കായംകുളം: അഴിമതി നിഴലിലായ ശൗചാലയ മാലിന്യ സംസ്കരണ പദ്ധതിയിൽ മെയിന്റനൻസ് കരാർ റദ്ദാക്കി തലയൂരാൻ സി.പി.എം നീക്കം. സി.പി.എം പാർലമെന്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. പദ്ധതി നഗരത്തിന് ബാധ്യതയായി മാറുമെന്ന ഭൂരിപക്ഷം കൗൺസിലർമാരുടെയും അഭിപ്രായത്തെ മറികടന്നാണ് നിർദേശം.
പദ്ധതിയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിലും പാർട്ടിയുടെ മുഖംരക്ഷിക്കാൻ ഏവരും സഹകരിക്കണമെന്നായിരുന്നു നേതൃത്വത്തിന്റെ ആവശ്യം. ഭരണകാലാവധി തീരാറായിരിക്കെ കടുംപിടിത്തം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച സമ്മതിച്ച ചെയർപേഴ്സൻ സെക്രട്ടറിയെ തള്ളിപ്പറഞ്ഞതായാണ് ലഭിക്കുന്ന വിവരം.
സെക്രട്ടറി തെറ്റിദ്ധരിപ്പിച്ചതിനാലാണ് മുൻകൂർ അനുമതി നൽകിയതെന്നായിരുന്നു വിശദീകരണം. കൗൺസിലർമാരുടെ പൊതുവികാരവും നഗരസഭ സെകട്ടറിക്ക് എതിരായിരുന്നു. അതേസമയം, പദ്ധതിക്ക് നേതൃത്വം നൽകിയ സെക്രട്ടറിയെ പരസ്യമായി തള്ളിപ്പറയണമെന്ന നേതൃനിർദേശം നടപ്പാക്കാതിരുന്നത് കൗൺസിലർമാരുടെ അമർഷത്തിനും കാരണമായി.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ മന്ത്രി സജി ചെറിയാനാണ് കഴിഞ്ഞ ഏരിയ കമ്മിറ്റിയിൽ സെക്രട്ടറിയുടെ വീഴ്ച പരസ്യമാക്കണമെന്ന് നിർദേശിച്ചത്. ഇതിനിടെ നഗരത്തിലെ ലോക്കൽ സെക്രട്ടറിമാരെ യോഗത്തിലേക്ക് വിളിക്കാതിരുന്നതും വിമർശനത്തിന് കാരണമായി.
സ്ഥിരംസമിതി അധ്യക്ഷരായ എസ്. കേശുനാഥ്, മായ, ഫർസാന ഹബീബ്, പി.എസ്. സുൽഫിക്കർ, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഹരിലാൽ, സി.പി.എം ഫ്രാക്ഷൻ ലീഡർ ബിജു തുടങ്ങിയവർ പദ്ധതി നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടികാട്ടി. ചൊവ്വാഴ്ച നടന്ന യോഗത്തിൽ തീരുമാനമാകാതിരുന്നതിനെ തുടർന്നാണ് ബുധനാഴ്ച വൈകീട്ട് വീണ്ടും കൂടിയത്.
ഇതിലാണ് അഞ്ചുവർഷത്തെ മെയിന്റനൻസ് കരാർ റദ്ദാക്കുക, കമ്പനിയുമായി ചർച്ച നടത്തി തുകയിൽ കുറവ് വരുത്തുക, കരാർ ഒരുവർഷത്തേക്ക് മാത്രമായി ചുരുക്കുക എന്നീ നിർദേശങ്ങൾ ഉയർന്നത്. നഗരസഭയുടെ ചുമതലയുള്ള ജില്ല കമ്മിറ്റി അംഗം പി. ഗാനകുമാറാണ് നിർദേശം ഉന്നയിച്ചത്.
പ്രത്യേക കൗൺസിൽ വിളിച്ച് പദ്ധതിക്ക് നൽകിയ മുൻകൂർ അനുമതിക്ക് അംഗീകാരം നൽകണമെന്നും നിർദേശിച്ചു. ജില്ല കമ്മിറ്റി അംഗം ഷേക് പി. ഹാരീസ്, ഏരിയ സെക്രട്ടറി ബി. അബിൻഷ എന്നിവരും പങ്കെടുത്തു. പദ്ധതി നടത്തിപ്പിൽ വീഴ്ച ചൂണ്ടിക്കാട്ടിയ സി.പി.ഐ ഇതുവരെ പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഇവരുടെ അഭിപ്രായംകൂടി കേൾക്കാൻ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി വിളിച്ചെങ്കിലും ഇതൊഴിവാക്കിയാണ് സി.പി.എം മാത്രമായി കൂടിയത്. പദ്ധതിക്ക് അംഗീകാരം നൽകണമെന്ന് സി.പി.എം തീരുമാനിച്ചതോടെ സി.പി.ഐ എന്ത് നിലപാട് സ്വീകരിക്കുമെന്നതും പ്രസക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.