ആലപ്പുഴ പുന്നമടയിലെ നെഹ്റു ട്രോഫി മത്സരത്തിൽനിന്ന് (ഫയൽ ചിത്രം)
ആലപ്പുഴ: ആഗസ്റ്റ് രണ്ടാം ശനിയാഴ്ചയെന്ന പതിവ് തെറ്റിച്ചാണ് ഇക്കുറിനെഹ്റു ട്രോഫി വള്ളംകളിയെത്തുന്നത്. ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ എത്തുന്ന വള്ളംകളിക്ക് ഒരുമാസം മാത്രമാണ് അവശേഷിക്കുന്നത്. വള്ളംകളിയുടെ സംഘാടനം കൂടുതൽ മെച്ചപ്പെടുത്തിയും പുതിയ മാനദണ്ഡങ്ങൾ തയാറാക്കിയും ആഗസ്റ്റ് 30നാണ് ജലരാജക്കന്മാർ കൊമ്പുകോർക്കുന്ന പുന്നമടപ്പൂരം അരങ്ങേറുന്നത്.
വള്ളംകളിയേക്കാള്‍ ലഹരിപിടിപ്പിക്കുന്ന മറ്റൊന്നും കുട്ടനാട്ടുകാർക്കില്ല. ആര്‍പ്പുവിളിയിലും ആരവത്തിലും വള്ളംകളി കുട്ടനാട്ടുകാരുടെ സിരകളില്‍ നുരയുന്ന ഊർജമാണ്. നെഹ്റു ട്രോഫിയുടെ ആരവമുയർത്താൻ കായലോരത്ത് ചുണ്ടൻവള്ളങ്ങളുടെ പരിശീലനം തകൃതിയാണ്.
ഇനിയുള്ള നാളുകളിൽ ജലായശങ്ങളിൽ എങ്ങും ആർപ്പുവിളികളും ആരവങ്ങളും വഞ്ചിപ്പാട്ടുകളും ഉയരും. കുട്ടനാടിന്റെ വിവിധ ജലാശയങ്ങൾ കേന്ദ്രീകരിച്ചാണ് പലരുടെയും തുഴച്ചിൽ. പല ചുണ്ടൻവള്ളങ്ങളും പുതുക്കിപ്പണിതാണ് നീറ്റിലിറക്കുന്നത്. ചിട്ടയായ പരിശീലനത്തോടെയാണ് ക്ലബുകൾ തുഴച്ചിലുക്കാരെ മത്സരത്തിനായി തയാറാക്കുന്നത്. ഇതിനായി പ്രത്യേക കായിക പരിശീലകരെയും ക്ലബുകൾ നിയോഗിച്ചിട്ടുണ്ട്. കൂടാതെ പ്രഫഷനൽ തുഴച്ചിലുക്കാരും പല ടീമുകളുടെയും ഭാഗമാകും. ഭൂരിപക്ഷം മുൻനിര ക്ലബുകൾ പരിശീലനം ആരംഭിച്ചു.
ആലപ്പുഴ: വള്ളങ്ങളിലെ സ്റ്റാർട്ടിങ്-ഫിനിഷിങ് സംവിധാനങ്ങളുടെ സാങ്കേതികവിദ്യയുടെ ‘ജലപരീക്ഷണം’ പുന്നമടയിൽ നടന്നു. ഡിവൈസിനായി താൽപര്യമറിയിച്ച് അപേക്ഷിച്ചവരുടെ ടെൻഡർ നടപടി വെള്ളിയാഴ്ച അവസാനിക്കും. ഏറ്റവും ചെലവുകുറഞ്ഞതും പ്രായോഗികവും കുറ്റമറ്റതുമായ ഡിവൈസായിരിക്കും വെള്ളിയാഴ്ച തെരഞ്ഞെടുക്കുന്നത്. ഏറ്റവും ഫലപ്രദമായ ഡിവൈസ് കണ്ടെത്താനാണ് പരീക്ഷണം നടത്തിയത്. ആലപ്പുഴ മുഹമ്മ സ്വദേശി ഋഷികേശ്, സ്വകാര്യ ഏജൻസി എന്നിവരുടെ ഡിവൈസ് പരിശോധിച്ചത്.
