കേരളത്തെ അപമാനിക്കുന്ന സിനിമക്ക് ദേശീയ പുരസ്കാരം നൽകിയത് അംഗീകാരമായി കണക്കാക്കാനാകില്ല; കേരള സ്റ്റോറിക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സ്‌റ്റോറിക്ക്‌ വിമർശനവുമായി വീണ്ടും മുഖ്യമന്ത്രി. തിരുവനന്തപുരത്ത്‌ നടക്കുന്ന ദ്വിദിന സിനിമ കോൺക്ലേവിന്റെ ഉദ്‌ഘാടന പ്രസംഗത്തിലാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ കേരള സ്‌റ്റോറി സിനിമയെ വിമർശിച്ചത്‌. കേരള സമൂഹത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു ചലച്ചിത്രത്തിന് ദേശീയ പുരസ്കാരം നല്‍കിയത് കലയ്ക്കുള്ള അംഗീകാരമായി കണക്കാക്കാനാവില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. വർഗീയ വിദ്വേഷം പടർത്തുന്നതിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ദുരുപയോഗിക്കുന്ന സാംസ്കാരിക ദുഷിപ്പിനുള്ള അംഗീകാരമാണ് കേരള സ്റ്റോറി എന്ന സിനിമയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരം.

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്നതും കേരളത്തെ ലോകസമക്ഷം അപകീർത്തിപ്പെടുത്തി അവതരിപ്പിക്കുന്നതുമായ ഒരു ചലച്ചിത്രം അംഗീകരിക്കപ്പെട്ടത് ദൗർഭാഗ്യകരമാണ്. ഇന്ത്യൻ സിനിമയുടെ മഹത്തായ സാംസ്കാരിക പൈതൃകം കൂടിയാണ് ഇതിലൂടെ അപമാനിക്കപ്പെട്ടത്. കലയെ വിലയിരുത്തുന്നതിന് കലയ്ക്കപ്പുറമുള്ള മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. രാജ്യത്തിന്റെ മതനിരപേക്ഷത തകർത്ത്, അതിനെ വർഗീയത കൊണ്ട് പകരം വയ്ക്കുന്നതിന് വേണ്ടി കലയെ ഉപയോഗിക്കണം എന്ന സന്ദേശമാണ് ഇതിന് പിന്നില്‍. കേരളത്തിലെ സാംസ്കാരിക സമൂഹം വിശേഷിച്ച് ചലച്ചിത്ര സമൂഹം ദുരുപദിഷ്ടമായ ഈ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം കേരള സ്‌റ്റോറിയുടെ സംവിധായകന്‌ നൽകിയതിനെതിരെ സംസ്ഥാനത്ത്‌ വിമർശനം വ്യാപകമാകുന്നതിനിടെയാണ്‌ മുഖ്യമന്ത്രി വീണ്ടും ഇക്കാര്യം ആവർത്തിച്ചത്‌. ചലച്ചിത്ര പുരസ്‌കാരങ്ങളെ രാഷ്ട്രീയവത്ക്കരിക്കുന്നതായി ആരോപിച്ച് സംസ്ഥാനത്തെ രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവർ ‘ദി കേരള സ്‌റ്റോറി’ ക്ക് എതിരെ രംഗത്ത് വന്നിരുന്നു.

കേരളത്തെ അപമാനിച്ചതിന് സംഘപരിവാര്‍ നല്‍കിയ കൂലിയാണ്‌ കേരളാ സ്റ്റോറിയുടെ സംവിധായകന് ലഭിച്ച ദേശീയപുരസ്‌കാരമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയതലത്തില്‍ കേരളത്തെ അപമാനിക്കുക എന്ന ഒറ്റലക്ഷ്യം മുന്‍നിര്‍ത്തിയാണ് സിനിമ നിര്‍മ്മിച്ചത്. ആ സിനിമയുടെ സംവിധായകന് ഇന്ത്യയിലെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നല്‍കിയത് മതനിരപേക്ഷ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.

മലയാള താരങ്ങള്‍ നേടിയ നേട്ടങ്ങളുടെ തിളക്കം കെടുത്തുന്നതാണ് കേരള സ്റ്റോറിക്ക്‌ ലഭിച്ച അംഗീകാരമെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇത് കലയോടുള്ള നീതിയല്ല, മറിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണെന്നും ഇത്തരം പ്രവണതകൾ നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഒട്ടും ചേർന്നതല്ലെന്നും അദ്ദേഹം കുറിച്ചു.

മതവിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് 'ദി കേരള സ്റ്റോറി' എന്ന സിനിമക്ക് പുരസ്കാരം നൽകിയതെന്നും ഇത്‌ അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശൻ വ്യക്തമാക്കി. ദേശീയ ചലച്ചിത്ര പുരസ്കാരത്തിലും ബി.ജെ.പി ലക്ഷ്യമിടുന്നത് വിദ്വേഷ കാമ്പയിൻ ആണ്. ക്രൈസ്തവവേട്ടക്ക് നേതൃത്വം നൽകുന്ന സംഘപരിവാറും ബി.ജെ.പി ഭരണകൂടവും ദേശീയ ചലച്ചിത്ര പുരസ്കാരത്തെയും രാഷ്ട്രീയവത്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അപരവിദ്വേഷം വളർത്തുന്ന 'കേരള സ്റ്റോറി'ക്ക് ദേശീയ അവാർഡ് കൊടുത്തതിന് പിന്നിൽ സംഘപരിവാറിന്റെ ഗൂഢതന്ത്രമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രൊപ്പഗാണ്ടകളും നുണകളുമാണ് ഇവരുടെ കൈമുതൽ. കേരളത്തെ മോശമായി ചിത്രീകരിച്ച 'കേരള സ്റ്റോറി' എന്ന പ്രൊപ്പഗാണ്ട സിനിമയ്ക്ക് ദേശീയ അവാർഡ് നൽകി കേന്ദ്രസർക്കാർ കേരളത്തെ പിന്നെയും അപമാനിക്കാൻ ശ്രമിക്കുകയാണ്‌. ഇത്തരം അപരവിദ്വേഷം വളർത്തുന്ന സിനിമകളെ പ്രോത്സാഹിപ്പിച്ച്, കലയിൽ പോലും വർഗീയ വിഷം കുത്തിവെച്ച് എന്ത് സന്ദേശമാണ് കേന്ദ്രസർക്കാർ ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.

മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ദ കേരള സ്റ്റോറി സംവിധാനം ചെയ്ത സുധീപ്തോ സെന്നിന്. എമ്മാതിരി ജൂറി എന്നാണ് അഭിനേതാവും അഭിഭാഷകനുമായ സി. ഷുക്കൂര്‍ എഴുതിയത്.

Tags:    
News Summary - Chief Minister against Kerala Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.