കാൻസർ വാർഡിലെ ചിരിയുടെ അറബി പരിഭാഷ കവർ പേജ്(ഇൻസൈറ്റിൽ യൂസഫ് സാഹിബ് നദ്വി)
കായംകുളം: സങ്കടങ്ങളെ നർമത്തിന്റെ മനോഹരമായ മുഖംമൂടിയിൽ മറച്ച് വേദനയുടെ നിമിഷങ്ങളെ പ്രകാശമാനമാക്കിയ ഇന്നസെന്റിന്റെ അനുഭവങ്ങൾ ഇനി അറബി നാട്ടിലും വായിക്കും. സിനിമ താരമായിരുന്ന ഇന്നസെന്റിന്റെ രോഗകാല അനുഭവ സമാഹാരമായ ‘കാൻസർ വാർഡിലെ ചിരി’ ഓച്ചിറ ഉണിശ്ശേരിൽ ഇ. യൂസഫ് സാഹിബ് നദ്വിയാണ് അറബിയിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്.
മലയാളത്തിൽ 2013ൽ പ്രസിദ്ധീകരിച്ച പുസ്തകം ഒട്ടുമിക്ക ഭാഷകളിലേക്കും വിവർത്തനം ചെയ്തപ്പോൾ അറബി ഭാഷയുടെ നിയോഗം യൂസഫ് സാഹിബ് നദ്വിയിൽ എത്തുകയായിരുന്നു. അറബ് ലോകത്തെ പ്രശസ്തരായ ദാറുൽ ഖലമാണ് ഈജിപ്തിലെ കെയ്റോവിൽനിന്ന് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇംഗ്ലീഷ്, ഇറ്റലി, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ നിരവധി ഭാഷകളിൽ പുസ്തകം പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇന്നസെന്റിന്റെ ജീവിതകാല അഭിലാഷമായിരുന്നു അറബി പരിഭാഷ. ദൗത്യം പകുതി പിന്നിട്ടപ്പോഴേക്കും ഇന്നസെന്റ് വിധിക്ക് കീഴടങ്ങിയിരുന്നു. മരണപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് യൂസുഫ് സാഹിബ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നസെന്റിനെ സന്ദർശിച്ച് പരിഭാഷയുടെ വിവരങ്ങൾ നൽകിയിരുന്നു.
ചരിത്രം, സംസ്കാരം തുടങ്ങി വിവിധ വിഷയങ്ങളിലായി അറബിയിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങളുടെ ഉടമയായ യൂസഫ് സാഹിബ് ഒട്ടനവധി അക്കാദമിക് ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ മാതൃസ്നേഹത്തിന്റെ കഥപറയുന്ന ‘ഉമ്മ’, സാഹിത്യകാരനും ഡിപ്ലോമാറ്റുമായിരുന്ന ഖുശ്വന്ത് സിങ്ങിന്റെ ‘മൈ ഗ്രാന്റ് മദർ’ ചെറുകഥയും അറബിയിലേക്ക് പരിഭാഷപ്പെടുത്തി. ‘വിലക്കപ്പെട്ട കനി’ എന്ന പേരിൽ അറബിയിൽ ചെറുകഥയും പ്രസിദ്ധീകരിച്ചു.
സാഹിത്യകാരിയായിരുന്ന കമല സുരയ്യയുടെ ജീവിതത്തെയും സാഹിത്യ സംഭാവനകളെയും അടിസ്ഥാനമാക്കിയ അറബിയിലെ പ്രബന്ധം പ്രസിദ്ധീകരണ ഘട്ടത്തിലാണ്. സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് ആജീവനാന്തര മെംബർ എന്ന നിലയിൽ ഹിസ്റ്ററി കോൺഫറൻസിൽ പ്രബന്ധാവതരണവും നടത്തിയിട്ടുണ്ട്.
ഇന്ത്യൻ സാഹിത്യമേഖലയെ അറബി ഭാഷ സാഹിത്യവുമായി ബന്ധപ്പെടുത്തുകയെന്ന ദൗത്യമാണ് തന്റെ ലക്ഷ്യമെന്ന് യൂസഫ് സാഹിബ് പറയുന്നു. യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ പ്രത്യേക മേൽനോട്ടത്തിൽ ഒക്ടോബർ 23 മുതൽ 25വരെ ദുബൈയിൽ നടക്കുന്ന അന്താരാഷ്ട്ര അറബി ഭാഷ സെമിനാറിലേക്കുള്ള ക്ഷണം അംഗീകാരമായാണ് ഇദ്ദേഹം കാണുന്നത്. നിലവിൽ ‘വക്കം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവിയുടെ അറബിഭാഷ സേവനങ്ങളും പരിഭാഷകളും’ വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗവേഷണം നടത്തുകയാണ്.
അലിഗഡ് മുസ്ലിം സർവകലാശാലയിൽനിന്ന് അറബി ഭാഷയിൽ ബിരുദാനന്തര ബിരുദവും പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും കേരള സർവകലാശാലയിൽനിന്ന് എം.ഫിലും നേടിയിട്ടുണ്ട്. കായംകുളം എം.എസ്.എം കോളജ്, ആറ്റിങ്ങൽ ഗവ. കോളജ് എന്നിവടങ്ങളിൽ അധ്യാപകനായിരുന്നു. നിലവിൽ ശ്രീനാരായണ ഓപൺ സർവകലാശാലയിൽ അക്കാദമിക് കോഓഡിനേറ്ററാണ്. കൃഷ്ണപുരം തയ്യിൽ തെക്ക് ഗവ.എൽ.പി.എസ് അധ്യാപകൻ പരേതനായ കെ. ഇസഹാക്ക് കുഞ്ഞിന്റെയും ഇലിപ്പക്കുളം പുലത്തറയിൽ പരേതയായ ഷരീഫാബീവിയുടെയും മകനാണ്. ഭാര്യ: ഒതായി പാറക്കൽ മുഹ്സിന. മക്കൾ: മർയം, ഫർഹാൻ, മുഹമ്മദ് റയ്യാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.