കൊച്ചി: മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും സാഹിത്യ നിരൂപകനും അധ്യാപകനും വാഗ്മിയുമായ പ്രഫ. എം.കെ. സാനു വിട വാങ്ങി. 97 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മലയാളികൾ സാനു മാഷ് എന്നുവിളിച്ച പ്രഫസർ എം.കെ. സാനുവിന്റെ അന്ത്യം.. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ന്യൂമോണിയ, പ്രമേഹം എന്നിവയും അലട്ടിയിരുന്നു. കഴിഞ്ഞ മാസം 25നാണ് വീട്ടിൽ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റത്. തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ ശ്വാസതടസ്സമുണ്ടായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു. ഇന്ന് വൈകീട്ട് 5.35ഓടെയായിരുന്നു പ്രഫ. സാനുവിന്റെ വിയോഗം. കേരള സാഹിത്യത്തിലെ കാരണവരാണ് വിടപറഞ്ഞിരിക്കുന്നത്.
1928 ഒക്ടോബർ 27ന് ആലപ്പുഴയിലെ തുമ്പോളിയിലാണ് ജനിച്ചത്. എം.സി. കേശവനും കെ.പി. ഭവാനിയുമാണ് മാതാപിതാക്കൾ. സമ്പന്ന കൂട്ടുകുടുംബത്തിൽ ജനിച്ച എം.കെ.സാനു അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിന്റെ കയ്പുനീരറിഞ്ഞു. വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നിരവധി കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.
നാലു വർഷത്തോളം സ്കൂൾ അധ്യാപകനായിരുന്നു. പിന്നീട് വിവിധ സർക്കാർ കോളജുകളിൽ അധ്യാപകനായി. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ൽ അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ചു. 1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. രാഷ്ട്രീയത്തിലും ഒരു കൈനോക്കി. 1987ൽ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർഥിയായാണ് മത്സരിച്ച് വിജയിച്ചത്. കോൺഗ്രസിന്റെ എ.എൽ. ജേക്കബ് ആയിരുന്നു എതിരാളി.
നിരവധി പ്രശസ്ത സാഹിത്യകാരൻമാരുടെ ജീവചരിത്ര കുറിപ്പുകൾ എഴുതിയിട്ടുണ്ട്. ചങ്ങമ്പുഴയെ കുറിച്ചുള്ള 'ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം', വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള 'ഏകാന്തവീഥിയിലെ അവധൂതൻ', പി.കെ. ബാലകൃഷ്ണനെ കുറിച്ചുള്ള 'ഉറങ്ങാത്ത മനീഷി' എന്നിവ പ്രശസ്തമാണ്. കുമാരനാശാന്റെ കവിതകളെ കുറിച്ച് ആഴത്തിലുള്ള പഠനവും നടത്തിയിട്ടുണ്ട്. നിരവധി പ്രമുഖരുടെ അധ്യാപകൻ കൂടിയായിരുന്നു സാനു മാഷ്. അദ്ദേഹത്തിന്റെ ശിഷ്യ സമ്പത്ത് വളരെ വലുതാണ്. എഴുത്തച്ഛൻ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, എൻ.കെ. ശേഖർ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം എന്നിവ തേടിയെത്തി.
പരേതയായ എൻ. രത്നമ്മയാണ് ഭാര്യ. മക്കൾ: എം.എസ്.രഞ്ജിത് (റിട്ട.ഡപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനീയർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്), എം.എസ്.രേഖ, ഡോ.എം.എസ്.ഗീത (ഹിന്ദി വിഭാഗം റിട്ട.മേധാവി, സെന്റ് പോൾസ് കോളജ്, കളമശേരി), എം.എസ്.സീത (സാമൂഹികക്ഷേമ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ), എം.എസ്.ഹാരിസ് (മാനേജർ, എനർജി മാനേജ്മെന്റ് സർവീസസ്, ദുബായ്). മരുമക്കൾ: സി.വി.മായ, സി.കെ.കൃഷ്ണൻ (റിട്ട.മാനേജർ, ഇന്ത്യൻ അലുമിനിയം കമ്പനി), അഡ്വ.പി.വി.ജ്യോതി (റിട്ട.മുനിസിപ്പൽ സെക്രട്ടറി), ഡോ.പ്രശാന്ത് കുമാർ (ഇംഗ്ലിഷ് വിഭാഗം മുൻ മേധാവി, കാലടി സംസ്കൃത സർവകലാശാല), മിനി (ഇലക്ട്രിക്കൽ എൻജിനീയർ, ദുബായ്).
നാളെ രാവിലെ ഒമ്പതു മണി മുതല്‍ 10 വരെ വീട്ടില്‍ പൊതുദര്‍ശനം നടക്കും. 10 മണി മുതല്‍ എറണാകുളം ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.