കായംകുളം: നഗരസഭയുടെ ശൗചാലയ മാലിന്യ സംസ്കരണ പദ്ധതിയുമായി ബന്ധപ്പെട്ട കൗൺസിലർമാരുടെ വിലയേറിയ അഭിപ്രായം കൗൺസിൽ മിനിറ്റ്സിൽ നിന്ന് ഒഴിവാക്കിയ നടപടി വിവാദമാകുന്നു. പരസ്യമായി വിയോജിച്ച ഭരണപക്ഷ കൗൺസിലർമാർ വരെ പദ്ധതിയെ അനുകൂലിച്ചതായാണ് മിനിറ്റ്സിലുള്ളത്. ചൂണ്ടിക്കാട്ടിയ വിമർശനങ്ങളും വീഴ്ചകളും ഒഴിവാക്കിയതിനെതിരെ ഭരണപക്ഷത്ത് ശക്തമായ വിമർശനമാണുള്ളത്. ചിലരെങ്കിലും വിയോജനക്കുറിപ്പ് നൽകുമെന്നും സൂചനയുണ്ട്. പോരായ്മകളും വീഴ്ചകളും സംബന്ധിച്ചുയുർന്ന ആക്ഷേപങ്ങളുടെ വീഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുമ്പോഴാണ് മിനിറ്റ്സിലെ വെട്ടിനിരത്തൽ ചർച്ചയാകുന്നത്.
പദ്ധതിയിലുയർന്ന പ്രത്യക്ഷ വിമർശനം പരോക്ഷമാക്കിയാണ് മിനിറ്റ്സ് പുറത്തുവന്നിരിക്കുന്നത്. സെക്രട്ടറിക്കും ഉദ്യോഗസ്ഥതലത്തിലും വീഴ്ച വന്നതായി മാത്രമാണ് ഏരിയ കമ്മിറ്റിയംഗം കുടിയായ സ്ഥിരം സമിതി അധ്യക്ഷൻ എസ്. കേശുനാഥ്, എൽ.ഡി.എഫ് പാർലമെൻററി പാർട്ടി സെക്രട്ടറി ഹരിലാൽ എന്നിവരുടെ അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഡി.പി.സി അംഗീകാരമില്ലാത്ത പദ്ധതിക്ക് എങ്ങനെ ടെണ്ടർ നടത്തുമെന്നും ആരോഗ്യ സ്ഥിരം സമിതിയിൽ വിഷയം എത്തിയിട്ടില്ലെന്നും മാത്രമാണ് അധ്യക്ഷ ഫർസാനയുടെ അഭിപ്രായമായി ഉൾപ്പെട്ടത്. സ്ഥിരം സമിതി അധ്യക്ഷരായ ഷാമില അനിമോൻ, മായാദേവി, പി.എസ്. സുൽഫിക്കർ, സി.പി.ഐക്കാരനായ കൗൺസിലർ നാദിർഷ ചെട്ടിയത്ത് എന്നിവരുടെ ആക്ഷേപങ്ങളും ഇടം പിടിച്ചില്ല. ഇവർ പദ്ധതിയെ അനുകൂലിച്ചതായാണ് രേഖപ്പെടുത്തിയത്. സി.പി.ഐയിലെ വൈസ് ചെയർമാൻ ആദർശിന്‍റെ അഭിപ്രായങ്ങൾ ബോധപൂർവം ഒഴിവാക്കിയതായും ആക്ഷേപമുണ്ട്.
കരാറിൽ വ്യക്തത വേണമെന്നും പദ്ധതി സുതാര്യമാണെന്ന് ഉറപ്പായാൽ മാത്രമെ ബാക്കി തുക നൽകാവുവെന്ന തരത്തിലാണ് ഭരണപക്ഷത്തെ അഭിപ്രായങ്ങൾ മിനിറ്റ്സിൽ ഇടം പിടിച്ചിരിക്കുന്നത്. ഇതിലൂടെ പദ്ധതിയിലെ ചട്ടവിരുദ്ധത സംബന്ധിച്ച ഭിന്നത രേഖകളിലും ഇടം നേടിയിരിക്കുകയാണ്. അഭിപ്രായങ്ങൾ ഒഴിവാക്കിയതിന് എതിരെയുള്ള പരാതി പാർട്ടി നേതൃത്വത്തിന് മുന്നിൽ എത്തിയതായും അറിയുന്നു. യു.ഡി.എഫ് നൽകിയ അവിശ്വാസം 19ന് ചർച്ചക്ക് എടുക്കുന്ന പശ്ചാത്തലത്തിൽ ഭരണപക്ഷത്തെ ഭിന്നത മുന്നണി നേതൃത്വത്തിൽ ആശങ്കക്ക് കാരണമാണ്. ഇതിന് മുന്നായി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള തീവ്ര ശ്രമങ്ങളാണ് നേതൃത്വം നടത്തുന്നത്.
മിനിറ്റ്സിലെ കൃത്രിമം അംഗീകരിക്കില്ല - എ.പി. ഷാജഹാൻ
കായംകുളം: ശൗചാലയ മാലിന്യ സംസ്കരണ പദ്ധതിയുമായി ബന്ധപ്പെട്ട് ചേർന്ന കൗൺസിലിന്‍റെ മിനിറ്റ്സിൽ കൗൺസിലർമാരുടെ അഭിപ്രായം മാറ്റിയെഴുതിയ നടപടി അംഗീകരിക്കാനാകില്ലെന്ന് കൗൺസിലറും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ എ.പി. ഷാജഹാൻ പറഞ്ഞു. കഴിഞ്ഞ മൂന്നിന് നടന്ന യോഗത്തിന്‍റെ മിനിറ്റ്സ് 10 ദിവസം വൈകിച്ചാണ് കൃത്രിമം കാട്ടിയത്. ഭരണപക്ഷത്ത് നിന്നുള്ള ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഫർസാന ഹബീബ് അടക്കമുള്ള കൗൺസിലർമാർ പദ്ധതിക്ക് മുൻകൂർ പണം അനുവദിച്ചതിൽ ശക്തമായ വിയോജനമാണ് പരസ്യമാക്കിയത്. ഇത് രേഖകളിൽ ഇല്ല.
വിമർശനം പരസ്യമാക്കിയവരെ പദ്ധതിക്ക് അനുകൂലിച്ച് എന്ന് രേഖപ്പെടുത്തിയത് ജനാധിപത്യ നടപടിക്രമങ്ങളെ വെല്ലുവിളിക്കുന്നതാണ്. ഇവർക്ക് ഒപ്പം യു.ഡി.എഫും ബി.ജെ.പിയും വിയോജനം രേഖപ്പെടുത്തിയ പദ്ധതി പാസായതായി ചെയർപേഴ്സൻ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. രണ്ട് അജണ്ടയിൽ ഒരെണ്ണത്തിൽ മാത്രമാണ് ചർച്ചയുണ്ടായത്. തുടർന്ന് ബഹളത്തിൽ പിരിയുകയായിരുന്നു. എന്നാൽ രണ്ട് ചർച്ചകളും മിനിറ്റ്സിൽ ഇടം പിടിച്ചത് അഴിമതിക്ക് വെള്ള പൂശാനുള്ള നടപടിയാണ്. ഇതിനെതിരെ നിയമപരമായ മാർഗങ്ങൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.