ആലപ്പുഴ: കഴിഞ്ഞവർഷം നഷ്ടത്തിലായ വള്ളംകളിയെ തിരിച്ചുപിടിക്കാൻ സ്പോൺസർമാരെ കണ്ടെത്താൻ ഏജൻസിയും. ഏജൻസികളെ തെരഞ്ഞെടുക്കാൻ താൽപര്യപത്രം ക്ഷണിച്ചിരുന്നു. ഇതിൽനിന്ന് മൂന്നു ഏജൻസികളെയാണ് തെരഞ്ഞെടുത്തത്. ഇവരാണ് വള്ളംകളിയുടെ സ്പോൺസർമാരെ കണ്ടെത്തുന്നത്. ഇത്തവണ സി.ബി.എൽ നെഹ്റു ട്രോഫിയുടെ ഭാഗമല്ല. അതിനാൽ ടൂറിസം വകുപ്പിൽനിന്നുള്ള മറ്റ് സഹായങ്ങൾ ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് എൻ.ടി.ബി.ആർ സൊസെറ്റി ഏജൻസികളുടെ സേവനംതേടിയത്.
സ്പോൺസർഷിപ്പിലൂടെ രണ്ടുകോടി സമാഹരിക്കുകയാണ് ലക്ഷ്യം. 3.78 കോടിയുടെ ബജറ്റാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. സർക്കാറിൽനിന്ന് ഗ്രാന്റായി ഒരുകോടി മാത്രമാണ് ധനസഹായം കിട്ടുന്നത്. കഴിഞ്ഞ വർഷം 34.20 ലക്ഷം രൂപയായിരുന്നു കടം. കഴിഞ്ഞവർഷം അവസാനവട്ട തയാറെടുപ്പുകൾ പൂർത്തിയായ ഘട്ടത്തിലാണ് ചൂരൽമല ദുരന്തമുണ്ടായത്. തുടർന്ന് വള്ളംകളി മാറ്റിവെക്കേണ്ടിവന്നതിനാൽ പന്തലും ട്രാക്കുമെല്ലാം വീണ്ടും ഒരുക്കേണ്ടി വന്നു.
ആലപ്പുഴ: ഇത്തവണ ജലമേള നടത്തിപ്പ് മാലിന്യനിയന്ത്രണ ചട്ടങ്ങളും തണ്ണീർത്തട നിയമങ്ങൾ കര്‍ശനമായി പാലിക്കും. വള്ളംകളിക്കിടെ തണ്ണീർത്തടത്തിലേക്ക് ഖര-ദ്രവ മാലിന്യം നിക്ഷേപിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ജലോത്സവം നടക്കുമ്പോൾ നിയന്ത്രണങ്ങള്‍ പൂർണമായും പാലിക്കുന്നുണ്ടോയെന്ന് കൃത്യമായി നിരീക്ഷിക്കുമെന്ന് ശുചിത്വ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പൂർണമായും ഒഴിവാക്കും.
തുണിയിലും ചണത്തിലും പേപ്പറിലും നിർമിച്ച സഞ്ചികളാണ് സന്ദർശകരും വള്ളംകളി ടീമുകളും കൈയിൽ കരുതേണ്ടത്. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂർണമായും ഒഴിവാക്കും. ഹരിതചട്ട ഉത്തരവുകൾ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും. മാലിന്യം തള്ളാനിടയുള്ള സ്ഥലങ്ങളിൽ തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ ഇവ തരംതിരിച്ച് നിക്ഷേപിക്കാനുള്ള ശേഖരണ ബിന്നുകൾ സ്ഥാപിക്കും. കൃത്യമായ ഇടവേളകളിൽ മാലിന്യ ശേഖരണ, സംസ്കരണ പ്രവർത്തനങ്ങൾ ശുചിത്വ മിഷൻ ഉറപ്പ് വരുത്തും.
ആലപ്പുഴ: ഈമാസം എട്ടിന് ചേരുന്ന എൻ.ടി.ബി.ആർ യോഗത്തിൽ ടെക്നിക്കൽ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം തയാറാക്കുന്ന പുതിയ നിയമാവലി അവതരിപ്പിക്കും. നിലവിൽ 22 ചട്ടങ്ങളാണ് നെഹ്റു ട്രോഫിക്കുള്ളത്. ടെക്നിക്കൽ കമ്മിറ്റി റിപ്പോർട്ട് പ്രകാരം നിയമങ്ങളിലും നടത്തിപ്പിലും കൂടുതൽ പരിഷ്കരണങ്ങളുണ്ടാകും. അന്തിമ നിയമാവലി യോഗത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടും. ഈ നിയമാവലിയായിരിക്കും ക്യാപ്റ്റൻസ് ക്ലീനിൽ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് 20ന് ക്യാപ്റ്റൻസ് ക്ലീനിക് നടത്താനുള്ള മുന്നൊരുക്കവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.