തിരുവനന്തപുരം: വിമര്‍ശനത്തിന്റെ കാറ്റും വെളിച്ചവും മലയാള സാഹിത്യത്തിലേക്ക് കടത്തി വിട്ട അതുല്യ പ്രതിഭയായിരുന്നു പ്രഫ. എം.കെ. സാവു മാഷെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. സാഹിത്യ വിമര്‍ശകന്‍, ജീവചരിത്രകാരന്‍, പ്രഭാഷകന്‍, കടലോളം ശിഷ്യസമ്പത്തുള്ള അധ്യാപകന്‍ ഇതൊക്കെയാണ് സാനു മാഷ്. സാഹിത്യ വിമര്‍ശനത്തിനു പിന്നാലെ മലയാള സാഹിത്യത്തിലെ ജീവചരിത്രശാഖയിലും അദ്ദേഹം സ്വയം അടയാളപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'ചങ്ങമ്പുഴ കൃഷ്ണപിള്ള; നക്ഷത്രങ്ങളുടെ സ്നേഹഭാജനം' മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ജീവചരിത്ര പുസ്തകമാണെന്ന് നിസംശയം പറയാം. ബഷീറിന്റെയും പി.കെ. ബാലകൃഷ്ണന്റെയും ജീവചരിത്രവും സാനു മാഷിന്റെ വാക്കുകളിലൂടെ മലയാളികള്‍ അറിഞ്ഞു. എഴുത്തിന്റെ സൗമ്യ ദീപ്തി തുടിക്കുന്നതായിരുന്നു സാനു മാഷിന്റെ ഓരോ വരികളും. ജീവചരിത്ര രചനകള്‍ക്കു പിന്നാലെ ആത്മകഥയിലും വ്യത്യസ്തത പുലര്‍ത്തി.
സാനു മാഷ് എനിക്ക് ഗുരു തുല്യനായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാഷകനും അദ്ദേഹമായിരുന്നു. സാഹിത്യവും രാഷ്ട്രീയവുമൊക്കെ ഞങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യം ആവോളം ആസ്വദിച്ചിട്ടുണ്ട്. വ്യക്തിപരമായി വേദനാജനകമായ വിയോഗമാണിത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് അനുശോചിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സാനുവിന്റെ അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ന്യൂമോണിയ, പ്രമേഹം എന്നിവയും അലട്ടിയിരുന്നു. കഴിഞ്ഞ മാസം 25നാണ് വീട്ടിൽ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റത്.
തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ ശ്വാസതടസ്സമുണ്ടായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു. ഇന്ന് വൈകീട്ട് 5.35ഓടെയായിരുന്നു പ്രഫ. സാനുവിന്റെ വിയോഗം. കേരള സാഹിത്യത്തിലെ കാരണവരാണ് വിടപറഞ്ഞിരിക്കുന്നത്.
1928 ഒക്ടോബർ 27ന് ആലപ്പുഴയിലെ തുമ്പോളിയിലാണ് ജനിച്ചത്. എം.സി. കേശവനും കെ.പി. ഭവാനിയുമാണ് മാതാപിതാക്കൾ. സമ്പന്ന കൂട്ടുകുടുംബത്തിൽ ജനിച്ച എം.കെ.സാനു അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിന്റെ കയ്പുനീരറിഞ്ഞു. വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നിരവധി കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.