ആലപ്പുഴ: നഗരത്തിലെ പാതയോരങ്ങൾ കീഴടക്കിയ തെരുവുനായ് ശല്യത്തിനെതിരെ തുറന്നടിച്ച് ജനപ്രതിനിധികൾ. ആലപ്പുഴ നഗരസഭ കൗൺസിൽ യോഗത്തിലാണ് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗൺസിലർമാർ പരാതിയുടെ കെട്ടഴിച്ചത്. ഏത് സമയത്തും ആക്രമണം പ്രതീക്ഷിച്ചാണ് വഴിനടക്കുന്നതെന്നും അവർ തുറന്നടിച്ചു. നഗരത്തിൽ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ കൊണ്ടുവന്ന പദ്ധതികളൊന്നും ഫലപ്രദമായില്ലെന്നും പരാതിയുയർന്നു.
ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന് അനാസ്ഥയാണെന്ന് പ്രതിപക്ഷനേതാവ് അഡ്വ. റീഗോ രാജു ആരോപിച്ചു. കഴിഞ്ഞദിവസം പേവിഷബാധയെന്ന് സംശയിച്ച് ആരോഗ്യവിഭാഗം പിടിച്ചുകൊണ്ടുപോയ നായെ കുഴപ്പമില്ലെന്ന് കണ്ടെത്തി തുറന്നുവിട്ടു. കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് പിടിച്ച നായ് വേറെയാണെന്ന് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. ഇത് ഏറ്റുപിടിച്ചായിരുന്നു ഭരണകക്ഷിയുടെ മറുപടി. തെരുവുനായ് നിയന്ത്രണത്തിന് അഞ്ചുലക്ഷം രൂപ ജില്ല പഞ്ചായത്തിന് നൽകുന്നുണ്ടെന്നും അത് ഉപയോഗിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ.എസ്. കവിത ആരോപിച്ചു.
നായ്ക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാറിൽനിന്ന് വന്നിട്ടില്ലെന്ന് നഗരസഭ അധ്യക്ഷ കെ.കെ. ജയമ്മ പറഞ്ഞു. തെരുവുനായ്ക്കൾക്കും വളര്‍ത്തുനായ്ക്കള്‍ക്കും വാക്സിനേഷന് ഊർജിതമാക്കാനും ആക്രമണകാരികളായ തെരുവുനായ്ക്കളെ പിടികൂടാൻ രണ്ട് തൊഴിലാളികള്‍ക്ക് ജില്ല വെറ്ററിനറി വിഭാഗത്തിന്റെ സഹായത്തോടെ പരിശീലനം നല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു. ഇതിന് ഹെൽത്ത് ഓഫിസറെ ചുമതലപ്പെടുത്തിയെന്ന് അവർ പറഞ്ഞു.
തെരുവനായ് ശല്യം രൂക്ഷമായ നേരത്തേയും രണ്ടുപേർക്ക് പരിശീലനം നൽകാൻ കൗൺസിൽ തീരുമാനിച്ചെങ്കിലും അത് നടപ്പായിട്ടില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാമെന്ന് വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ മറുപടിയും നൽകി. ആലിശ്ശേരി കോളനിയിൽ 41 പേർക്ക് പട്ടയം നൽകാൻ ഫ്രെബുവരിയിൽ എടുത്ത തീരുമാനം ഇനിയും നടപ്പായിട്ടില്ലെന്നായിരുന്നു സി.പി.ഐ കൗൺസിലർ ബി. നസീറിന്റെ പരാതി.
എല്ലാവർക്കും രണ്ടര സെന്റ് ഭൂമിവീതം നൽകാൻ നടപടി പുരോഗമിക്കുകയാണെന്ന് സെക്രട്ടറി ഷിബു എൽ. നാൽപാട്ട് പറഞ്ഞു. നഗരസഭ ചെയര്പേഴ്സൻ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈൻ, സ്ഥിരംസമിതി അധ്യക്ഷരായ എം.ആർ. പ്രേം, എ.എസ്. കവിത, നസീർ പുന്നക്കല്‍, എം.ജി. സതീദേവി, കക്ഷിനേതാക്കളായ സൗമ്യരാജ്, അഡ്വ. റീഗോരാജു, ഡി.പി. മധു, ഹരികൃഷ്ണന്, പി. രതീഷ്, കൗൺസിലർമാരായ ബി. അജേഷ്, മനു ഉപേന്ദ്രൻ, ബി. നസീര്‍, അരവിന്ദാക്ഷന്, എല്ജിന് റിച്ചാഡ്, കൊച്ചുത്രേസ്യാമ്മ ജോസഫ്, ഹെലൻ ഫെർണാണ്ടസ്, നജിത ഹാരിസ് എന്നിവർ സംസാരിച്ചു.
നഗരറോഡുകളുടെ വിവരം ഇനി വിരൽത്തുമ്പിൽ. നഗരസഭ വാര്‍ഷിക പദ്ധതിയിൽപെടുത്തി കരകുളം ഗ്രാമീണ പഠനകേന്ദ്രംവഴി ശേഖരിച്ച നഗരപരിധിയയിലെ 478.88 കിലോമീറ്റര്‍ റോഡുകളുടെ വിവരങ്ങള്‍ ആര്.ട്രാക്കില്‍ ഉള്‍പ്പെടുത്തി എൻജിനീയറിങ് വിഭാഗം പരിശോധിച്ച് ഉറപ്പുവരുത്തിയതിന് കൗണ്‍സില്‍ അംഗീകാരം നല്കി. നഗരാസൂത്രണ വികസന പ്രവര്‍ത്തനങ്ങള്‍, ടൗണ്‍ പ്ലാനിങ്, റോഡുകളുടെ തരംതിരിച്ചുള്ള കെട്ടിട നികുതി എന്നിവ സുഗമമമായി നടത്താന്‍ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.