അബദ്ധം പറ്റി; ഹാരിസ് ചിറക്കലിനെ കഫീൽ ഖാനോട് ഉപമിച്ച പോസ്റ്റ് തിരുത്തി വി. മുരളീധരൻ

തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കലിനെ യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ പിരിച്ചുവിട്ട ഡോ. കഫീൽ ഖാനോട് ഉപമിച്ച പോസ്റ്റ് തിരുത്തി വി. മുരളീധരൻ. പോസ്റ്റിലെ അബദ്ധം തിരിച്ചറിഞ്ഞാണ് മുരളീധരൻ പിന്നീടത് മാറ്റിയത്. പോസ്റ്റിനെ താഴെ ബി.ജെ.പി നേതാവിനെ കളിയാക്കി നിരവധി പേരാണ് രംഗത്തുവന്നത്. യു.പി ഭരിക്കുന്ന ബി.ജെ.പി ​സർക്കാറിനെ കേരളത്തിലെ ബി.ജെ.പി നേതാവ് ട്രോളുന്നു എന്ന രീതിയിലുള്ള പരിഹാസങ്ങൾ പോസ്റ്റിനു താഴെ നിറഞ്ഞതോടെയാണ് മുരളീധരൻ പോസ്റ്റ് ഒഴിവാക്കിയത്.

കേരളത്തിലെ കഫീല്‍ ഖാനെ കള്ളക്കേസില്‍ ജയിലില്‍ അടയ്ക്കാനാണ് പിണറായിയുടെ നീക്കം. കേരള സ്റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതില്‍ ആശങ്കപ്പെടുന്ന മുഖ്യമന്ത്രിക്ക് ഇത്രയേറെ മനുഷ്യരുടെ ജീവന്‍രക്ഷിച്ച ഡോക്ടറെക്കുറിച്ച് ഒരു കരുതലുമില്ലേ എന്നാണ് ചോദിക്കാനുള്ളത്.' എന്നായിരുന്നു ആദ്യം വി മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

 

ആത്മവിമർശനമാണോ ഇതെന്ന തരത്തിലും പരിഹാസ കമന്റുകൾ വന്നു. തുടർന്ന് 'ഡോ. ഹാരിസ് ചിറക്കലിനെ കള്ളക്കേസില്‍ ജയിലില്‍ അടയ്ക്കാനാണ് പിണറായിയുടെ നീക്കം. കേരള സ്റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതില്‍ ആശങ്കപ്പെടുന്ന മുഖ്യമന്ത്രിക്ക് ഇത്രയേറെ മനുഷ്യരുടെ ജീവന്‍രക്ഷിച്ച ഡോക്ടറെക്കുറിച്ച് ഒരു കരുതലുമില്ലേ എന്നാണ് ചോദിക്കാനുള്ളത്.' എന്ന് പോസ്റ്റ് തിരുത്തുകയായിരുന്നു വി. മുരളീധരൻ.

 

2017ല്‍ ബി.ആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ കിട്ടാതെ 63 നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ കുറ്റം ചുമത്തി അദ്ദേഹത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിടുകയായിരുന്നു. അതേ ആശുപത്രിയിലെ ശിശു രോഗ വിദഗ്ധനായിരുന്നു കഫീൽ ഖാൻ.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദുരവസ്ഥ തുറന്നുപറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന് കാരണം കാണിക്കല്‍ നോട്ടിസ് നൽകിയതിനെ കുറിച്ചായിരുന്നു വി. മുരളീധരന്റെ പ്രതികരണം. പരസ്യ പ്രതികരണം നടത്തിയത് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറാണ് (ഡി.എം.ഇ) കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. ഉപകരണക്ഷാമം സംബന്ധിച്ച് ഹാരിസ് സമൂഹമാധ്യമത്തില്‍ നടത്തിയ വെളിപ്പെടുത്തല്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ഡോക്ടര്‍ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെന്നും നടപടി വേണ്ടെന്നുമാണ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ നീക്കത്തിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ മെല്ലെപ്പോക്കും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹാരിസിനെതിരെ നടപടി ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെ കേരള സമൂഹത്തെ അപമാനിക്കുന്ന സിനിമക്ക് ദേശീയ പുരസ്കാരം നൽകിയത് അംഗീകരിക്കാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

Tags:    
News Summary - Pinarayi's move to jail Kafeel Khan in Kerala on false charges syas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.