അപ്പൻ മരിച്ച ദിവസം
അവൻ വന്നു
അപ്പന്റെ പഴയ ഫോട്ടോയും
കുറിപ്പുമായി
പത്രങ്ങളിൽ
ചരമക്കോളത്തിലയച്ചു.
മരണാനന്തര കാഴ്ചകളുടെ
റീൽസെടുത്ത്
അപ്പന്റെ
കഷ്ടപ്പാടിന്റെ ദിനങ്ങൾ
നനവൂറുന്ന കഥയാക്കി
ഫേസ്ബുക്കിലിട്ടു.
സാന്ത്വനിപ്പിക്കുന്നവരുടെ
മുന്നിൽ
ഗ്ലിസറിൻ തേച്ച
കണ്ണുകൾ സംസാരിച്ചു.
മരണാനന്തര ചടങ്ങുകൾ
പ്രാർഥന
കാപ്പികുടി
വിഭവസമൃദ്ധമാക്കി.
ആളും
ആരവവും
ചടങ്ങുകളും കഴിഞ്ഞപ്പോൾ
ചെലവായ തുകക്ക്
അമ്മയുടെ കനപ്പെട്ട
താലിയും വാങ്ങി
മക്കളും
ഭാര്യയുമായി അവനിറങ്ങുമ്പോൾ
ഏകാന്ത ഭയത്താൽ
അമ്മ ചോദിച്ചു
‘ഇനി എന്നാ?’
‘ഇതുപോലൊരു ദിവസം വരാം.’
അവൻ പറഞ്ഞു.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.