ന്യൂഡൽഹി: കേരളത്തെ മോശമായി ചിത്രീകരിക്കുന്ന ‘ദ കേരള സ്റ്റോറി’ നിർമിച്ചത് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നടത്തിയ പ്രസ്താവനകളെ അടിസ്ഥാനമാക്കിയാണെന്ന് സംവിധായകൻ സുദീപ്തോ സെൻ. കേരളം ഐ.എസ്.ഐ.എസ് സംസ്ഥാനമാകാൻ പോകുന്നുവെന്ന വി.എസിന്റെ പ്രസ്താവനക്കെതിരെ വിമർശനം ഉണ്ടായപ്പോൾ അന്ന് പിണറായി വിജയൻ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തുവന്നുവെന്നും എൻ.ഡി.ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ സുദീപ്തോ സെൻ പറഞ്ഞു.
കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളിൽ പടുത്ത ‘ദ കേരള സ്റ്റോറി’ക്ക് ദേശീയ പുരസ്കാരം സമ്മാനിച്ചതിലൂടെ ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് ജൂറി അവഹേളിച്ചതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സംവിധായകൻ.
12 വർഷം കഠിനാധ്വാനം ചെയ്ത് ഇറക്കിയ സിനിമയാണിത്. സിനിമയിൽ പറയുന്ന ഓരോ വാക്കിലും, കാണിക്കുന്ന ഓരോ ദൃശ്യത്തിലും ഉറച്ചുനിൽക്കുന്നു. വി.എസ്. ‘കേരളം ഐ.എസ്.ഐ.എസിന്റെ വഴിക്ക് പോകുന്നു’, ‘കേരളം ഒരു ഇസ്ലാമിക രാഷ്ട്രമായി മാറും’ എന്നീ പ്രസ്താവനകൾ അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മിച്ചതില്‍ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം നടത്തിയ പ്രസ്താവന നമുക്ക് മുന്നിലുണ്ട്. വി.എസ് പലയിടത്തുനിന്നും വിമർശനങ്ങൾ നേരിടേണ്ടിവന്നപ്പോൾ പിണറായി വിജയൻ അദ്ദേഹത്തെ പിന്തുണച്ചു. സ്വന്തം നിലനിൽപിന് വേണ്ടി രാഷ്ട്രീയക്കാർ എപ്പോൾ എന്ത് പറയുമെന്ന് നമുക്കറിയില്ലെന്നും പിണറായിയുടെ വിമർശനത്തിന് മറുപടിയായി സംവിധായകൻ പറഞ്ഞു. മികച്ച സംവിധാനം, മികച്ച ഛായാഗ്രഹണം എന്നീ പുരസ്കാരങ്ങളാണ് ‘ദ കേരള സ്റ്റോറി’യെ തേടിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.