കായംകുളം ഗവ. താലൂക്ക് ആശുപത്രി കെട്ടിടത്തിൽ മരങ്ങൾ കിളിർത്ത നിലയിൽ
കായംകുളം : താലൂക്ക് ആശുപത്രി കെട്ടിടത്തിൻ്റെ ഭിത്തികളിൽ മരം വളരുന്നത് അപകട ഭീഷണി ഉയർത്തുന്നു. കെട്ടിടത്തിന് പുറകുവശം കാട് കയറിയ നിലയിലാണ്. രണ്ട് പതിറ്റാണ്ട് മാത്രം പഴക്കമുള്ള, നൂറു കിടക്കകൾ ഉള്ള വാർഡ് കെട്ടിടത്തിൽ പരിസരത്തെ ആൽ മരത്തിന്റെ വേരുകൾ ആണ്ടിറങ്ങുകയാണ്. ഇതിൽ നിന്നാണ് കെട്ടിടത്തിന്റെ പലഭാഗത്തും ചില്ലകൾ തഴച്ചുവളരുന്നത്. പൊട്ടിയ ഭാഗങ്ങളിലൂടെ ഭിത്തിക്കുള്ളിലേക്ക് വെള്ളം ഇറങ്ങുന്നത് ബലക്ഷയത്തിനും കാരണമായിട്ടുണ്ട്.
വാർഡ് കൂടാതെ, ഒ.പി, ഫാർമസി എന്നിവ ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്ഥിരം നനവുള്ള ശുചിമുറി ഭാഗത്താണ് മരങ്ങൾ കൂടുതലായി വളരുന്നത്. പരാതി ശക്തമാകുമ്പോൾ പുറമെയുള്ള ശിഖിരം വെട്ടിമാറ്റൽ മാത്രമാണ് നടക്കുന്നത്. ഇതിൻ്റെ വേരുകളിൽ നിന്നാണ് വീണ്ടും കിളിർക്കുന്നത്. ഇഷ്ടികയും ടൈലുകളും തകർത്താണ് വേരുകൾ പടരുന്നത്. കാലവർഷം ശക്തമായ പശ്ചാത്തലത്തിൽ ഇതിന്റെ വളർച്ച കെട്ടിടത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
കാടുമൂടിയ ചുറ്റുഭാഗം ഇഴജന്തുക്കളുടെ കേന്ദ്രമാണ്. വള്ളിപ്പടർപ്പുകൾ ജനാലകളിലൂടെ കെട്ടിടത്തിനകത്തേക്കും പടരുകയാണ്. ഇതിന് അടിയന്തര പരിഹാരം കാണണമെന്ന് യു.ഡി.എഫ് പാർലമെൻ്ററി പാർട്ടി ലീഡർ സി.എസ്. ബാഷ ആവശ്യപ്പെട്ടു. പുറമെയുള്ള മിനുക്കുപണികളല്ലാതെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുകയാണ്. ജനറേറ്റർ നന്നാക്കുന്നതിലും അത്യാഹിത വാർഡ് പ്രവർത്തിപ്പിക്കുന്നതിലും തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.