sanumash home
‘‘ഇവർ എനിക്കു ശിഷ്യരല്ല, മറിച്ച് ഇവരിൽനിന്നാണ് ഞാൻ പഠിച്ചത്. അങ്ങനെ ഇവർ എനിക്ക് ഗുരുനാഥന്മാർ തന്നെയാണ്.’’ -പ്രശസ്തരും അപ്രശസ്തരും വിജയിച്ചവരും പരാജയപ്പെട്ടവരുമെല്ലാം അടങ്ങുന്ന ആയിരങ്ങൾക്ക് ഗുരുവായിരുന്ന സാനു മാഷ് പറഞ്ഞതാണിത്.
തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽനിന്ന് ഇൻറർമീഡിയറ്റ് ജയിച്ച് 1947ൽ 19ാം വയസ്സിലാണ് ആലപ്പുഴ വളഞ്ഞവഴി യു.പി സ്കൂളിൽ അധ്യാപകനായി ജോലി ആരംഭിക്കുന്നത്. പതിറ്റാണ്ടുകൾ നീണ്ട അധ്യാപന, സാഹിത്യ, പ്രഭാഷണ ജീവിതത്തിലെ ഒരിടത്താവളം മാത്രമായിരുന്നു 19ാം വയസ്സിലെ ആ ജോലി. അതിനുശേഷം വീണ്ടും പഠിച്ചു, വീണ്ടും അധ്യാപകനായി.
‘‘ നാടകസാഹിത്യം പഠിപ്പിക്കുമ്പോള് മാഷ് ഇറ്റാലിയൻ നാടകക്കാരൻ ലൂയി പിരാന്തലോയെ പറ്റി സാന്ദർഭികമായി പറഞ്ഞു. ഈ പേര് കേട്ട് ക്ലാസിലെ ഭൂരിഭാഗം പേരും പൊട്ടിച്ചിരിച്ചു. അതോടെ, അന്നത്തെ പ്രധാന വിഷയം വിട്ട് പിരാന്തലോയെ പറ്റി സ്വയം മറന്നുള്ള മാഷുടെ ക്ലാസ് ഇന്നും മറന്നിട്ടില്ല’’- എറണാകുളം മഹാരാജാസ് കോളജിൽ സാനുമാഷിന്റെ ശിഷ്യനായിരുന്ന മഹാനടൻ മമ്മൂട്ടി ഒരിക്കൽ പറഞ്ഞു.
പഠിപ്പിച്ചവരിൽ പ്രശസ്തർ ഒട്ടേറെയുണ്ട്. എന്നാൽ, ജീവിതത്തിൽ പരാജയപ്പെട്ടവരുമുണ്ട്. പ്രതീക്ഷിച്ച ഉയരങ്ങളിലെത്താതെപോയവരും ഉണ്ട്. ഇവർക്കെല്ലാം പക്ഷേ, സാനുമാഷ് ഒരുപോലെ പ്രിയ ഗുരുവാണ്. സാധാരണക്കാരായ ഒട്ടേറെ ശിഷ്യന്മാർ മാഷുമായി കാലങ്ങളോളം ആത്മബന്ധം പുലർത്തിയിരുന്നു. അവർ തങ്ങളുടെ ആത്മസംഘർഷങ്ങളും ആഹ്ലാദങ്ങളുമെല്ലാം അദ്ദേഹവുമായി പങ്കുവെച്ചു.
‘എന്തുകൊണ്ട് അധ്യാപകനായി’ എന്ന ചോദ്യത്തിന്, ‘ജീവിതച്ചെലവിന് പണമുണ്ടാക്കാൻ മറ്റൊരു വഴിയും അറിയില്ല, പഠിച്ചിട്ടുമില്ല’ എന്നായിരുന്നു സാനുമാഷ് മറുപടി പറഞ്ഞത്. പിന്നെ ഈ പണി അദ്ദേഹത്തിന്റെ ജീവിതസപര്യയായി മാറി. ആറാംതരത്തിൽ പഠിക്കുമ്പോൾ പിതാവ് മരിച്ചതോടെ, അമ്മയും മകനും മാത്രമായ ആ കുടുംബത്തിൽ ദാരിദ്ര്യവും വന്നുകയറി. വല്യച്ഛന്റെ സഹായത്തോടെയാണ് ഇൻറർ മീഡിയറ്റ് പഠിച്ചത്. വളഞ്ഞവഴി യു.പി സ്കൂളിലെ ഏതാനും നാളത്തെ അധ്യാപനത്തിനുശേഷം ആലപ്പുഴ എസ്.ഡി കോളജിൽ സുവോളജി ബിരുദത്തിന് ചേർന്നു. ബിരുദം നേടി 1950ൽ നെയ്യാറ്റിൻകരക്കടുത്ത് നെല്ലിമൂട് ഹൈസ്കൂളിൽ സയൻസ് അധ്യാപകനായി. മാസം 60 രൂപയായിരുന്നു ശമ്പളം. രാത്രിയിൽ ‘നാഷനൽ ട്യൂട്ടോറിയലി’ൽ പഠിപ്പിക്കുന്നതിലൂടെ 40 രൂപയും കൂടി കിട്ടിയതോടെ കഷ്ടിച്ച് കഴിഞ്ഞുകൂടാവുന്ന അവസ്ഥ എത്തി. കുറച്ചു വർഷങ്ങൾക്കുശേഷം ആലപ്പുഴ എസ്.ഡി.വി സ്കൂൾ ഹെഡ്മാസ്റ്റർ വി.എസ്. താണു അയ്യർ, സാനുവിെൻറ വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോയി സ്കൂളിൽ ചേർത്തു. അങ്ങനെയാണ് നാട്ടിലെ സ്കൂളിലെത്തിയത്. ഒരു കൊല്ലത്തിനുശേഷം വീണ്ടും പഠിക്കാനുള്ള ആഗ്രഹത്തോടെ ഒന്നുകൂടി യൂനിവേഴ്സിറ്റി കോളജിൽ. സുവോളജിയിൽ നിന്ന് മാറി, മലയാളം എം.എക്കാണ് ചേർന്നത്. എം.എ മലയാളം ജയിച്ച് 1955ൽ 140 രൂപ ശമ്പളത്തിൽ കൊല്ലം എസ്.എൻ കോളജിൽ െലക്ചററായി. ഒന്നരവർഷം കഴിഞ്ഞ് സർക്കാർ സർവിസിൽ എറണാകുളം മഹാരാജാസിൽ െലക്ചററായി ജോലി ലഭിച്ചു.
