പഴങ്ങളിലെ രാജകുമാരിയാണത്രേ റമ്പുട്ടാൻ. മുമ്പെങ്ങോ വായിച്ച ഒരോർമയാണത്. ആ പേരിൽ ഒരു ഹ്രസ്വസിനിമ വന്നപ്പോൾ എന്തായിരിക്കും അതിന്റെ ഇതിവൃത്തം എന്നതായിരുന്നു ആകാംക്ഷ. എന്നാൽ, സാധാരണജീവിതത്തിലെ അത്ര അസാധാരണമല്ലാത്ത ഒരു കാര്യമാണ് റമ്പുട്ടാനിൽ പറയുന്നത്. ചെറിയൊരു ടീം വർക്കിന്റെ സിനിമാ പരിശ്രമത്തിന് ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാൻ കഴിഞ്ഞിരിക്കുന്നു.
നമ്മിൽ ഒട്ടേറെ പേർ നടത്തുന്ന പല ചാരിറ്റി പ്രവർത്തനങ്ങളും യഥാർഥത്തിൽ അർഹരായവരിലേക്ക് എത്തുന്നുണ്ടോ എന്ന സദുദ്ദേശപരമായ ഒരു ചിന്ത നമ്മിലുണർത്താൻ ഈ കുഞ്ഞുസിനിമക്ക് കഴിയുന്നുന്നുണ്ട്. ഒപ്പം, ഗുരു ശിഷ്യബന്ധത്തിന്റെ ഈടുവെയ്പ്പുകൾ തന്മയത്വത്തോടെ വരച്ചുചേർത്തിരിക്കുന്നു. ഇല്ലായ്മകൾ പുറത്തറിയിക്കാതെ ആത്മാഭിമാനത്തോടെ, അതിലേറെ നിസഹായതയോടെയും രോഗിയായ ഭാര്യയോടൊപ്പം ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന കുടുംബനാഥൻ, വിദ്യാർഥിയായ മകൾ, അവർക്കു ചുറ്റുമുള്ള കുറെ മനുഷ്യരുടെയും ഒരു ദിവസമാണ് ചിത്രത്തിന്റെ കാതൽ. അത് മനസ്സിൽ തട്ടുംവിധം അവതരിപ്പിക്കാൻ അണിയറയിലുള്ളവർക്ക് സാധിച്ചിരിക്കുന്നു.
സൗദിയില പ്രവാസിയായിരുന്ന റസാഖ് കിണാശ്ശേരിയുടെ കഥക്ക് ഡോ. സതീഷ് മലപ്പുറത്തിന്റേതാണ് തിരക്കഥ. മുജാഹിർ കരുളായി - ജിനേഷ് മാധവ് എന്നിവരുടെ സംവിധാനത്തിൽ പിറവിയെടുത്ത ഈ കുഞ്ഞുസിനിമ കാണികളുടെ ഹൃദയം തൊടും. ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ അതിഭാവുകത്വമില്ലാതെ തങ്ങളുടെ റോളുകൾ മികച്ചതാക്കി. ഇതിലെ മുഖ്യ കഥാപാത്രങ്ങളായി രംഗത്ത് വരുന്നത് നക്ഷത്ര, രാജേഷ്, ബിനിത സോമൻ, മനോജ് കുമാർ, മുരളി കളരിക്കൽ, നന്ദകിഷോർ, ഇക്ബാൽ, മജീദ് എന്നിവരാണ്. സുജിത്ത് കരുളായി (കാമറ), ഷിബു (എഡിറ്റിങ്), നിസാർ (ഡിസൈൻ) എന്നിവരാണ് അണിയറയിലുള്ളവർ. നിലമ്പൂർ കരുളായി സ്വദേശികളുടെ കൂട്ടായ്മയായ ‘ടീം തട്ടിക്കൂട്ട്’ നിർമിച്ചതാണ് റമ്പുട്ടാൻ. ഈ കുഞ്ഞു സിനിമ യൂട്യൂബിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.