ്പെട്ടു. കടലിൽ താഴ്ന്ന കണ്ടെയ്നർ ഉയർത്തുന്ന ഭീഷണിയും കാലാവസ്ഥയിൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റവും ആശങ്ക സൃഷ്ടിക്കുമ്പോഴും വലനിറയുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
കായംകുളം മത്സ്യബന്ധന തുറമുഖം ആഴ്ചകൾക്ക് ശേഷം വീണ്ടും സജീവമായി. തൃക്കുന്നപ്പുഴയിലും തോട്ടപ്പള്ളിയിലും കായലുകളിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകളിൽ ഭൂരിഭാഗവും ബുധനാഴ്ച തന്നെ ഹാർബർ ലക്ഷ്യമാക്കി നീങ്ങിയിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് ഒട്ടുമിക്ക ബോട്ടുകളും കടലിൽ ഇറങ്ങുന്നത്. വല നിറഞ്ഞില്ലെങ്കിൽ പണിപാളുമെന്ന് തൊഴിലാളികൾ പറയുന്നു. വലനിറയുമെന്ന പ്രതീക്ഷയിൽ തന്നെയാണ് തൊഴിലാളികൾ.
ദിവസങ്ങളായി കടലിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു തൊഴിലാളികൾ. ഇന്ധനം നിറക്കുകയും ഐസ്, ആഹാരസാധനങ്ങൾ, കുടിവെള്ളം തുടങ്ങിയവ ശേഖരിക്കുകയും ചെയ്തു. ട്രോളിങ് തീരുന്ന ദിവസം അനുകൂല കാലാവസ്ഥയാണെങ്കിലും എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്ന ആശങ്കയും അവർക്കുണ്ട്. ചെമ്മീനും കണവയും കിളിമീനും വലനിറക്കുമെന്ന പ്രതീക്ഷയിലാണ് അവർ.
ട്രോളിങ് കാലത്ത് പരമ്പരാഗത വള്ളങ്ങൾക്ക് പ്രതീക്ഷിച്ച കോള് ലഭിച്ചിരുന്നില്ല. കണ്ടെയ്നറിൽ ഉടക്കി വലകീറി ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായവർ ഏറെയാണ്. പ്രതികൂല കാലാവസ്ഥ മൂലം ദിവസങ്ങളോളം പണിക്ക് പോകാനും കഴിഞ്ഞില്ല. പണിക്കുപോകാൻ ഇറങ്ങുമ്പോൾ ആഴക്കടലിൽ താഴ്ന്ന കണ്ടെയ്നറുകൾ വലിയ പ്രതിസന്ധിയായി നിലനിൽക്കുന്നു. ഇതിന്റെ സ്ഥാനം അടിക്കടി മാറുന്നതിനാൽ ഭീതിയോടെ അല്ലാതെ മത്സ്യബന്ധനം നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് തൊഴിലാളികൾ പറയുന്നു. അല്ലാതെ തന്നെ വലിയ പ്രതിസന്ധിയാണ് മത്സ്യബന്ധന മേഖല നേരിടുന്നത്.
100 അടി നീളമുള്ള ബോട്ടിന് ഒരുദിവസം മത്സ്യബന്ധനം നടത്താൻ 60,000 മുതൽ 75,000 രൂപ വരെ ചെലവുണ്ട്. ചെറിയ ബോട്ടുകൾക്ക് ഇതിന്റെ പകുതി തുക ചെലവാകും. ഇന്ധനച്ചെലവാണ് ഇവരുടെ നടുവൊടിക്കുന്നത്. നാലുദിവസം കടലിൽ പണിക്ക് പോയി കരയെത്തുമ്പോൾ രണ്ടര ലക്ഷം രൂപയാണ് ചെലവാകുന്നത്. ഇന്ധന സബ്സിഡി മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. വലിയ പലിശക്ക് കടം വാങ്ങിയാണ് അധികംപേരും ബോട്ടുകൾ കടലിലിറക്കാൻ സജ്ജമാക്കിയത്. നിറയെ മത്സ്യവുമായി ബോട്ടുകൾ തീരമണയുന്നത് പ്രതീക്ഷിച്ച് നൂറുകണക്കിനുപേർ ഹാർബറിലും കാത്തിരിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.