സാഹിത്യത്തിന്റെയും ജീവിതത്തിന്റെ തന്നെയും ഉള്ളറകളിൽ ഇറങ്ങിച്ചെല്ലുന്ന ക്ലാസുകൾക്ക് മഹാരാജാസിൽ ആരാധകർ ഏറെയായിരുന്നു. ഗുരുശിഷ്യ ബന്ധത്തിന്റെ ഔപചാരികതകൾക്കപ്പുറമുള്ള ആത്മബന്ധമായിരുന്നു സാനുമാഷും വിദ്യാർഥികളും തമ്മിലുണ്ടായിരുന്നത്. ഓരോ വിദ്യാർഥിെയയും വ്യക്തിപരമായി തിരിച്ചറിയാൻ ശ്രമിക്കുമെന്നതായിരിക്കാം ഈ ആത്മബന്ധത്തിന് കാരണമായതെന്ന് മാഷ് ഒരിക്കൽ പറയുകയുണ്ടായി.
‘‘വ്യക്തിപരമായ ദുഃഖങ്ങളും പ്രശ്നങ്ങളും പങ്കുവെക്കാൻ കുട്ടികൾ തയാറായിരുന്നു. ഒരിക്കൽ ഒന്നു രണ്ടു കുട്ടികൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടായപ്പോൾ രക്ഷിതാക്കൾ എന്നെത്തേടി വന്നു. ആരു പറഞ്ഞിട്ടും അനുസരിക്കാതെനിന്ന ആ കുട്ടികൾ ഒടുവിൽ എെൻറ വാക്കുകൾ അനുസരിച്ചു.’’ - മാഷ് പറഞ്ഞു.
സാനു മാഷിന്റെ ശിഷ്യരെന്നു പറയുന്നത് അക്കാലത്ത് മഹാരാജാസിൽ പഠിച്ചവർക്ക് അഭിമാനമായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസിലിരുന്നു പഠിച്ചവർ മാത്രമല്ല, അക്കാലത്ത് കോളജിലുണ്ടായിരുന്നവരിൽ പലരും അങ്ങനെയാണ് പറഞ്ഞിരുന്നത്. അതിനു കാരണവുമുണ്ടായിരുന്നു. ഏതെങ്കിലും പരിപാടികളുടെ ഭാഗമായി അദ്ദേഹത്തിെൻറ ക്ലാസുകളോ പ്രഭാഷണമോ കേൾക്കാത്തവർ ആരുമുണ്ടായിരുന്നില്ല അവിടെ. മറ്റു ക്ലാസുകളിലെ വിദ്യാർഥികൾ മാഷിെൻറ മലയാളം ക്ലാസിൽ വന്നിരുന്ന് ലെക്ചർ കേൾക്കുന്നത് അക്കാലത്ത് മഹാരാജാസിൽ പതിവായിരുന്നു.
ഒരിക്കൽ പ്രിയ ഗുരുനാഥന് കൊച്ചി പൗരാവലി നൽകിയ ആദരവിൽ ടൗൺഹാൾ നിറഞ്ഞുകവിഞ്ഞ ജനാവലി ഈ ജനപ്രിയത വിളിച്ചോതി. മഹാരാജാസിൽനിന്ന് ഇറങ്ങിയശേഷം ശിഷ്യർ സംഘടിപ്പിച്ച എത്രയോ ആദരിക്കൽ ചടങ്ങുകളുണ്ടായി.
ജീവിതത്തിൽ ഏറ്റവും പ്രിയങ്കരമായതെന്നും ചെയ്യാനറിയുന്ന ഏക തൊഴിലെന്നും അധ്യാപനത്തെ സ്വയം വിശേഷിപ്പിച്ചിരുന്ന അദ്ദേഹം ആ ജോലി സ്വയം അവസാനിപ്പിക്കുകയായിരുന്നെന്നത് അൽപം വിചിത്രമായിരുന്നു. വിരമിക്കലിന് ഏതാനും നാൾകൂടി ബാക്കിനിൽക്കെ, അദ്ദേഹം വളന്ററി റിട്ടയർമെൻറ് സ്വീകരിക്കുകയായിരുന്നു. അതിനൊരു കാരണവുമുണ്ടായിരുന്നു. വിരമിക്കാൻ കുറച്ചുകാലം ബാക്കിനിൽക്കെ, മൂന്നു മാസങ്ങൾക്കുള്ളിൽ മൂന്നു സ്ഥലംമാറ്റ ഉത്തരവുകൾ കിട്ടിയതോടെയാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. തെൻറ ആത്മാഭിമാനത്തെ മുറിവേൽപിക്കാൻ അന്നത്തെ സർക്കാർ തുനിഞ്ഞിറങ്ങിയെന്ന് ബോധ്യപ്പെട്ടതോടെയാണ് മറ്റാർക്കുമില്ലാത്ത ശിഷ്യസമ്പത്തിനുടമയായ സാനുമാഷ് 1982ൽ സ്വയം വിരമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.