കോട്ടയം: കന്യാസ്ത്രീകളെ തടഞ്ഞുവെക്കുകയും പരസ്യവിചാരണ നടത്തി ആക്രമിക്കുകയും ചെയ്ത തീവ്രമതവാദികൾക്കെതിരെ കേസെടുക്കാൻ ഛത്തീസ്ഗഢ് സർക്കാർ തയാറാകണമെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. ഒമ്പതുദിവസത്തെ അന്യായ തടങ്കലിന് ശേഷം കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ആശ്വാസകരമാണ്.
ജാമ്യം എന്നത് കേസിലെ സ്വാഭാവിക നടപടി മാത്രമാണ്. കള്ളക്കേസ് റദ്ദാക്കുകയാണ് വേണ്ടത്. അപ്പോൾ മാത്രമേ കന്യാസ്ത്രീകൾക്ക് നീതി ലഭിക്കൂ. അല്ലാത്തപക്ഷം മതസ്വാതന്ത്ര്യത്തെയും പൗരസ്വാതന്ത്ര്യത്തെയും വിചാരണ ചെയ്യാൻ അവർ വീണ്ടും രംഗത്തിറങ്ങും. ചെയ്യാത്ത കുറ്റത്തിനാണ് ക്രിസ്തുവിനെയും ക്രൂശിച്ചത്. ന്യായവിസ്താര സമയത്ത് ‘‘അവനെ ക്രൂശിക്ക.. ക്രൂശിക്ക’’ എന്ന് ആർത്തട്ടഹസിച്ച കൂട്ടർക്ക് തുല്യരായവർ ഇപ്പോഴും സ്വതന്ത്രരായി പുറത്തു നിൽക്കുകയാണെന്നും ബാവ പറഞ്ഞു.
കോട്ടയം: കന്യാസ്ത്രീകളുടെ ജയിൽ ജീവിതം അവസാനിച്ചു എന്ന് കേൾക്കുന്നത് ആശ്വാസകരവും സന്തോഷകരവുമാണെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും മലങ്കര ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത. ദൈവത്തിന്റെ മാലാഖമാർ എന്നറിപ്പെടുന്ന കന്യാസ്ത്രീകൾ കഴിഞ്ഞ ഒമ്പതു ദിവസമായി ഏറ്റുവാങ്ങിയ ദുരിതം ചെറുതല്ല. അതിക്രമവും അറസ്റ്റും സമൂഹത്തിന് മുഴുവൻ വേദനയുണ്ടാക്കി.
കേരളം ഒന്നടങ്കം ഇതിനെതിരെ പ്രതികരിച്ചു. ഇതിന് മുമ്പും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇനിയെത്ര നടക്കാനിരിക്കുന്നു എന്ന ഭയം ന്യൂനപക്ഷങ്ങൾക്കും ക്രൈസ്തവസമൂഹത്തിനുമുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.